
ആയുർവേദത്തിന്റെ നന്മകൾ അതിന്റെ പൗരാണികതയും, പാരമ്പര്യവും ഒട്ടും ചോരാതെ, ചികിത്സാ മേഖലയിൽ എത്തിക്കുകയാണ് കോട്ടക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ച്. വൈദ്യരത്നം പി. എസ്. വാര്യർ 1902ൽ സ്ഥാപിച്ച ആര്യവൈദ്യശാലയുടെ, ചികിത്സാ സൗകര്യങ്ങളടങ്ങിയ പ്രമുഖ ബ്രാഞ്ചുകളിലൊന്നാണ്, കോട്ടയം സി.എം.സ് കോളേജ് റോഡിൽ ദീപികക്കു സമീപം പ്രവർത്തിക്കുന്നത്.
ആയുർവേദ ശാസ്ത്രത്തിൻ്റെ ലക്ഷ്യങ്ങളായ ആരോഗ്യാവസ്ഥയിലുള്ളവരുടെ സ്വാസ്ഥ്യ സംരക്ഷണവും രോഗാവസ്ഥയിലുള്ളവരുടെ രോഗശമനവും കോട്ടക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ച്, സമഞ്ജസമായി സമ്മേളിപ്പിക്കുന്നു.
ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പടിയൽ(Dyslipidemia),അമിതവണ്ണം(Obesity), പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം, ഫാറ്റി ലിവർ, കാൻസർ തുടങ്ങിയവ കൂടാതെ വാതരോഗങ്ങൾ, സന്ധിരോഗങ്ങൾ, നടുവേദന, കഴുത്തുവേദന,മൈഗ്രേൻ , ദഹനപ്രശ്നങ്ങൾ, ത്വക് രോഗങ്ങൾ, അലർജി,ആർത്തവ പ്രശ്നങ്ങൾ, സ്ത്രീ – പുരുഷ വന്ധ്യത മുതലായ രോഗങ്ങൾക്കും ശാസ്ത്രീയമായ ആയുർവേദ ചികിത്സ ഇവിടെ ലഭ്യമാക്കുന്നു. കൂടാതെ വാർദ്ധക്യകാലത്തെ ശാരീരികവും മാനസികവുമായ വിഷമതകൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക ചികിത്സാ നിർദ്ദേശങ്ങളും ലഭ്യമാക്കുന്നുണ്ട്. ഇപ്പോൾ സാധാരണമായ പോസ്റ്റ് കോവിഡ് വിഷമതകൾ പരിഹരിക്കുന്നതിനുള്ള ചികിത്സകളും ബ്രാഞ്ച് ലഭ്യമാക്കുന്നു.
കോട്ടക്കൽ ആര്യവൈദ്യശാല അർബുദ ഗവേഷണമേഖലയിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ്റെ അംഗീകാരം ലഭിച്ചതോടെ ഇനി മികവിൻ്റെ കേന്ദ്രമാവുകയാണ് (Centre of Excellence). കഴിഞ്ഞ രണ്ടു ദശാബ്ദമായി കോട്ടക്കൽ ആര്യവൈദ്യശാല ചാരിറ്റബിൾ ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന കാൻസർ ക്ലിനിക്കിലെ ചിലതരം അർബുദങ്ങളിൽ ഉപയോഗിച്ചു വരുന്ന തെരഞ്ഞെടുത്ത ഔഷധങ്ങളുടെ ശാസ്ത്രീയ പഠനങ്ങൾക്കും ഗവേഷണപ്രവർത്തനങ്ങൾക്കുമുള്ള മികവിനാണ് ഈ അംഗീകാരം ലഭിക്കുന്നത്. കാൻസർ ചികിത്സയിലെ കോട്ടക്കൽ ആര്യവൈദ്യശാലയുടെ സാന്ത്വന സ്പർശമായി കോട്ടയം ബ്രാഞ്ചിൽ, എല്ലാ മാസത്തിലേയും ആദ്യവ്യാഴാഴ്ച, രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ കാൻസർ ക്ലിനിക്ക് പ്രവർത്തിക്കുന്നു.
