
ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ, ഒരു ഇടുങ്ങിയ സ്ഥലത്ത് ചിരിച്ചുകൊണ്ട് നിൽക്കുന്ന യുവതിയുടെ വീഡിയോ ആയിരുന്നു ഈ ദിവസങ്ങളിലെ ചർച്ചാ വിഷയം. ബുർജ് ഖലീഫയുടെ മുകളിൽ കയറി നിൽക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇത് യഥാർത്ഥ്യമാണോ അതോ എഡിറ്റിങ് ആണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. ഇത് എഡിറ്റിങ് അല്ല, ശരിക്കും ചിത്രീകരിച്ച വിഡിയോ തന്നെയാണ് എന്ന് വെളിപ്പെടുത്തുകയാണ് വിമാനക്കമ്പനിയായ എമിറേറ്റ്സ്.
നിക്കോൾ സ്മിത്ത് ലുഡ്വിക്ക് എന്ന ഫ്ളൈറ്റ് അറ്റൻഡന്റ് ആണ് വീഡിയോയിൽ കാണുന്ന ആ ധീര യുവതി. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിക്കോൾ കുറിക്കുന്നുണ്ട്. ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും അത്ഭുതകരവും ആവേശകരവുമായ അനുഭവമായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണം എന്നും നിക്കോൾ പറയുന്നു. വീഡിയോ നിർമിച്ച പ്രൈം പ്രൊഡക്ഷൻസ് എഎംജി കമ്പനി ‘ലോകത്തെ ഏറ്റവും ധീരയായ സ്ത്രീ’ എന്നാണു നിക്കോളിനെ വിശേഷിപ്പിച്ചത്.
പ്രത്യേക ഇഫക്റ്റുകളൊന്നുമില്ലാതെയാണ് പരസ്യം ചിത്രീകരിച്ചത്. എന്നാൽ, ദിവസങ്ങൾ നീണ്ട ആസൂത്രണവും പരിശീലന പരിപാടികളും പരിശോധനയുമെല്ലാമുണ്ടായിരുന്നു ഇതിനു പിന്നിൽ. അങ്ങേയറ്റം അപകടകരമായ ഷൂട്ട് ആയതിനാൽ സുരക്ഷാ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു ഷൂട്ടിങ്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ, 828 മീറ്റർ ഉയരത്തിൽ വെറും 1.2 മീറ്റർ മാത്രം ചുറ്റളവ് ഉള്ള ഏരിയയിലായിരുന്നു നിക്കോൾ നിന്നത്. ഇതിനായി പ്രത്യേകം പ്ലാറ്റ്ഫോം നിർമിച്ചിരുന്നു. കൂടാതെ യൂണിഫോമിനടിയിലൂടെ ദേഹത്ത് ഘടിപ്പിച്ച സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നു.കോവിഡുമായി ബന്ധപ്പെട്ട് യുഎഇ, യുകെയുടെ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറിയത് ആഘോഷിക്കാനായിരുന്നു ഈ വിഡിയോ അവർ തയ്യാറാക്കിയത്. ‘ഇത് തങ്ങളെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നു’ എന്നു പോസ്റ്ററിൽ പറയുന്നുണ്ട്.
Be the first to comment