ഹൈറേഞ്ചിലെ സുന്ദരഭവനം

പ്രകൃതി ദൃശ്യങ്ങളുടെ മനോഹാരിതയ്ക്കൊപ്പം ചേര്‍ന്ന് പോകുന്ന വീട്

ഒരു നിശ്ചലദൃശ്യം വരച്ചുവച്ചതുപോലെ മനോഹരമായ ഹൈറേഞ്ചിന്‍റെ മണ്ണില്‍, അതിനൊപ്പം നില്‍ക്കുന്ന ലക്ഷണമൊത്തൊരു കാഴ്ചവിരുന്നാണ് ഈ വീട്.

രാത്രിയിലും പകല്‍ വെളിച്ചത്തിലും ദൂരെ നിന്നും അടുത്തുനിന്നും പലഭാവങ്ങളുണരുന്ന ഈ വീട് ആര്‍ക്കിടെക്റ്റ് ദീപക്ക് തോമസാണ് (കോണ്‍ക്രീയേറ്റേഴ്സ്, കട്ടപ്പന) രൂപകല്‍പ്പന ചെയ്തത്.

ജോര്‍ജ്കുട്ടി ജോസിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള ഭവനം 38 സെന്‍റുള്ള പ്ലോട്ടില്‍ 3000 സ്ക്വയര്‍ഫീറ്റിലാണ് ഒരുക്കിയത്.

മിനിമലിസ്റ്റിക്ക് കന്‍റംപ്രറി

മൊട്ടക്കുന്ന് പോലെയുള്ള പ്ലോട്ടിലാണ് ഈ വീടൊരുക്കിയത്. നിശ്ചിത അകലത്തില്‍ നീണ്ട മലനിരകള്‍ കാണാം. പ്രധാന റോഡില്‍ നിന്ന് കാണുമ്പോള്‍ ഏറെ ആസ്വാദ്യകരമാണ് വീടിന്‍റെ രൂപം.

ചെരിഞ്ഞ പ്ലോട്ട് ആയതിനാല്‍ ലാന്‍ഡ്സ്കേപ്പിന്‍റെ വിന്യാസം എടുത്തറിയാം. തെങ്ങുകളും കമുകുകളും മറ്റു വൃക്ഷങ്ങളും നിറഞ്ഞ പ്ലോട്ടാണിത്. മെക്സിക്കന്‍ വെല്‍വെറ്റ് ഗ്രാസും സ്റ്റോണ്‍ പേവ്മെന്‍റും കുറ്റിച്ചെടികളും ഇടകലര്‍ത്തിയാണ് ലാന്‍ഡ്സ്കേപ്പ് ഒരുക്കിയത്.

ചെറുതുരുത്തുകള്‍ പോലെയുള്ള പുല്‍ത്തകിടിയും ചെറിയ ജലസംഭരണിയും ലാന്‍ഡ്സ്കേപ്പിലെ ഹൈലൈറ്റാണ്. വീടിന്‍റെ പൂമുഖഭാഗത്തേക്ക് ഡ്രൈവ്വേയും പടിക്കെട്ടുകള്‍ കൊണ്ടൊരുക്കിയ മറ്റൊരു വഴിയും ഉണ്ട്.

ലെപോത്ര ഗ്രനൈറ്റ് കൊണ്ട് ഫ്ളോറിങ് ചെയ്ത ‘ഘ’ ഷേപ്പിലുള്ള നീളന്‍ വരാന്തയാണ് വീട്ടിലേക്ക് സ്വാഗതമരുളുന്നത്. വീടിന്‍റെ വലതുവശത്തൂകൂടെ ഒരു തോട് കടന്നുപോകുന്നുണ്ട്. ഈ തോട്ടിലേക്ക് അഭിമുഖമായ രീതിയില്‍ മറ്റൊരു സിറ്റൗട്ടും ഒരുക്കി.

റൂഫ്-പാറ്റേണിന് പ്രാധാന്യം നല്‍കിയ കന്‍റംപ്രറി രീതിയാണ് എക്സ്റ്റീരിയറില്‍ സ്വീകരിച്ചത്. ജി.ഐ കൊണ്ടുള്ള ലൂവേഴ്സ് ഫങ്ഷണല്‍-കം-സ്റ്റേറ്റ്മെന്‍റ് പാറ്റേണായി തുടര്‍ന്നിരിക്കുന്നു.

ലളിതമായ ഡിസൈന്‍ ഘടകങ്ങള്‍ എക്സ്റ്റീരിയറിന് ലാളിത്യമുളള ഭംഗി സമ്മാനിക്കുന്നു. രണ്ട് സിറ്റൗട്ടുകള്‍, ഫോയര്‍, ഫോര്‍മല്‍ – ഫാമിലി ലിവിങ്ങുകള്‍, ഒരു ബാച്ച്ലേഴ്സ് ബെഡ്റൂം ഉള്‍പ്പെടെ അഞ്ച് ബെഡ്റൂമുകള്‍-ഇതില്‍ നാലെണ്ണം ബാത്റൂം അറ്റാച്ച്ഡ് ആണ്.