ആയുർവേദ ചികിത്സയുടെ പ്രാധാന്യം, ജീവിതശൈലീ രോഗങ്ങൾക്ക് ആയുർവേദ പ്രതിവിധി, കോട്ടയം ബ്രാഞ്ച് നൽകുന്ന സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ച് കോട്ടക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ച് മാനേജരും സീനിയർ ഫിസിഷ്യനുമായ ഡോക്ടർ ബി ഹേമചന്ദ്രൻ സംസാരിക്കുന്നു.
നിദാന പരിവർജ്ജനം അഥവാ കാരണങ്ങളെ ഒഴിവാക്കൽ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുമെന്നാണല്ലോ? ജീവിതശൈലീ രോഗങ്ങളെ എങ്ങിനെ ഒഴിവാക്കാമെന്നാണ് ആയുർവേദത്തിൻ്റെ വിശിഷ്യാ കോട്ടക്കൽ ആര്യവൈദ്യശാലയുടെ കാഴ്ച്ചപ്പാട് ?
അതെ.. ആയുർവേദ ചികിത്സയുടെ പ്രധാന ഭാഗം തന്നെയാണ് രോഗത്തിനു കാരണങ്ങളായ ഘടകങ്ങളെ ഒഴിവാക്കൽ എന്നത്. ഇത് ചിലപ്പോൾ ആഹാരമാവാം അല്ലെങ്കിൽ പ്രവർത്തികളാവാം അല്ലെങ്കിൽ സാഹചര്യങ്ങളാകാം .. ഉദാഹരണത്തിനു ആസ്ത്മയുള്ള ഒരാൾക്ക് തണുത്ത ഭക്ഷണം ഒഴിവാക്കേണ്ടി വരുന്നു , പൊടി തട്ടുന്ന പണികൾ ഒഴിവാക്കേണ്ടി വരുന്നു , പൊടിയും തണുപ്പു മുള്ള സാഹചര്യങ്ങൾ ഒഴിവാക്കേണ്ടി വരുന്നു ഇവയെല്ലാം നിദാന പരിവർജ്ജനങ്ങളാണ് .യഥാർത്ഥത്തിൽ അപത്ഥ്യമായവ , പറ്റാത്തത് ഒഴിവാക്കൽ ചികിത്സയെ ഫലപ്രാപ്തിയിലെത്തിക്കുന്നു.
ഇത് എല്ലാ രോഗങ്ങൾക്കും ബാധകമാണ് , ചിലപ്പോൾ രോഗങ്ങൾക്കനുസരിച്ച് വ്യത്യസ്തവുമായിരിക്കും.
ആധുനിക ജീവിത ശൈലിയിൽ ഇതിനു വളരെ പ്രാധാന്യമുണ്ട്. ഇപ്പോൾ IT മേഖലയിൽ ജോലി ചെയ്യുന്നവരുടെ കാര്യമെടുക്കാം… തുടർച്ചയായ ഇരുന്നുള്ള ജോലി (sedentary lifestyle) നടുവേദനയും കഴുത്തുവേദനയും മാത്രമല്ല പ്രമേഹം പോലെയുള്ള ജീവിത ശൈലീ രോഗങ്ങൾക്കും , വന്ധ്യതക്കും വരെ കാരണമാകുന്നതായി പുതിയ പഠനങ്ങൾ വരുന്നുണ്ട്.. ജോലിയുടെ ഭാഗമായി ഇവർക്ക് ഈ ശൈലി തുടർച്ചയായി അനുഭവിക്കേണ്ടതായി വരുന്നു. അപ്പോഴാണ് ആയുർവേദത്തിൻ്റെ പ്രസക്തിയേറുന്നത്. ദിവസേന , സ്ഥിരമായല്ലെങ്കിലും ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണയുള്ള എണ്ണ തേച്ചു കുളിയുടെ പ്രാധാന്യമേറുന്നു. അതിനും സാധ്യമല്ലെങ്കിൽ ആറു മാസത്തിലൊരിക്കലോ , വർഷത്തിലൊരിക്കലോ ആര്യവൈദ്യശാലയുടെ ബ്രാഞ്ച് ക്ലിനിക്കുകളിലോ ആശുപത്രികളിലോ സജ്ജമാക്കിയിരിക്കുന്ന സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇപ്പോൾ നമ്മുടെ കുട്ടികളിലടക്കം കഴിഞ്ഞ രണ്ടു വർഷമായുള്ള കോവിഡു കാലത്തെ വീട്ടിൽ ഇരുന്നുള്ള പഠനം മൂലം മാനസികമായും ശാരീരികവുമായ പല പ്രയാസങ്ങളും കണ്ടു വരുന്നു… യഥാർത്ഥത്തിൽ അവരും നാളത്തെ ആരോഗ്യമുള്ള തലമുറയാകണമെങ്കിൽ ആയുർവേദം അനുശാസിക്കുന്ന ജീവിത ശൈലി സ്വീകരിക്കേണ്ടതാണ്.
