ആടയാഭരണങ്ങളോ, ചമയങ്ങളോ അണിയാതെ സ്ട്രക്ചര്‍ മാത്രം പൂര്‍ത്തിയായ നിലയില്‍ കൊയ്യാലി പുഴയിലേക്ക് കണ്ണുംനട്ട് ഈ വീട് നില്ക്കുവാന് തുടങ്ങിയിട്ട് 10 വര്‍ഷമായി.
പണി പൂര്‍ത്തിയാകാത്തതിനാല്‍ ആള് താമസമില്ലാതെ നിര്‍ജ്ജീവമായി കിടക്കുകയായിരുന്ന വില്ലക്ക് ഈ അടുത്ത കാലത്താണ് നവജീവന്‍ പകര്‍ന്നത്.
കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബേക്കറി, റെസ്റ്റോറന്റ് ഗ്രൂപ്പായ എം ആര് എ (മണ്ണില്‍ ഫാമിലി )യുടെ സാരഥികളില്‍ ഒരാളായ ഗദ്ദാഫിയുടെയും തസ്ലീന ഗദ്ദാഫിയുടെയും ‘ദി വില്ലേ’ എന്ന ഈ വീടിനു നവജീവന്‍ പകര്‍ന്നിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ഷബാന നുഫേലും എഞ്ചിനീയര്‍ നുഫേല്‍ മൊയ്ദുവും (ഡി ഫോറം ആര്‍ക്കിടെക്റ്റ്സ്, മാഹി) ചേര്‍ന്നാണ്.
അകവും പുറവും മിനുക്കി
സ്ട്രക്ച്ചര്‍ പൂര്‍ത്തിയായ അവസ്ഥയില്‍ ആയിരുന്നു വില്ലെയുടെ നിജസ്ഥിതി എങ്കിലും, ഉള്ളില്‍ ചെയ്ത ഇന്റീരിയര്‍ വര്‍ക്കുകള്‍ ഒപ്പം പുറമെയും പല മിനുക്കു പണികളും രൂപപ്പെടുത്തലുകളും ആവശ്യമായി വന്നിട്ടുണ്ട്.
കാലാവസ്ഥയോടു ഇണങ്ങുന്ന ഓടുപാകിയ സ്ലോപ്പിങ്ങ് റൂഫുകളും ഗേബിളുകളും ഇരട്ടി ഉയരവും ചുമരിലെ ഗ്രൂവ് പാറ്റേണും പുറംകാഴ്ചയില്‍ ഒരു കൊളോണിയല്‍ സ്പര്‍ശം നല്‍കുന്നുണ്ട്.
തൂണുകളിലും ചുമരിന്റെ ഭാഗമായും മറ്റും നല്‍കിയിട്ടുള്ള ക്ലാഡിങ്ങും ഓടുപാകിയ സണ്‍ഷേഡുകളും എലിവേഷനു എടുപ്പ് നല്കുന്നു.
24 സെന്റാണ് പ്ലോട്ട് അതിനാല്‍ ലാന്‍ഡ്സ്കേപ്പിന്റെ കാര്യത്തില്‍ ഒട്ടും പിശുക്കു കാണിച്ചിട്ടില്ല ആര്‍ക്കിടെക്റ്റ്. വീടിനു മുന്നില്‍ മാത്രം ടൈലുകള്‍ വിരിച്ചു. പുല്‍ത്തകിടിയും അതിനിടയില്‍ കല്ലുകള്‍ പാകി നടപ്പാതയും തീര്‍ത്തു.
വലിയ ചെടികള്‍ക്കും മരങ്ങള്‍ക്കും സ്ഥാനം ചുറ്റുമതിലിനോട് ചേര്‍ന്നും വീടിന്റെ ചുമരിനോട് ചേര്‍ന്ന് ഉയരം കുറഞ്ഞ ചെടികളും നല്കി പച്ചപ്പ് നിറച്ചിട്ടുണ്ട്.
ലാന്‍ഡ്സ്കേപ്പിന്റെ ഒരു ഭാഗത്തു തീര്‍ത്തിട്ടുള്ള ഗസേബുവും ലൈറ്റിങ്ങ് സംവിധാനങ്ങളും കൂടിയാവുമ്പോള്‍ വീടും പരിസരവും രാവും പകലും ഹൃദ്യമായ കാഴ്ച സമ്മാനിക്കുന്നു.
