ഇന്ത്യ–യുഎഇ വിമാന സർവീസ് സാധാരണ നിലയിലാക്കാൻ ശ്രമം

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് ഷിബു അബുസാലി പറയുന്നു.

കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?

ഗൃഹവാസ്തുകല ഇന്നത്തെ സാമൂഹികമാറ്റങ്ങളെ ഉള്‍ക്കൊണ്ട് പരിണമിക്കുകയാണ്. തീര്‍ത്തും അനിവാര്യമാണ് ഈ മാറ്റം.

ഗൃഹസ്ഥരുടെ തൊഴില്‍, സാമൂഹിക ബോധം, സാമ്പത്തിക സ്ഥിതി, സ്ഥലത്തിന്‍റെ പ്രത്യേകതകള്‍, പരിമിതികള്‍ എന്നിവ കൂടാതെ പരമ്പരാഗത വാസ്തുകല നിഷ്കര്‍ഷിച്ചിരുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ വളരെ സൂക്ഷ്മമായ ഒരു ഡിസൈന്‍ ഇന്ന് നമ്മള്‍ ശീലിച്ചു വരുന്നു.

You May Like: ഹൈടെക് വീട്

ഒരു പക്ഷേ, പരമ്പരാഗത വാസ്തുവിനെക്കുറിച്ച് അറിവില്ലാത്തവര്‍ക്കു പോലും ഉപകരിക്കാന്‍ വേണ്ടി നിഷ്കര്‍ഷിച്ചു പോന്ന ചില മാനദണ്ഡങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് സ്വതന്ത്രവും സുതാര്യവും ശാസ്ത്രീയവുമായി അവരവരുടെ അഭിരുചിക്കനുസരിച്ച് വീടുകള്‍ പണിയാനാണ് ഇന്ന് നമ്മള്‍ ശ്രമിക്കുന്നത്.

അതുമൂലം പൊതുവായ ഒരു ശൈലിയും, സ്വഭാവവും തന്നെ നഷ്ടപ്പെട്ടോ എന്നു തോന്നുന്ന ഒരു അവസ്ഥയും ഇന്ന് സംജാതമാണ്.

പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?

ഓരോ ശൈലിയും ഉടലെടുക്കേണ്ടത് അതാതിന്‍റെ സാഹചര്യങ്ങളില്‍ നിന്നാകണം. അതുകൊണ്ട് തന്നെ വിഭിന്ന സാഹചര്യങ്ങളില്‍ അതാതിന് ചേരുന്ന ശൈലികളാണ് ആവിഷ്കരിക്കാറുള്ളത്.

ALSO READ: ഹരിത ഭംഗിയില്‍

ഗൃഹാതുരത്വം തുളുമ്പുന്ന കേരളത്തിന്‍റെ തനതു ശൈലിയോട് തന്നെയാണ് എന്നും പ്രിയം. എന്നിരുന്നാലും ആവശ്യങ്ങളുടെ ലളിതമായ ആവിഷ്കാരത്തിന് വേണ്ടി മിനിമലിസ്റ്റിക് ആശയങ്ങള്‍ തെരഞ്ഞെടുക്കാറുണ്ട്.

RELATED READING: ശൈലികള്‍ക്കപ്പുറം ഔട്ട്‌ഡേറ്റാവാത്ത ആഡംബര വീട്

പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ആശയങ്ങളുടെ സങ്കലനം എപ്പോഴും പ്രചോദനപരമാണ്.

എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?

പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ആശയങ്ങള്‍ അഥവാ ഗ്രീന്‍ കണ്‍സപ്റ്റ്സ് തന്നെയാകും ഇനിയങ്ങോട്ട് അനിവാര്യമാകുക. അതിനൊപ്പം പഴമയിലെ പുതുമ കണ്ടെത്തല്‍ എന്നും ഒരു ട്രെന്‍ഡായി നിലനില്‍ക്കും.

ഒരു വീടിന്‍റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?