ഡോക്ടറുമായുള്ള അഭിമുഖം കാണുന്നതിന് വീഡിയോ പ്ലേ ചെയ്യൂ…
ഏതൊക്കെ രോഗാവസ്ഥയിലുള്ളവരാണ് ഇവിടെ ചികിത്സയ്ക്കു വരുന്നത്?
പൊതുവെ ആയുർവേദം വാതരോഗങ്ങൾക്കാണ് എന്നൊരു കാഴ്ച്ചപ്പാടുണ്ട് . അതു ശരിയല്ല ജീവിതശൈലീ രോഗങ്ങൾക്കും ആയുർവേദം ഫലപ്രദമാണ്..
സന്ധിവേദന , നടുവേദന, കഴുത്തുവേദന തുടങ്ങി പക്ഷാഘാതം , ന്യൂറോപ്പതി, മൈഗ്രേൻ , ദഹനപ്രശ്നങ്ങൾ , ത്വക് രോഗങ്ങൾ ,കുട്ടികളിലെ വളർച്ച വൈകല്യങ്ങൾ, സ്ത്രീ രോഗങ്ങൾ ,വന്ധ്യത , ഇപ്പോൾ സാധാരണമായിരിക്കുന്ന പോസ്റ്റ് കോവിഡ് അസ്വസ്ഥതകൾക്കെല്ലാം ആയുർവേദം ഫലപ്രദമാണ്.
ആയുർവേദ ചികിത്സ കൂടുതൽ സമയമാവശ്യപ്പെടുന്നുവെന്നു പറയപ്പെടുന്നു. ഇതു ശരിയാണോ?
ആയുർവേദ ചികിത്സ കൂടുതൽ സമയമാവശ്യപ്പെടുന്നുവെന്നത് ശരിയല്ല. പലരും രോഗം സങ്കീർണ്ണാവസ്ഥയിലാകുമ്പോഴാണ് ആയുർവേദ ചികിത്സ തേടുന്നത്. രോഗത്തെ സാധ്യാവസ്ഥയിൽ തന്നെ ജയിക്കണം എന്നു പറയാറുണ്ട്. അപ്പോൾ രോഗങ്ങളുടെ പഴക്കം മൂലം ചികിത്സ ഫലപ്രാപ്തിയിലെത്താൻ സമയമെടുക്കാം. അതുപോലെ ത്തന്നെ രോഗങ്ങൾ പലവിധത്തിലുണ്ട്. ചികിത്സകൊണ്ട് സാധ്യമാകുന്നവ , ചികിത്സകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നവ, അസാധ്യമെങ്കിലും ചികിത്സ കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകാവുന്നവ. ചെലപ്പോൾ രോഗീ ബലം, രോഗബലം മുതലായവയെല്ലാം ചികിത്സയുടെ ദൈർഘ്യം നിശ്ചയിക്കാറുണ്ട്. വർഷങ്ങളായുള്ള പ്രമേഹരോഗത്തെ ഏതാനും ദിവസങ്ങൾക്കൊണ്ടു മാറ്റാൻ കഴിയില്ല… കാരണം പ്രമേഹം നിയന്ത്രിക്കാനേ കഴിയൂ. എന്നാൽ ജലദോഷം, പനി, ചുമ മുതലായവയക്ക് ചികിത്സ ദീർഘമാവാറില്ല. ജീവിത ശൈലി, ആഹാരശൈലി മുതലായവ ചിട്ടപ്പെടുത്തിയുള്ള ആയുർവേദ ചികിത്സ പെട്ടെന്നു രോഗം ഭേദമാകുന്നതിന് സഹായിക്കുന്നു .