ഡൈനിങ് ഏരിയ, കിച്ചന്‍, പ്രെയര്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങള്‍.

വാം ഇന്‍റീരിയര്‍

എല്ലാറ്റിലും പ്രകടമാകുന്ന വാം ടോണാണ് അകത്തളത്തിന്‍റെ പ്രത്യേകത. ഓഫ് വൈറ്റ് വിട്രിഫൈഡ് ടൈലു കൊണ്ടുള്ള ഫ്ളോറിങ്ങും ചുമരിലെ ഇളംനിറങ്ങളും അകത്തളത്തില്‍ ശാന്തമായ അന്തരീക്ഷം ഉളവാക്കുന്നു.

ലിവിങ് റൂം ഫര്‍ണിച്ചറും കട്ടിലുകളും വാഡ്രോബുകളുമെല്ലാം കസ്റ്റംമെയ്ഡ് ആണ്. ടി.വി ഏരിയ ഉള്‍പ്പെടുന്ന ഫാമിലി ലിവിങ്ങും ഡൈനിങ് ഏരിയയും ഓപ്പണ്‍ ആശയത്തില്‍ ചെയ്തിരിക്കുന്നു.

ടി.വി ഏരിയയിലെ ഭിത്തി നാച്വറല്‍ ക്ലാഡിങ് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തു. ഫോര്‍മല്‍- ഫാമിലി ലിവിങ് ഏരിയകള്‍ക്കിടയില്‍ പാര്‍ട്ടീഷന്‍ പോലെയാണ് പ്രെയര്‍ സ്പെയ്സ് ഒരുക്കിയത്.

മനോഹരമായി സജ്ജീകരിച്ച രണ്ട് കോര്‍ട്ട്യാര്‍ഡുകള്‍ അകത്തളത്തെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു. ഒരു കോര്‍ട്ട്യാര്‍ഡ് മഴയും വെയിലും കടന്നുവരുന്ന രീതിയിലും മറ്റൊരെണ്ണം സ്കൈലൈറ്റിനു വേണ്ടിയും ഒരുക്കി.

ഡൈനിങ് ഏരിയില്‍ നിന്ന് ഗ്ലാസ് ഡോര്‍ വഴി കോര്‍ട്ട്യാര്‍ഡിലേക്ക് പ്രവേശനം നല്‍കി.

വാഡ്രോബുകളും കിച്ചന്‍ കബോഡുകളും മള്‍ട്ടിവുഡ് ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്ത് നിര്‍മ്മിച്ചതായാണ്. ഗ്രേ- ഓഫ് വൈറ്റ് തീം തുടരുന്ന കിച്ചനില്‍ സില്‍വര്‍ സ്ട്രീക്ക് പാറ്റേണിലുള്ള ടൈലാണ് ബാക്ക്സ്പ്ലാഷില്‍ ഉള്‍പ്പെടുത്തിയത്.

ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും അതിനോട് ചേര്‍ന്ന് ബാര്‍സ്റ്റൂളുകളും ഉണ്ട് കിച്ചനില്‍. ഹാങ്ങിങ്- ഫ്ളോട്ടിങ്ങ് രീതിയിലുള്ള ഗോവണിയുടെ കൈവരി സ്റ്റീല്‍ വയറുകളും, പടികള്‍ സ്റ്റീല്‍ പീസുകളില്‍ വുഡന്‍ സ്ലാബുകള്‍ ഒട്ടിച്ചുമാണ് ചെയ്തത്.

ഗോവണി കയറിയെത്തുന്ന ഫസ്റ്റ് ഫ്ളോറില്‍ സ്റ്റഡി ഏരിയയും, ബാച്ച്ലേഴ്സ് ബെഡ്റൂമും ഒരുക്കി. ഡബിള്‍ ഹൈറ്റുള്ള സ്ററഡി ഏരിയയില്‍ മാത്രം വുഡന്‍ടൈലു കൊണ്ടുള്ള ഫ്ളോറിങ് നല്‍കി.

വാതിലുകളില്‍ മുന്‍വശത്തെ പ്രധാനവാതില്‍ ഒഴികെ എല്ലാം റെഡിമെയ്ഡ് ആയി വാങ്ങിയതാണ്. പ്രധാന വാതില്‍ തേക്ക് കൊണ്ടും, ബാത്ത് റൂം ഡോറുകള്‍ യു.പി.വി.സി കൊണ്ടും ചെയ്തതാണ്.

ലാളിത്യവും ശാന്തതയും പകരുന്ന എക്സ്റ്റീരിയറും ഇന്‍റീരിയറും ആകര്‍ഷകമാക്കുന്നതിനൊപ്പം മനം തണുപ്പിക്കുന്ന പരിസര ദൃശ്യങ്ങള്‍ കൂടി ഉറപ്പാക്കുന്നുവെന്നതാണ് ഈ വീടിന്‍റെ ഡിസൈന്‍ പൂര്‍ണത.

Be the first to comment

Leave a Reply

Your email address will not be published.


*