
ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ എല്ലാ കേസുകളും ആരോഗ്യമന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും.
എല്ലാ സർക്കാർ-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോളേജുകളും മ്യൂക്കോർമൈക്കോസിസിന്റെ പരിശോധനയും മറ്റുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അയച്ച കത്തിൽ നിർദേശിക്കുന്നുണ്ട്.
മഹാരാഷ്ട്രയിൽ 1,500 പേർക്കാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 90 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങൾ ഇതിനോടകം ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ ഇതുവരെ ഒരു ബ്ലാക്ക് ഫംഗസ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനം ബ്ലാക്ക് ഫംഗസിനെ പബ്ലിക് ഹെൽത്ത് ആക്ടിനു കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ അഞ്ചു ജില്ലകളിലെ 13 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ടുചെയ്തത്. ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽനിന്നും കറുപ്പുനിറത്തിലുള്ള ദ്രവം പുറത്തുവരുക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.
Be the first to comment