ഏതു പ്രായപരിധിയിലുള്ളവർക്കാണ് ആയുർവേദ ചികിത്സ കൂടുതൽ ഫലപ്രദം ?
എല്ലാ പ്രായപരിധിയിലുള്ളവർക്കും..
ആയുർവേദത്തിലെ അഷ്ടാംഗങ്ങളിൽ പറയുന്ന കായ ചികിത്സ ജനറൽ മെഡിസിൻ ആണ്. ബാല ചികിത്സക്ക് കൗമാര ഭൃത്യം എന്ന ശാഖ തന്നെയുണ്ട്. അതുപോലെ മറ്റൊരു പ്രധാന അംഗമായ ജരാ ചികിത്സ മുതിർന്നവർക്കുള്ള രസായന ചികിത്സയാണ്.. അങ്ങനെ നോക്കിയാൽ ജനനം മുതൽ മരണം വരെ ആയുർവേദം ഒരു കാവലാണ് … എല്ലാ പ്രായത്തിലും ആയുർവേദം ഫലപ്രദമാണ്…
മാത്രമല്ല ഇപ്പോൾ കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഔഷധങ്ങൾ സിറപ്പു രൂപത്തിലും ലഭ്യമാണ്.
ആയുർവേദ മരുന്നുകൾ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ കോട്ടക്കൽ ആര്യവൈദ്യശാല ഇപ്പോൾ തയ്യാറാക്കുന്നുണ്ട് . അതിനെക്കുറിച്ചൊന്ന് വിശദീകരിക്കാമോ?
കാലത്തിൻ്റെ , മനുഷ്യൻ്റെ , ജീവിതത്തിൻ്റെ വേഗതയ്ക്ക് അനുസരിച്ചു ആര്യവൈദ്യശാലയും ഔഷധങ്ങൾക്ക് കാലോചിതമായ മാറ്റം വരുത്തുന്നുണ്ട്.
കഷായങ്ങൾ ടാബ് ലറ്റ് രൂപത്തിൽ, സേവിക്കാനുള്ള തൈലങ്ങൾ ക്യാപ്സൂൾ രൂപത്തിൽ,ചൂർണ്ണങ്ങൾ ടാബ് ലറ്റ് രൂപത്തിൽ, എണ്ണകൾ ജെൽ രൂപത്തിൽ, തലയ്ക്കെണ്ണ ഹെയർക്രീം രൂപത്തിൽ
കൂടാതെ പെയിൻ സ്പ്രേ, ഷാമ്പൂ, കുട്ടികൾക്കുള്ള ബേബി ഓയിൽ, സോപ്പ്, വ്യത്യസ്ത ചർമ്മങ്ങൾക്കനുസരിച്ചുള്ള സോപ്പുകൾ, രസായനൗഷധങ്ങൾ ടാബ് ലറ്റ് രൂപത്തിൽ, പ്രമേഹം പോലെയുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്ക് ലേഹങ്ങൾ ഗ്രാന്യൂൾസ് രൂപത്തിൽ നെയ് ചേർക്കാതേയും മധുരമില്ലാത്തതുമായ രൂപത്തിൽ , കുട്ടികൾക്കും മുതിർന്നവർക്കും ഓർമ്മ ശക്തിക്കും ധാരണാശക്തിക്കും നല്കുന്ന ബ്രഹ്മി ,ക്യാപ്സൂൾ രൂപത്തിൽ അങ്ങനെ ആധുനിക ലോകത്തിനു വേണ്ട രീതിയിൽ പാരമ്പര്യത്തിൻ്റെ പുണ്യം / സത്ത ഉൾക്കൊണ്ടുകൊണ്ട് ഇപ്പോൾ ഔഷധങ്ങൾ ഉണ്ടാക്കുന്നുണ്ട്.
കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രസവാനന്തര ചികിത്സ സൗകര്യത്തെ ക്കുറിച്ച് വിശദീകരിക്കാമോ?
മാതൃത്വം തുടങ്ങാം… കരുതലോടെ എന്ന ഒരു വീക്ഷണമാണ് ഈ ചികിത്സക്കുള്ളത് .കുഞ്ഞിൻ്റ മാത്രമല്ല … അമ്മയുടെ ജനനം കൂടിയാണ് പ്രസവം.
