ചൈതന്യവത്താകണം വീടുകള്‍

ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സുധീര്‍ ബാലകൃഷ്ണന്‍ പറയുന്നു.

കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതു സ്വഭാവം?

കേരളത്തിലെ ഗൃഹവാസ്തുകല ഇന്ന് ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. പൊതുജനങ്ങള്‍ക്കിടയില്‍ നിര്‍മ്മാണമേഖലയെ പറ്റിയുള്ള അവബോധം വര്‍ധിച്ചതിനാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്.

സ്വന്തം വീടിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇന്നത്തെ ഉപഭോക്താക്കള്‍ക്കുണ്ട്. വീടുനിര്‍മ്മാണത്തിനായി പ്ലോട്ട് തിരഞ്ഞെടുക്കുന്ന രീതിയില്‍ പോലും ഇത് പ്രകടമാണ്.

മുറ്റത്തു വരെ വാഹനം എത്തുന്ന പ്ലോട്ടില്‍ മാത്രമേ ഇന്ന് വീടുകള്‍ നിര്‍മ്മിക്കാറുള്ളു. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിന് വഴി തെളിച്ചിട്ടുണ്ട്. ഗോവണി ഇന്നൊരു ഡിസൈന്‍ എലിമെന്‍റായി മാറിയിട്ടുണ്ട്.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

വീടു രൂപകല്പന ചെയ്യാന്‍ ആര്‍ക്കിടെക്റ്റുകളെ സമീപിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരുകയാണ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ വീടിന്‍റെ ഘടനയില്‍ കാതലായ മാറ്റം വന്നിട്ടുണ്ട്.

കേരളത്തിലെ കാലാവസ്ഥക്കിണങ്ങുന്ന ഘടകങ്ങള്‍ തങ്ങളുടെ വീട്ടില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഇന്നത്തെ വീട്ടുടമകള്‍ ശ്രദ്ധാലുക്കളാണ്.

അതാതു പരിസരങ്ങള്‍ക്കിണങ്ങുന്ന സൗന്ദര്യത്തേക്കാള്‍ ഉപയുക്തതയ്ക്കു പ്രാമുഖ്യമുള്ള വീടുകള്‍ ഇന്ന് കൂടുതലായി നിര്‍മ്മിക്കപ്പെടുന്നുണ്ട്.

താങ്കള്‍ക്ക് പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?

ശ്വസിക്കുന്ന വീടുകള്‍ രൂപകല്‍പ്പന ചെയ്യാനാണ് എനിക്കിഷ്ടം. വീടിനെ വസ്തുവോ യന്ത്രമോ ആയിട്ടല്ല, ജീവസ്സുറ്റ ചൈതന്യവത്തായ ഒന്നായാണ് ഞാന്‍ കണക്കാക്കുന്നത്.

അതാതു പ്ലോട്ടുകള്‍ക്കിണങ്ങുന്ന സാമഗ്രികളും ഡിസൈന്‍ ശൈലിയുമാകും സ്വീകരിക്കുക. കാലാവസ്ഥയിലും ഭൂമിയുടെ ഘടനയിലും വൈവിധ്യങ്ങള്‍ ഏറെയുള്ള കേരളത്തില്‍ എല്ലായിടത്തും ഒരേ ശൈലിയിലും രൂപത്തിലും വീട് നിര്‍മ്മിക്കുന്നതില്‍ അര്‍ത്ഥമില്ല.

എന്തായിരിക്കും ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?

കേരളത്തില്‍ ഭാവിയില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരാനിടയുണ്ട്. കേരളം കേരളീയന്‍റേതല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുരക്ഷ വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.

നിരീക്ഷണക്യാമറയും വൈദ്യുതവേലിയും കൊണ്ട് സുരക്ഷിതമാക്കിയ കനത്ത മതിലുകളുള്ള വീടുകളാണ് ഇന്ന് നിര്‍മ്മിക്കപ്പെടുന്നവയില്‍ ഭൂരിഭാഗവും.

കേരളത്തനിമ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അഥവാ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വീടിനേക്കാള്‍ ഫ്ളാറ്റുകള്‍ക്ക് സ്വീകാര്യത ഏറി വരുകയാണ്.

വീട് എന്നത് ആവശ്യം എന്നതിലുപരി ആഡംബര ചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ബഡ്ജറ്റിന് പരിമിതിയില്ലാത്ത സ്വപ്നഭവനങ്ങളുടെ നിര്‍മ്മാണമാണിന്നു കൂടുതലായി നടക്കുന്നത്. ഗ്രൂപ്പ് ഹൗസിങ്, ഗേറ്റഡ് കമ്മ്യൂണിറ്റികള്‍ എന്നിവയുടെ സ്വീകാര്യതയും ഏറുന്നുണ്ട്.

ഒരു വീടിന്‍റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?