ലക്ഷ്വറി ഫീല്‍ പകര്‍ന്ന് അകത്തളം
ഈ വില്ലയുടെ അകത്തളത്തിന് സ്വീകരിച്ചിട്ടുള്ളത് ഇലക്റ്റിക് ശൈലിയാണ്. അതായത് വിവിധ ശൈലികളില്‍ നിന്നുമുള്ള അംശങ്ങള്‍ പലതും എടുത്ത് മിക്സ് ചെയ്യുന്ന രീതിയാണിത്.
സ്മൂത്ത്, റഫ് ടെക്സ്ചറുകള്‍, ലൈറ്റ് കളറും, ഡാര്‍ക്ക് കളറും ഉപയോഗിക്കുക, പെയിന്റ്, ഫാബ്രിക് എന്നിവയിലൊക്കെ കോണ്ട്രാസ്റ്റ് നിറങ്ങള്‍, വുഡ് വര്‍ക്കുകള്‍, സീലിങ് വര്‍ക്കുകള്‍ തുടങ്ങിയ ഡെക്കോര്‍ ഇനങ്ങളെല്ലാം വളരെ ക്രിയാത്മകമായി സ്വീകരിക്കുകയും അവയുടെ ഉപയോഗത്തിലൂടെ അകത്തളത്തിന് റിച്ച് ലുക്ക് പകരുന്ന രീതിയാണിത്.
മറ്റ് ശൈലികളെ അപേക്ഷിച്ച് അല്പം വെല്ലുവിളി നിറഞ്ഞതാണ് ഈ മിക്സിങ് രീതി. കാരണം ശ്രദ്ധാപൂര്‍വ്വം ചെയ്തില്ലെങ്കില്‍ ഉദ്ദേശിച്ച ഫലവും ഫീലും ലഭിക്കുകയില്ല.
അതിനാല്‍ വളരെ ശ്രദ്ധയോടെ ശ്രമകരമായി ഷബാനയും നുഫേലും ചേര്‍ന്ന് തെരഞ്ഞെടുത്ത ഒരു ശൈലിയാണിവിടെ സ്വീകരിച്ചിരിക്കുന്നത്. വീടിന്റെ അകവും പുറവും ഏതൊരു ശൈലിക്കുമപ്പുറം ആകര്‍ഷകവും സ്ഥിരത ഉള്ളതുമാകുന്നു.
ഏതാണ്ട് 4,000 സ്ക്വയര്‍ ഫീറ്റിലായി പരന്നു കിടക്കുന്ന ഫോയര്‍, ലിവിങ്, ഡൈനിങ്ങ് ഏരിയകള്‍, കിച്ചണ്‍, കിടപ്പുമുറികള്‍, ബാല്‍ക്കണികള്‍ പാഷിയോ, ഡെക്ക് എന്നിവയെല്ലാം റിച്ച് ലുക്ക് നല്കുന്നവയും മികച്ച ഡിസൈനിങ്ങ് നയം വിളിച്ചോതുന്നവയുമാകുന്നു.
പ്രത്യേകിച്ച് സോഫ, കട്ടിലിന്റെ ഹെഡ് ബോര്‍ഡ്, ലിവിങ്, ഡൈനിങ്ങ് ഏരിയകള്‍ എന്നിവിടങ്ങളിലെ ലെതര്‍ വര്‍ക്കുകള്‍. വുഡ് വര്‍ക്കുകളിലെ ഡിസൈന്‍ പാറ്റേണിന്റെ പിന്തുടര്ച്ച പ്രധാന വാതിലില്‍ നിന്നും തുടങ്ങുന്നു.
ഉള്ളിലേക്ക് നീങ്ങുമ്പോള്‍ സീലിങ്ങ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത് എടുത്തു കാണാന്‍ ആവുന്നുണ്ട്. “അകത്തളങ്ങളിലെ നിറങ്ങളുടെ തെരഞ്ഞെടുപ്പ് പ്രത്യേകിച്ച് ഫര്‍ണിച്ചറിലെ ആഴമുള്ള നീല നിറം നല്കുന്ന ആഡംബരം മുന്നിട്ടു നില്ക്കുന്നു.