സൂതിക – ആറു ആഴ്ച… അല്ലെങ്കിൽ ആദ്യാർത്തവം വരെ വളരെ പരിചരണം ആവശ്യമാണ് എന്നാണ് ആയുർവേദത്തിൻ്റെ കാഴ്ച്ചപ്പാട് … നമ്മുക്കറിയാം അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിൻ്റേയും ആരോഗ്യം.. ആദ്യത്തെ ആറു മാസം കുഞ്ഞിൻ്റെ ആഹാരമെന്നത് അമ്മയുടെ മുലപ്പാലാണ്. അമ്മയ്ക്കുണ്ടാകുന്ന പ്രസവാനന്തര പ്രയാസങ്ങൾ വളരെ ശ്രദ്ധയോടും ശാസ്ത്രീയമായും പരിചരിക്കേണ്ടതാണ്. നടു വേദന , ദഹനപ്രശ്നങ്ങൾ, കാലിലെ നീര്, വിഷാദം, ക്ഷീണം, മുടി കൊഴിച്ചിൽ , അർശ്ശസ്സ് ,അമിതവണ്ണം മുതലായ പല പ്രയാസങ്ങളും ആയുർവേദ ഔഷധങ്ങൾക്കൊണ്ട് പൂർണ്ണമായും മാറാറുണ്ട്.
മാത്രമല്ല പുതിയ തലമുറയിൽ ഗർഭത്തോടനുബന്ധിച്ച് പ്രമേഹം , ഹൈപ്പോതൈറോഡിസം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ പ്രസവശേഷവും തുടർന്നു പോകുന്നുണ്ട്. ഇവയ്ക്കും വളരെ ശാസ്ത്രീയമായ ആയുർവേദ ചികിത്സകൾ നല്കേണ്ടതുണ്ട്. ആയുർവേദത്തിൽ ഗർഭിണീ പരിചര്യയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ആരോഗ്യമുള്ള കുഞ്ഞു ജനിക്കുന്നതിനായി ഗർഭിണി ഓരോ മാസവും ശീലിക്കേണ്ട ഔഷധങ്ങൾ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ഇപ്പോൾ കോട്ടയം ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന കാൻസർ ക്ലിനിക്കിൻ്റെ പ്രവർത്തനങ്ങൾ എങ്ങനെയാണ്?
1999 ലാണ് കോട്ടക്കൽ ആര്യവൈദ്യശാലയിൽ കാൻസർ ക്ലിനിക് പ്രവർത്തിച്ചു തുടങ്ങിയത്. വളരെയധികം അർബുദ രോഗികൾ ആയുർവേദത്തിൻ്റെ സാധ്യതകൾ ഇവിടെ പ്രയോജനപ്പെടുത്തുന്നുണ്ട്. കോട്ടക്കലിൽ സൗജന്യമായാണ് ആയുർവേദ ചികിത്സ നല്കുന്നത്. തിരുവനന്തപുരം മുതൽ ഇടുക്കി അടക്കമുള്ള തെക്കൻ ജില്ലകളിലെ രോഗികളുടെ കോട്ടക്കലിലേക്കുള്ള ദീർഘയാത്രയുടെ പ്രയാസം മനസ്സിലാക്കിയാണ് അന്നു ഞങ്ങളുടെ മാനേജിംഗ് ട്രസ്റ്റി പത്മഭൂഷൺ ഡോ.പി.കെ വാരിയരുടെ പ്രത്യേക താത്പര്യാർത്ഥം കോട്ടയത്ത് 2016 മുതൽ കാൻസർ ക്ലിനിക്ക് ആരംഭിച്ചത്. എല്ലാ മാസവും ആദ്യ വ്യാഴാഴ്ചയാണ് കോട്ടയത്തു കാൻസർ ക്ലിനിക്ക് പ്രവർത്തിക്കുന്നത്.
