
വർക് ഫ്രം ഹോം രീതിക്ക് ഏറ്റവുമധികം പ്രചാരം ലഭിച്ച നാളുകളാണ് കടന്നുപോയത്. വീട്ടിനുള്ളിൽ ഒരു ഓഫീസ് ഇടം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുകയായിരുന്നു പോയ ദിനങ്ങൾ. വീട്ടിൽ ഒഴിഞ്ഞുകിടക്കുന്നയിടം ഓഫീസ് മുറിയായി ഉപയോഗിക്കാതെ അതിലൽപം ക്രിയേറ്റിവിറ്റി കൂടി കൊണ്ടുവന്നാൽ ജോലി സമ്മർദത്തെയെല്ലാം കാറ്റിൽ പറത്താം. വീട്ടിൽ ഓഫീസ് മുറിയൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.
1 . ഓഫീസ് മുറിക്കായുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിലെ മറ്റു തിരക്കുകൾ ബാധിക്കാത്ത ഇടത്തായിരിക്കണം ഔദോഗിക മുറി ഒരുക്കേണ്ടതുണ്ട്. വണ്ടികളുടെയും മറ്റു ബഹളം മൂലം ശ്രദ്ധ തിരിയുന്ന ഇടവുമാകരുത്. സുഖകരമായി ജോലി ചെയ്യാൻ കഴിയുംവിധത്തിലായിരിക്കണം ഫർണിച്ചറും തിരഞ്ഞെടുക്കേണ്ടത്. കാഴ്ചയിലെ ഭംഗിക്കൊപ്പം ഏറെ നേരം ഇരുന്നു ജോലി ചെയ്യാൻ സുഖപ്രദവുമായിരിക്കണം ഫർണിച്ചർ.
2 . ഓഫീസ് അകത്തളം ഔദ്യോഗിക കൃത്യങ്ങൾക്കുള്ള ഇടമാണെന്നു കരുതി ഒരുക്കങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. കലാപരമായ ഡിസൈനുകൾ നിറച്ച് വ്യത്യസ്തത നൽകാം. ചുമരിൽ ഒരു വലിയ പെയിന്റിങ് തൂക്കുന്നതു തന്നെ മുറിക്ക് മാറ്റം നൽകും. കാഴ്ചയിൽ സന്തോഷം പകരുന്ന നിറങ്ങളും ഡിസൈനുകളുമാവാൻ ശ്രദ്ധിക്കണം. നിറങ്ങൾക്ക് മാനസികാവസ്ഥയെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. ഒപ്പം പ്രചോദനാത്മകമായ ഉദ്ധരണികൾ ചുമരിൽ തൂക്കിയിടാം.
3 . ഓഫീസ് മുറിയിലേക്ക് വേണ്ട ആക്സസറികൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. സാധാരണ ഓഫീസ് ഇടങ്ങളിൽ കണ്ടുവരുന്ന പെൻസിൽ ഹോൾഡറിന് പകരം മനോഹരമായ ഒരു കപ്പ് ആയിടത്തു വെക്കാം. വേസ്റ്റ് ബാസ്കറ്റ് സ്ഥിരം കാഴ്ചയിൽ നിന്നു വിട്ടുപിടിച്ച് വ്യത്യസ്തമായവ തിരഞ്ഞെടുക്കാം. വിവിധ നിറത്തിലും ഡിസൈനിലുമുള്ള ട്രെൻഡി വേസ്റ്റ് ബാസ്കറ്റുകൾ ഇന്ന് ലഭ്യമാണ്. സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നവരുടെ ചിത്രങ്ങളും മേശയിൽ വെക്കുന്നത് നല്ലതാണ്.
4 . ഓഫീസ് ഇടത്തിൽ പരമാവധി വെളിച്ചമുണ്ടാകാനും ശ്രദ്ധിക്കണം. സ്വാഭാവിക വെളിച്ചം അകത്തേക്കും കടക്കും വിധത്തിൽ ജനലുകളും വാതിലുകളുമുള്ള ഇടത്താക്കാം ഓഫീസ്. ഏറെനേരം കമ്പ്യൂട്ടർ സ്ക്രീനിലേക്കും പുസ്തകങ്ങളിലേക്കും നോക്കിയിരിക്കുമ്പോഴുണ്ടാകുന്ന തലവേദനയും അസ്വസ്ഥതയും കുറയ്ക്കാൻ ഇത് സഹായിക്കും. ഓഫീസ് മുറിയിലെ കർട്ടനുകളും മറ്റും ഇരുണ്ടതാവാതിരിക്കാനും ശ്രദ്ധിക്കാം. എത്രത്തോളം വെളിച്ചം ലഭിക്കുവോ അത്രത്തോളം പോസിറ്റിവിറ്റിയും തോന്നും.
5 . വീടിനു പുറത്തെയെന്നപോലെ അകത്തും ചെടികൾ വളർത്തുന്നത് ഇന്ന് സാധാരണമാണ്. ഓഫീസ് മുറിയൊരുക്കുമ്പോഴും ചെടികളെ കൂടെ കൂട്ടിക്കോളൂ. മേശയുടെ വശത്തായോ ജനലിനോടു ചേർന്നോ ചുമരിലോ ഒക്കെ മണിപ്ലാന്റുകൾ വച്ചുപിടിപ്പിക്കാം. അധികം വെള്ളവും വെളിച്ചവും വേണ്ടാത്ത ഇവ പെട്ടെന്നു വളരുകയും ചെയ്യും. ഇടയ്ക്ക് ഓഫീസ് തിരക്കുകൾക്ക് ഇടവേള നൽകി ചെടികളെ നനയ്ക്കുകയും പരിപാലിക്കുകയുമൊക്കെ ചെയ്യുന്നത് സമ്മർദമകറ്റും.
Be the first to comment