കൊച്ചു കുട്ടികളുള്ള മാതാപിതാക്കളാണോ നിങ്ങൾ ?

കൊച്ചു കുട്ടികളുള്ള മാതാപിതാക്കളാണോ നിങ്ങൾ ? വീട്ടിലിരുന്ന് ജോലി ചെയ്യുവാൻ ബുദ്ധിമുട്ടുകയാണോ ? ഇതാ ചില പൊടിക്കൈകൾ

കഴിഞ്ഞ ഒരു വർഷമായി കോവിഡ് -19 പ്രതിസന്ധിയെ തുടർന്ന് കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. ക്ലാസുകളും പരീക്ഷകളുമെല്ലാം ഓൺലൈനായതോടെ കുട്ടികൾ സദാസമയവും വീട്ടിൽ തന്നെയായി. എന്നാൽ ഇത് പണിയായി മാറിയത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന മാതാപിതാക്കൾക്കാണ്.
ഓഫീസിലെ തിരക്കുകളും ടെൻഷനുകളുമെല്ലാം വീട്ടിൽ ഇരുന്ന് തന്നെ കൈകാര്യം ചെയ്യേണ്ട സ്ഥിതിയായി. ഇതിനിടെ വീട്ട് ജോലികളും മക്കളുടെ കാര്യവും കൂടി ശ്രദ്ധിക്കേണ്ടി വന്നതോടെ പലർക്കും ജോലി തന്നെ മടുത്ത മട്ടാണ്. സ്കൂളുകൾ അടച്ചതോടെ കുട്ടികൾക്ക് ഇപ്പോൾ ഓൺലൈൻ ക്ലാസുകളുമില്ല. ഇത്തരം സാഹചര്യത്തിൽ, കുട്ടികളുടെ സ്ക്രീൻ സമയം വർദ്ധിപ്പിക്കാതെ അവരുടെ വളർച്ചയെ സഹായിക്കുന്ന ശരിയായ രീതിയിൽ കാര്യങ്ങൾ എങ്ങനെ ക്രമീകരിക്കാം എന്ന് നോക്കാം.

അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളെ അവരുടെ കളിപ്പാട്ടങ്ങൾ കഴുകാൻ ഏർപ്പെടുത്താം. മാതാപിതാക്കൾ കുട്ടികൾക്ക് കുറച്ച് സോപ്പും വെള്ളവും നൽകി കളിപ്പാട്ടങ്ങൾ കഴുകാൻ അവരോട് ആവശ്യപ്പെടാം. ഈ പ്രവർത്തനം അവരെ തിരക്കിലാക്കുക മാത്രമല്ല. അവരിലെ ശുചിത്വ ശീലം വികസിപ്പിക്കുകയും ചെയ്യും. മിക്ക കുട്ടികൾക്കും വെള്ളത്തിൽ കളിക്കുന്നത് ഇഷ്ടമായതിനാൽ കുട്ടികൾക്ക് ഈ ആക്ടിവിറ്റി തീർച്ചയായും ഇഷ്ടപ്പെടും. എന്നാൽ കേടായേക്കാവുന്ന ഇലക്ട്രോണിക് കളിപ്പാട്ടങ്ങളൊന്നും അവർ കഴുകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
വരകളും വർണങ്ങളും

സ്കെച്ചിംഗ്, കളറിംഗ്, ക്രാഫ്റ്റ് പ്രോജക്റ്റുകൾ തുടങ്ങിയവയിൽ ഏർപ്പെടുന്നതും കുട്ടികൾക്ക് പ്രിയപ്പെട്ട വിനോദ മാർഗമാണ്. അവർക്ക് കളറിംഗ് പുസ്തകങ്ങൾ വാങ്ങി നൽകുന്നതിന് പുറമേ, മാതാപിതാക്കൾക്ക് കുട്ടികളോട് അവരുടെ ഭാവനയനുസരിച്ച് വരയ്ക്കാനും ആവശ്യപ്പെടാം. ഈ പ്രവർത്തനം അവരുടെ സർഗ്ഗാത്മകതയും ഭാവനയും വർദ്ധിപ്പിക്കും. കൂടാതെ അൽപ്പ സമയം മണ്ണിൽ കളിക്കാനും കുട്ടികൾക്ക് അവസരമൊരുക്കാം. കുട്ടികൾ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മാതാപിതാക്കൾക്ക് സമാധാനപരമായി ജോലി ചെയ്യാം.

മാതാപിതാക്കൾക്ക് കുട്ടികളെ വ്യായാമം, യോഗ വീഡിയോകൾ കാണാൻ അനുവദിക്കാം. കൂടാതെ വ്യായാമം ചെയ്യാൻ ശ്രമിക്കാൻകുട്ടികളോട് ആവശ്യപ്പെടുകയും ചെയ്യാം. യോഗയും വ്യായാമ മുറകളും കുട്ടികളെ ആരോഗ്യമുള്ളവരായി നിലനിർത്തുക മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
കുട്ടിയുടെ പ്രായത്തിനനുസരിച്ച് ഇത്തരം നിരവധി പ്രവർത്തനങ്ങൾ മക്കൾക്ക് വേണ്ടി വികസിപ്പിക്കാൻ കഴിയും. മുഴുവൻ സമയവും ഇലക്ട്രോണിക് സ്‌ക്രീനിൽ കുടുങ്ങി പോകാത്ത വിധത്തിൽ ആസ്വാദ്യമായ ദിനചര്യ ഉണ്ടാക്കുന്നത് ശരിക്കും ഒരു വെല്ലുവിളി തന്നെയാണ്. വായനയും വരയും എഴുത്തുമൊക്കെ കുട്ടികളുടെ ദിനചര്യയിൽ ഉൾപ്പെടുത്തിയിരിക്കണം.

ചെസ്സും സുഡോക്കുവും പോലെയുള്ള ബുദ്ധിപരമായ കളികളും അൽപ്പം മുതിർന്ന കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാം. വൈകുന്നേരങ്ങളിൽ അടുത്ത വീടുകളിലെ അറിയാവുന്ന കൂട്ടുകാരുമായി ചേർന്ന് വീടിന്റെ പരിസരത്ത് തന്നെ കളിയ്ക്കാൻ വിടുന്നതും നല്ലതാണ്. ഇതിനൊപ്പം കൈ കഴുകലും ശുചിത്വ പരിപാലനവുമൊക്കെ ഈ അവധിക്കാലത്തിലൂടെ കുട്ടികളുടെ ജീവിത ശീലമായി മാറുകയും വേണം.

Be the first to comment

Leave a Reply

Your email address will not be published.


*