വിവിധ തരത്തിലുള്ള കാൻസർ രോഗികൾ ഇവിടെ വരാറുണ്ട്. തുടക്കം മുതൽ തന്നെ ആയുർവേദം സ്വീകരിക്കുന്നവരുണ്ട്. കാൻസറിനു ആധുനികചികിത്സ ചെയ്യുന്നതോടൊപ്പം ആയുർവേദവും സ്വീകരിക്കുന്നവരുണ്ട്. ആധുനിക ചികിത്സക്കു ശേഷം ഉണ്ടാകുന്ന വളരെയധികം പ്രയാസങ്ങൾക്കുള്ള ശമനത്തിനായും വീണ്ടും കാൻസർ വരാതിരിക്കാനുമുള്ള മുൻകരുതൽ ചികിത്സക്കായും വരുന്നവരുണ്ട്. കൂടാതെ പാലിയേറ്റീവ് കെയർ ആവശ്യം വരുന്നവർക്കുള്ള ചികിത്സകളും ഇവിടെ കോട്ടയം ബ്രാഞ്ചിൽ നല്കി വരുന്നുണ്ട്. അർബുദ ചികിത്സയിൽ ഒരു മൾട്ടി സിസ്റ്റം അപ്രോച്ച് രോഗികൾക്ക് വളരെയധികം ആശ്വാസം നല്കുന്നുണ്ട്. നിരാശരായി എത്തിച്ചേരുന്ന അർബുദ രോഗികൾക്ക് ഒരു പ്രത്യാശയുടെ കേന്ദ്രമാകാൻ കോട്ടക്കലിനു , കോട്ടയം ബ്രാഞ്ചിനു സാധിക്കുന്നുണ്ട്.
മറ്റു ചികിത്സാ രീതികൾ നിലവിലുള്ളപ്പോഴും ആയുർവേദം എന്തുകൊണ്ട് തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം?
എല്ലാ ചികിത്സാ സമ്പ്രദായങ്ങൾക്കും അതിൻ്റേതായ merits ഉം demerits ഉം ഉണ്ട് . ആയുർവേദം രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കുന്നത് . ചികിത്സ എന്നത് ഒരു Holistic ആയ Approach ആണ്. രോഗിയുടെ പ്രകൃതി, ബലം , രോഗത്തിൻ്റെ സ്വഭാവം ഇവയെല്ലാം നിരീക്ഷിച്ചുള്ള ചികിത്സ രോഗത്തിൻ്റെ പൂർണ്ണ ശമനത്തിനു സഹായിക്കുന്നു. മാത്രമല്ല ശരിയായ ആയുർവേദ ചികിത്സകൊണ്ട് രോഗങ്ങൾ അപുനർഭവങ്ങളാകുന്നു. അതായത് recurrence – രോഗങ്ങൾ വീണ്ടും – ഉണ്ടാകുന്നില്ല.. മാത്രമല്ല ഇവിടെ ചികിത്സ എന്നത് കേവലം ഔഷധ പ്രയോഗം മാത്രമല്ല ജീവിതത്തെ – നമ്മുടെ ശരീരത്തെ – ചിട്ടപ്പെടുത്തലുകൂടിയാണ്.
പോസ്റ്റ് കോവിഡ് ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കാമോ ?
കോവിഡിൻ്റെ തുടക്കത്തിൽ തന്നെ രോഗ പ്രതിരോധത്തിനായി ചില ഔഷധങ്ങൾ കേന്ദ്രആയുഷ് മന്ത്രാലയത്തിൻ്റെ നിർദ്ദേശാനുസരണം ആര്യവൈദ്യശാല നിർമ്മിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആയുഷ്ക്വാഥ ചൂർണ്ണം. കൂടാതെ ഇന്ദുകാന്തം യോഗങ്ങൾ, വില്വാദി ഗുളിക, ഷഡംഗം ക്വാഥചൂർണ്ണം മുതലായവയും വളരെ ഫലം നല്കുന്നവയാണ്.
കോവിഡിനെ നേരിടുന്ന അതേ പ്രാധാന്യത്തോടും ഗൗരവത്തോടും കൂടി വേണം കോവിഡിനു ശേഷമുള്ള ശാരീരിക മാനസികപ്രശ്നങ്ങളേയും നേരിടേണ്ടത് . കോവിഡാനന്തര പ്രശ്നങ്ങളിൽ ശരീരത്തിലെ പല അവയവങ്ങളിലും രോഗം ബാധിച്ചതു കൊണ്ടുള്ള ലക്ഷണങ്ങളും പ്രശ്‌നങ്ങളുമാണു കാണാൻ കഴിയുക.
