കേരളത്തില്‍ നാല് മാസത്തിനിടെ 10 ബ്ലാക്ക് ഫംഗസ് മരണം

കേരളത്തില്‍ നാല് മാസത്തിനിടെ 10 ബ്ലാക്ക് ഫംഗസ് മരണം; അറിയാം രോഗലക്ഷണങ്ങള്‍…

സമയബന്ധിതമായി ചികിത്സ തേടിയില്ലെങ്കില്‍ പിന്നീട് അതത് അവയവങ്ങള്‍ നീക്കം ചെയ്യുക എന്നതല്ലാതെ മറ്റ് പരിഹാരങ്ങളില്ലാതെ വരാം. അത്തരത്തില്‍ മുമ്പ് ചില കേസുകളില്‍ രോഗികളുടെ കണ്ണ്, മൂക്ക്, താടിയെല്ല് തുടങ്ങിയ ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. അടുത്തിടെ പൊന്നാനി- താനൂര്‍ സ്വദേശികളുടെ കണ്ണുകള്‍ നീക്കം ചെയ്തിരുന്നു.

കൊവിഡ് മുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് ( Black Fungus ) ബാധയേറ്റ് കേരളത്തില്‍ ഒരു മരണം കൂടി. മലപ്പുറം വണ്ടൂര്‍ സ്വേദശി അഹമ്മദ് കുട്ടി എന്ന എഴുപത്തിയഞ്ചുകാരനാണ് കോഴിക്കോട് മെഡി. കോളേജില്‍ വച്ച് മരിച്ചത്. ഇതോടെ നാല് മാസത്തിനകം ബ്ലാക്ക് ഫംഗസ് ബാധ മൂലം മരിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പത്ത് ആയി.

നിലവില്‍ എറണാകുളത്ത് ഒരു കൊവിഡ് ബാധിതയ്ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. മറ്റ് ജില്ലകളിലോ ആശുപത്രികളിലോ സമാനമായ കേസുകളുള്ളതായി വിവരം ലഭിക്കുന്നില്ല.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ഭീഷണി ഉയര്‍ന്നുവരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും രോഗത്തെ കുറിച്ച് കാര്യമായ അവബോധമില്ലാതിരിക്കുന്നത് സമയത്തിന് ചികിത്സ തേടുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും തടസമായേക്കാം എന്നതിനാല്‍ തന്നെ ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്…

രാജ്യത്ത് ഏതാണ്ട് അമ്പതിനായിരത്തിലധികം പേര്‍ക്ക് ഇതിനോടകം ബ്ലാക്ക് ഫംഗസ് ബാധ ( Mucormycosis ) സ്ഥിരീകരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ അയ്യായിരത്തോളം പേര്‍ക്ക് രോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. കേരളത്തിലും നേരത്തെ സൂചിപ്പിച്ചത് പോലെ ബ്ലാക്ക് ഫംഗസ് മരണങ്ങളുണ്ടായി.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇവിടെ മാത്രം ആയിരത്തിലധികം പേര്‍ മരിച്ചതായും അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗുജറാത്തിലായിരുന്നു ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പല സംസ്ഥാനങ്ങളും ഇതിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. എന്നാലിത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്ന് വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ആശുപത്രികളിലെയോ വീടുകളിലെയോ അന്തരീക്ഷത്തില്‍ നിന്ന് തന്നെയാണ് ഇത് രോഗിയിലേക്കെത്തുന്നതെന്നും ഇവര്‍ പറയുന്നു.

എന്താണ് ബ്ലാക്ക് ഫംഗസ്?

സാധാരണനിലയില്‍ തന്നെ മണ്ണിലും, ചീഞ്ഞ ഇലകള്‍, മരത്തടി പോലുള്ള ജൈവിക പദാര്‍ത്ഥങ്ങളിലുമെല്ലാം കാണപ്പെടുന്ന ഫംഗസ് ആണിത്. പ്രത്യേക സാഹചര്യത്തില്‍ ഇവ മനുഷ്യശരീരത്തിലേക്ക് കയറിപ്പറ്റുകയാണ്.

കൊവിഡ് 19ന്റെ വിഷമതകളെ പരിഹരിക്കാന്‍ നല്‍കിവരുന്ന സ്റ്റിറോയ്ഡുകളും ഒപ്പം തന്നെ രോഗിയുടെ പ്രതിരോധശേഷിയില്‍ വരുന്ന ബലക്ഷയവുമാണ് കൊവിഡാനന്തരം ബ്ലാക്ക് ഫംഗസ് പിടിപെടുന്നത് വ്യാപകമാകാനുള്ള പ്രധാന കാരണങ്ങളായി വിശദീകരിക്കപ്പെടുന്നത്.

പ്രമേഹരോഗികളിലും കാര്യമായി ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ശ്വാസകോശവുമായി ബന്ധപ്പെട്ട് നേരത്തേ രോഗങ്ങളുള്ളവരിലും ഈ ഫംഗസിന് എളുപ്പത്തില്‍ കയറിപ്പറ്റാമെന്നാണ് പറയപ്പെടുന്നത്. അധികവും പുരുഷന്മാരെയാണ് ബ്ലാക്ക് ഫംഗസ് ബാധ കടന്നുപിടിച്ചതായി കാണാന്‍ സാധിക്കുന്നത്. താരതമ്യേന സ്ത്രീകളില്‍ ഇത് കുറവായി കാണുന്നു. കൊവിഡ് ബാധയുടെ കാര്യത്തിലുള്ള വ്യതിയാനം തന്നെ ഇവിടെയും പ്രതിഫലിക്കുന്നതാകാം.

രോഗലക്ഷണങ്ങള്‍…

ആദ്യമേ സൂചിപ്പിച്ചത് പോലെ സമയത്തിന് ഇതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നത് പ്രധാനമാണ്. തുടര്‍ന്ന് ആവശ്യമായ ചികിത്സയും തേടണം. എന്നാല്‍ രോഗിയുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ നമുക്ക് സാധിച്ചേക്കാം. രാജ്യത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക ബ്ലാക്ക് ഫംഗസ് മരണങ്ങളും ചികിത്സയുടെ അഭാവം മൂലം സംഭവിച്ചതാണെന്നാണ് പറയപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*