വിലക്കയറ്റം :ബംഗ്ലാദേശിൽ പ്രതിസന്ധിരൂക്ഷം.

ശ്രീലങ്കക്കു ശേഷം അയൽരാജ്യമായ ബംഗ്ലാദേശും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഉപഭോക്തൃ വസ്തുക്കളുടെ അനിയന്ത്രിതമായ വില വർദ്ധനവാണ് ബംഗ്ലാദേശിനെ പിടിച്ചുലയ്ക്കുന്നത്. കൊറോണക്കാലം നൽകിയ ആഘാതത്തിൽനിന്നും, രാജ്യം നേരിയ തോതിൽ മുക്തമായിവരുമ്പോഴാണ്, വിലവർധന വില്ലനായി എത്തുന്നത്. തലസ്ഥാനമായ ധാക്ക അടക്കമുള്ള നഗരങ്ങളിൽ ജീവിത ചെലവ് കുത്തനെ ഉയർന്നതോടെ, ഭക്ഷണത്തിന്റെ അളവ് കുറക്കുക എന്ന ഒറ്റമാർഗമേ ജനങ്ങൾക്കു മുന്നിലുള്ളൂ. തലമുടി മുറിക്കൽ പോലുള്ള പ്രാഥമിക ആവശ്യങ്ങൾ പോലും ജനം മാറ്റിവക്കുകയാണ്. ഒരു കോടിയിലധികം പേർ തിങ്ങി പാർക്കുന്ന ധാക്ക സിറ്റിയെ നിത്യ ചെലവുകൾ വർദ്ധിച്ചതും വിലക്കയറ്റവും വീർപ്പുമുട്ടിക്കുന്നു. യാചകരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതും, ഏറിവരുന്ന ബഹുജന പ്രക്ഷോഭങ്ങളും സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
കൊറോണക്കാലം രാജ്യത്ത് 3 കോടി 20 ലക്ഷം ദരിദ്രരെ സൃഷ്ടിച്ച തായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഭക്ഷ്യ എണ്ണ, മുട്ട, പഞ്ചസാര തുടങ്ങിയവയുടെ വില ഉയർന്നത് സാധാരണക്കാരെ ദുരിതത്തിലാക്കി. ആഭ്യന്തരഉപഭോഗത്തിനുള്ള ഭക്ഷ്യ എണ്ണയുടെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്. റഷ്യ ഉക്രൈൻ സംഘർഷത്തെ തുടർന്ന്ബാരലിനു 700 ഡോളറിൽ നിന്നും 1940 ഡോളർ ആയാണ് ഭക്ഷ്യ എണ്ണയുടെ വില വർദ്ധിച്ചത്. പാചകവാതക വില 12 ശതമാനം ഉയർന്നു. ചില നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകി, ചെറിയ ആശ്വാസം കണ്ടെത്താൻ ഗവണ്മെന്റ് ശ്രമം നടത്തുന്നുണ്ട്. വിലക്കയറ്റം അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ടതാണെന്നും ആഗോള വിപണി സ്ഥിരപ്പെടുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നുമാണ് ബംഗ്ലാദേശ് സർക്കാരിന്റെ വിശദീകരണം. അയൽ രാജ്യത്തെ വിലക്കയറ്റവും സാമ്പത്തിക അസ്ഥിരതയും, വർധിച്ചുവരുന്ന പ്രക്ഷോഭങ്ങളും ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*