സാധാരണ വൈറൽ പനിയിൽ നിന്നും കോവിഡിനെ വ്യത്യസ്ഥമാക്കുന്നതും ഇതു തന്നെയാണ്.ഹൃദയത്തെ സംബന്ധിച്ചുണ്ടാകുന്ന അമിതമായ ഹൃദയമിടിപ്പും , നെഞ്ചുവേദനയും , ശ്വാസകോശത്തെ സംബന്ധിച്ചുണ്ടാകുന്ന ശ്വാസതടസ്സവും , കിതപ്പും , ചുമയും , മസ്തിഷ്കത്തെയും നാഡീഞരമ്പുകളേയും ബാധിച്ചുണ്ടാകുന്ന ഉറക്കക്കുറവ് , ഓർമ്മക്കുറവ്, ആശയക്കുഴപ്പം, ശ്രദ്ധക്കുറവ് മുതലായവയും മാനസിക പ്രശ്നങ്ങളായ വിഷാദവും , ഉത്കണ്ഠയും , അസ്ഥി പേശികളെ ബാധിക്കുന്നത് മൂലം ഉണ്ടാകുന്ന ശരീരവേദനയും, സന്ധിവേദനയും എല്ലാം കോവിഡ് വന്ന ശേഷം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രയാസങ്ങളാണ്.
മുടികൊഴിച്ചിൽ , പ്രമേഹം, അമിത രക്തസമ്മർദ്ദം , ത്വഗ്രോഗങ്ങൾ , രക്തം കട്ടപിടിക്കൽ, മാസങ്ങൾക്കു ശേഷവും മണം കിട്ടായ്ക , ദഹനപ്രശ്നങ്ങൾ മുതലായവയും കോവിഡിന് ശേഷം വ്യാപകമായി കണ്ടുവരുന്നുണ്ട്.
വളരെ ശാസ്ത്രീയമായ ആയുർവേദ ചികിത്സകൾ കൊണ്ട് രണ്ടാഴ്ച മുതൽ ഒരു മാസത്തെ ചികിത്സ കൊണ്ട് ഇത്തരം പ്രയാസങ്ങളെ മാറ്റി പൂർവ്വാരോഗ്യസ്ഥിതിയിലെത്തിക്കുവാൻ സാധിക്കും.
ആയുർവേദ ചികിത്സയുടെ വളർച്ചയ്ക്ക് കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രവർത്തനങ്ങളും ഗവേഷണങ്ങളും സഹായിക്കുന്നുണ്ട് ?
ആര്യവൈദ്യശാല 1902 ൽ കോട്ടക്കൽ എന്ന ഗ്രാമത്തിൽ മഹാനായ Pട വാരിയർ സ്ഥാപിക്കാനുണ്ടായ കാരണം തന്നെ അന്നു വൈദ്യർ കുറിക്കുന്ന മരുന്നുകൾ പലതിലും വേണ്ടത്ര മരുന്നു ചേരാതെയാണ് അങ്ങാടിയിൽ നിന്നും ലഭിക്കുന്നതെന്ന് കണ്ടെത്തിയതുകൊണ്ടാണ്. ഇങ്ങനെ പോയാൽ വൈദ്യത്തിനും വൈദ്യനും ദോഷമാകുമെന്നു മനസ്സിലാക്കിയാണ് വൈദ്യശാലയുടെ തുടക്കം. ചട്ടിക്കഷായത്തിൽ നിന്നും കുപ്പി ക്കഷായത്തിലേക്കുള്ള ഒരു മാറ്റം ഉണ്ടായതും ആ കാലഘട്ടത്തിലാണ്. അദ്ദേഹത്തിൻ്റെ ദീർഘദർശനം ആണ് ഇന്ന് കോട്ടക്കലിൻ്റെ സ്ഥാനം ആയുർവേദവുമായി രേഖപ്പെടുത്തുന്നത്. ശാസ്ത്രീയമായ ഔഷധങ്ങൾ രോഗികൾക്ക് നല്കുക വഴിയാണ് കോട്ടക്കൽ വളർന്നത്. ഇന്നും ആര്യവൈദ്യശാല ഔഷധത്തിൻ്റെ മേന്മ ഉറപ്പു വരുത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്.
ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങളാണ് ആര്യവൈദ്യശാലയുടെ ക്വാളിറ്റി കൺട്രോൾ ലാബിലുള്ളത്. ഗവേഷണത്തിനും പ്രസിദ്ധീകരണത്തിനും പ്രത്യേക വിഭാഗങ്ങളുമുണ്ട്. ഈ കോവിഡ് കാലത്ത് ചില ഔഷധങ്ങളുടെ ആൻ്റി വൈറൽ ആക്റ്റിവിറ്റിയെക്കുറിച്ചുള്ള പഠനം അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. മാത്രമല്ല കാൻസർ ചികിത്സയിൽ ആയുർവേദ സാധ്യതകളെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്ര ശാഖയുമായി ചേർന്ന് ഇപ്പോൾ പഠനം നടത്തുന്നുണ്ട്. 2002 മുതൽ പ്രവർത്തിക്കുന്ന ഔഷധസസ്യ ഗവേഷണ കേന്ദ്രം അന്നത്തെ രാഷ്ട്രപതി APJ അബ്ദുൾ കലാമാണ് നാടിനു സമർപ്പിച്ചത്. ഇപ്പോൾ കേന്ദ്ര സർക്കാർ മികവിൻ്റെ കേന്ദ്രമായി / Centre of Excellency ആയി അംഗീകരിച്ചിട്ടുണ്ട്. നിരവധി ഔഷധങ്ങളുടെ ഡേറ്റാ ബാങ്കിംഗ് ശേഖരണം ഇവിടെ ഉണ്ട്. അങ്ങനെ ആയുർവേദത്തിൻ്റെ ഈറ്റില്ലമായ കേരളത്തിൽ കോട്ടക്കൽ നല്കുന്ന സംഭാവന അനസ്യൂതം തുടർന്നു കൊണ്ടിരിക്കുകയാണ്.
Dr. പിഎം വാര്യർ ,മാനേജിംഗ് ട്രസ്റ്റി & ചീഫ് ഫിസിഷ്യൻ,ആര്യവൈദ്യശാല ,കോട്ടക്കൽ.
ചികിത്സക്കൊപ്പം കോട്ടക്കൽ ആര്യവൈദ്യശാലയുടെ എല്ലാത്തരം ഔഷധങ്ങളും ഇവിടെ ലഭ്യമാണ്. ലോകത്തിന്റെ ഏതു കോണിലുമുള്ള ആവശ്യക്കാർക്കും ഔഷധങ്ങൾ എത്തിച്ചു നൽകുവാനുള്ള സൗകര്യം കോട്ടയം ബ്രാഞ്ചിൽ സജ്ജമാണ്. നേരിട്ട് കൺസൽട്ടേഷൻ നടത്തുവാൻ സാധിക്കാത്തവർക്ക് ഓൺലൈൻ കൺസൽട്ടേഷൻ സൗകര്യം പ്രയോജനപ്പെടുത്താം.രാവിലെ 10 മുതൽ വൈകിട്ട് 6 വരെ കോട്ടയം ബ്രാഞ്ചിൽ ഔട്ട് പേഷ്യന്റ് സൗകര്യവും കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ എല്ലാ ഔഷധങ്ങളും ലഭ്യമാവും . കിടത്തി ചികിത്സ ആവശ്യമായവർക്ക് ആര്യവൈദ്യ ശാലയുടെ കൊച്ചി, കോട്ടക്കൽ, ഡൽഹി ആയുർവേദിക് ഹോസ്പിറ്റൽ &റിസേർച്ച് സെന്ററുകളിൽ അതിനുള്ള അവസരം കോട്ടക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ച് ഒരുക്കുന്നു.
കോട്ടക്കൽ ആര്യവൈദ്യ ശാല, കോട്ടക്കൽ, മലപ്പുറം.
Vaidyaratnam P.S Varier’s
ARYA VAIDYA SALA KOTTAKKAL
Branch : KOTTAYAM CMS COLLEGE ROAD,KOTTAYAM KERALA-686001
Phone : 0481 2304817,2562396
Mobile : 9037842564
Email : kottayambr@aryavaidyasala.com
Website : www.aryavaidyasala.com
Be the first to comment