
എന്താണ് എല്ലുകളിലെ തേയ്മാനം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ നമ്മളിൽ പലർക്കും ഉണ്ടാകാറില്ല. എന്നാൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, കാരണം പ്രായം കൂടും തോറും എല്ലുകളിലെ തേയ്മാന സാധ്യത കൂടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഭാരം താങ്ങിനിർത്തുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എല്ലുകളും പേശികളുമാണ്. ചെറുപ്പത്തിൽ പേശികൾക്കുള്ള ബലം കാലക്രമേണ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രായമാകുംതോറും പേശികൾ അയയുകയും ചെയ്യുന്നു. നമ്മുടെ ശരീരഭാരത്തെ താങ്ങുന്ന കാലുകളിലാണ് തേയ്മാനത്തിന്റെ ലക്ഷണങ്ങൾ ഏറെ കാണുന്നത്. ഏറെസമയം നിന്ന് ജോലിചെയ്യേണ്ടിവരിക, ഭക്ഷണക്രമത്തിലെ മാറ്റം, അമിത ശരീരഭാരം, ഹോർമോൺ വ്യതിയാനത്തിന്റെ ഭാഗമായുള്ള അസ്ഥിബലം കുറയൽ, ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ ഇവയെല്ലാം മുട്ടുവേദനയും നടുവേദനയും കൂടാൻ കാരണമാകുന്നു.രണ്ട് അസ്ഥികൾ കൂടിച്ചേരുന്ന ഭാഗത്തിനാണ് ‘സന്ധി’ എന്നു പറയുന്നത്. അസ്ഥികളുടെ അഗ്രഭാഗങ്ങളെ ‘തരുണാസ്ഥി’ (cartilage) കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. തരുണാസ്ഥി എന്നത് അസ്ഥികളുടെ ഇടയിൽ മെത്തപോലെ, അല്ലെങ്കിൽ കുഷ്യൻ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇലാസ്റ്റിക് സ്വഭാവമുള്ള തരുണാസ്ഥി, അസ്ഥിയിലുണ്ടാകുന്ന മർദത്തെ ഒരു ഷോക്ക് അബ്സോർബർ പോലെ പിടിച്ചെടുക്കുകയും അസ്ഥികളിലുടനീളം തുല്യമായ രീതിയിൽ മർദത്തിന്റെ ഫലം പരത്തുകയും ചെയ്യുന്നു. തരുണാസ്ഥിയുടെ മിനുസവും തലയണ പോലെയുള്ളതുമായ പ്രവർത്തനം കാരണം അസ്ഥികൾ കൂട്ടിമുട്ടുന്നതും ഉരയുന്നതും തടയപ്പെടുന്നു. രണ്ട് എല്ലുകൾ തമ്മിൽ സാധാരണമായി അല്പം അകലമുണ്ടാകും. തേയ്മാനം ഉള്ളവരിൽ ഇത് രോഗാവസ്ഥയ്ക്കനുസരിച്ച് കുറഞ്ഞുവരും.
ശരീരഭാരം കുറയ്ക്കുന്നതും ശക്തമായ അസ്ഥികളെയും സന്ധികളെയും സഹായിക്കുന്ന ഭക്ഷണ-വ്യായാമ ശീലങ്ങൾ സ്വീകരിക്കുന്നതും സന്ധികളുടെ ആരോഗ്യത്തിലും ദീർഘായുസ്സിലും വലിയ സ്വാധീനം ചെലുത്തും. ഉദാഹരണത്തിന്, അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കുന്നതും ബന്ധിത ടിഷ്യു ശക്തിപ്പെടുത്തുന്നതും വീക്കം കുറയ്ക്കുന്നതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത്, പരിക്കുകൾ തടയാനും ദീർഘവും സജീവവുമായ ജീവിതത്തിനായി സന്ധികൾ സംരക്ഷിക്കാനും സഹായിക്കും.
സന്ധിവേദന കുറയ്ക്കുന്നതിന് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണ്. എല്ലാം ഒറ്റയടിക്ക് മാറ്റാൻ പ്രയാസമാണ്. അതിനാൽ, ജീവിതരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും ചില ഭക്ഷണങ്ങൾ ഭക്ഷ്യക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ് ആദ്യപടി.
Be the first to comment