അതുപോലെ ലക്ഷ്വറി ഫീല്‍ നല്കുന്ന സ്റ്റാക്കോ ഫിനിഷ്, അവയുടെ ഭംഗി ഇരട്ടിയാക്കുന്ന ലൈറ്റിങ്ങ് സംവിധാനങ്ങള്‍, ഡെക്കോര്‍ ഇനങ്ങളായ കാര്‍പെറ്റ്, ചുമരലങ്കാരങ്ങള്‍, എന്തിനധികം ബാത്ത് റൂം ടൈലുകള്‍ വരെ പ്രത്യേകം തെരഞ്ഞെടുത്തവയാകുന്നു.
നേര്‍രേഖകള്‍ കൂടിച്ചേര്‍ന്നുള്ള ഗ്രൂവ് വര്‍ക്കുകള്‍ നല്കുന്ന തെളിഞ്ഞതും വ്യക്തവുമായ ഡിസൈന്‍ വിന്യാസം ക്ലാസിക് സ്പര്‍ശം പകരുന്നുണ്ട്. കന്റംപ്രറി, പരമ്പരാഗത ശൈലിയുടെ അംശങ്ങള്‍ സ്വീകരിച്ചു കൊണ്ടുള്ള ഒരു നയമാണ് ഇവിടെ കൈക്കൊണ്ടത്” ആര്‍ക്കിടെക്റ്റ് പറയുന്നു.
ജീവിതത്തെ അതിന്റെ എല്ലാവിധ ആഘോഷ അനുഭൂതികളിലൂടെയും പ്രകൃതി സൗഹാര്‍ദ്ദപരമായ കാഴ്ചകളിലൂടെയും ഓരോ മുറികളില്‍ നിന്നും, ഏരിയകളില്‍ നിന്നും അനുഭവിച്ചറിയാനാകുന്ന വീട്.
വുഡും ഗ്ലാസ്സും സ്റ്റീലും മിക്സ് ചെയ്തു നിര്‍മ്മിച്ചിട്ടുള്ള സ്പൈറല്‍ സ്റ്റെയര്‍കേസ് അകത്തളങ്ങളിലെ പ്രധാന ഡിസൈന്‍ എലമെന്റുകളില്‍ ഒന്നാണ്.
പുഴയും ലാന്‍ഡ്സ്കേപ്പും ഒരുക്കുന്ന കാഴ്ചകളെ അകത്തളങ്ങളിലേക്ക് ആനയിക്കുന്ന ബാല്‍ക്കണികളും, ഡെക്കും, പാഷിയോയും, വരാന്തയും എല്ലാം വീട്ടിലെ ആഘോഷവേളകള്‍ക്കും ഒത്തുകൂടലുകള്‍ക്കും വേദിയാവുന്നു.
കിടപ്പുമുറികളിലും ഈ കാഴ്ചകള്‍ തലനീട്ടുന്നു. ലേഡീസ് സിറ്റിങ്ങ്, ഡൈനിങ്ങ്, ഏരിയകളോട് ചേര്‍ന്നുള്ള പാഷിയോയും ഡെക്കും മുകള്‍ നിലയിലെ ബാല്‍ക്കണിയും എല്ലാം വില്ലെ സന്ദര്‍ശിക്കുന്നവരുടെ മനം കവരുന്നു.
വീട്ടുകാര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഈ പൊതു ഇടങ്ങളില്‍ ആകുന്നു. കിച്ചനും അനുബന്ധ ഏരിയകളും കുക്കിങ് ഏരിയ എന്നതില്‍ ഉപരി സ്ത്രീകളുടെ ഒത്തുകൂടലുകള്‍ക്കും വിശ്രമവേളകള്‍ക്കും, സായാഹ്നം ചിലവഴിക്കാനും വേദിയാകുന്നു.
10 വര്‍ഷം നിര്‍ജ്ജീവമായി കിടന്നുവെങ്കിലും അകത്തും പുറത്തും ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്ത വില്ലെ ഇന്ന് കുടുംബാംഗങ്ങളുടെ ജീവിതാഘോഷങ്ങള്‍ക്ക് വേദിയായി മാറിയിരിക്കുന്നു.
Be the first to comment