പരിസരത്തിനിണങ്ങുന്നതും എളുപ്പം പരിപാലിക്കാവുന്നതുമാകണം വീട്.

ഒരു വീടിന്‍റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?

യുക്തിക്കു നിരക്കാത്തതൊന്നും ചെയ്യരുത്. ആഡംബരത്തെക്കാള്‍ ആവശ്യത്തിന് പ്രാമുഖ്യം നല്‍കണം. പഴയ വീട് പൊളിച്ചു നീക്കുന്നതിനു പകരം പുതുക്കിയെടുക്കാന്‍ വീട്ടുടമയെ പ്രോത്സാഹിപ്പിക്കും.

ഒരു കാലഘട്ടത്തിന്‍റെ പ്രതീകമായ പഴയകാല കേരളീയഭവനങ്ങള്‍ തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. അവ നശിച്ചാല്‍ ആ പ്രദേശത്തിന്‍റെ മുഖഛായ തന്നെ മാറിപ്പോയേക്കാം.

പ്രകൃതിയുടെ സ്വഭാവം നശിപ്പിക്കുന്ന പ്രവൃത്തികള്‍ മനുഷ്യരില്‍ നിന്നുണ്ടാകരുത്. ഭൂരിഭാഗം ഇരുനില വീടുകളുടെയും മുകള്‍ നില ഇന്ന് ആള്‍പെരുമാറ്റമില്ലാതെ കിടക്കുകയാണ്.

ബഡ്ജറ്റിന് പരിമിതിയില്ല; പരമാവധി ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ എന്ത് തരം വീടായിരിക്കും താങ്കള്‍ ചെയ്യുക?

ജീവനുള്ള ഒരു വീട്. ശൈലീഭാരങ്ങളില്ലാത്ത ഭൂമിയില്‍ നിന്ന് സ്വാഭാവികമായി ഉയര്‍ന്നു വന്നത് പോലുള്ള ഒരു വീടായിരിക്കും അത്.

വീട് ഒരു പ്രദര്‍ശന വസ്തുവാക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അലങ്കാരവേലകള്‍ കുത്തിനിറച്ച വീട് ഭാവിയില്‍ ബാധ്യത ആകാന്‍ ഇടയുണ്ട്.

നിരന്തര ചര്‍ച്ചകളിലൂടെ ഉടമയുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി അതിനിണങ്ങുന്ന ഒരു വീട് നിര്‍മ്മിച്ച് നല്‍കും. അങ്ങനെ ഒരു വീടേ നിത്യോപയോഗത്തിനിണങ്ങൂ.

പരിമിത ബഡ്ജറ്റുള്ള ഒരു ക്ലയന്‍റിന് വേണ്ടി എന്ത് ഡിസൈന്‍ നിര്‍ദേശിക്കും?

വീടിന്‍റെ വിസ്തൃതി പരമാവധി കുറച്ച് വിവിധോദ്ദേശ്യ ഇടങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തും.

താങ്കളുടെ പ്രോജക്റ്റില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ആധുനികമായ മെറ്റീരിയല്‍/ ഉല്‍പ്പന്നം?

കോംപാക്റ്റ് ലാമിനേറ്റ് ഷീറ്റ്. പെയിന്‍റ് അടിക്കേണ്ടാത്ത, നനയാത്ത, ചിതലരിക്കാത്ത ഈ ഉല്‍പ്പന്നം ടോയ്ലെറ്റുകളില്‍, ക്ലാഡിങ്ങിന്, സ്കിന്‍ വര്‍ക്കിന് അങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്.

താങ്കളുടെ പ്രോജക്റ്റില്‍ ഇനി പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം അഥവാ മെറ്റീരിയല്‍?

ടോയ്ലെറ്റുകള്‍ക്ക് ഏറെ അനുയോജ്യമായ വാട്ടര്‍ പ്രൂഫ് സീംലെസ് പെയിന്‍റ് .

സ്വന്തം വീടിനെകുറിച്ച്?

റോഡ് ലെവലില്‍ നിന്ന് ഒരു നിലയോളം താഴ്ന്നു കിടക്കുന്ന ഒരു പ്ലോട്ടില്‍ പില്ലറുകള്‍ താങ്ങുന്ന ഏറുമാടം പോലൊരു വീട് ചെയ്തുകൊണ്ടിരിക്കുകയാണ് ഞാന്‍. പൂന്തോട്ടത്തിനു മുകളിലെ വീട് എന്നതാണ് എന്‍റെ ആശയം.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് സുധീര്‍ ബാലകൃഷ്ണന്‍, ആര്‍ക്കിടെക്റ്റ്സ് കണ്‍സോര്‍ഷ്യം, തൈക്കാട്, തിരുവനന്തപുരം. ഫോണ്‍: 0471 2322298, 2325999. Email: archsudhir@gmail.com,ac.trivandrum@gmail.com

Be the first to comment

Leave a Reply

Your email address will not be published.


*