ഓരോ നിര്‍മ്മിതിയും അതാതിന്‍റെ പരിതസ്ഥിതിക്ക് ഇണങ്ങിച്ചേരുന്നതാകണം. അതിലെ ഗൃഹസ്ഥരുടെ ആവശ്യങ്ങള്‍, അഭിരുചികള്‍ എന്നിവയ്ക്ക് ഇണങ്ങുന്നതും എന്നാല്‍ കുടുംബത്തിന്‍റെ ബഡ്ജറ്റിന് ഉള്‍ക്കൊള്ളാവുന്നതും ആവണം.

എപ്പോഴും വായുവും വെളിച്ചവും യഥേഷ്ടം കടന്നു വരുന്ന രീതിയിലായിരിക്കണം അതിന്‍റെ പ്ലാനിങ്. ഇതെല്ലാം ചെന്നു ചേരേണ്ടത് ഉപയോക്താവിന്‍റെ മാനസിക സന്തോഷത്തിലും സംതൃപ്തിയിലുമാണ്.

ഒരു വീടിന്‍റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?

ഡിസൈന്‍ ഒരിക്കലും അതിന്‍റെ ഉപയോക്താവിനും ഭൂമിക്കും ഒരു ഭാരമായിത്തീരരുത്. ഒരു നിര്‍മിതി അടങ്ങുന്ന ഭൂമിയുടേയും അതിനുള്ളിലെ സ്പേസിന്‍റെയും ദുര്‍വിനിയോഗം ഒഴിവാക്കുക.

ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ

ഭാവിതലമുറയെ കൂടി കണക്കിലെടുത്ത് ഊര്‍ജ്ജവും സ്രോതസ്സുകളും മിതമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്തണം.

ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ ഏതു തരം വീടായിരിക്കും ചെയ്യുക?

ഇത്തരത്തിലുള്ള അവസരങ്ങള്‍ അത്യപൂര്‍വ്വവും ഉത്തരവാദിത്വ പൂര്‍ണ്ണവുമാണ്. ഡിസൈന്‍ സാധ്യതകള്‍ ഏറെയാണ്.

ആര്‍ട്ട്, മെറ്റീരിയലുകളുടെ സാധ്യതകള്‍ (Material exploration) സ്പേസ് പ്ലാനിങ്, ഉചിത സാങ്കേതിക വിദ്യയുടെ പ്രയോഗം (use of appropriate technology) എന്നിവ പ്രായോഗികതലത്തില്‍ സമന്വയിപ്പിക്കാനുള്ള ഒരവസരമായി അതിനെ കാണാം.

ക്ലയന്‍റിന്‍റെ അഭിരുചിയും സ്വപ്നങ്ങളും ഒരു ശൈലിയില്‍ എത്തിപ്പെടാന്‍ സഹായിക്കും. അതിനനുകൂലമായ ഭൂപ്രകൃതിയും കൂടെ ഒത്തിണങ്ങിയാല്‍ പൂര്‍ണ്ണതയായി.

പരിമിത ബഡ്ജറ്റുള്ള ക്ലയന്‍റിനു വേണ്ടി?

പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഒരു വീട് നിര്‍മ്മിക്കാനുള്ള ഒരു അവസരമായി കണക്കാക്കി ചുറ്റുവട്ടത്ത് നിന്നു തന്നെ അനുയോജ്യമായ നിര്‍മ്മാണ സാമഗ്രികള്‍ തെരഞ്ഞെടുക്കാം.

പ്ലാനിങ്ങിലെന്ന പോലെ തന്നെ പ്രായോഗിക തലത്തിലും കോസ്റ്റ് എഫക്ടീവ് ആയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തുക. ഡിസൈനിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്തി മിതമായി പ്ലാന്‍ ചെയ്യുക.

ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ആധുനികമായ മെറ്റീരിയല്‍?

ഹോളോ ക്ലേ ബ്ലോക്സ്: പൊറോതേം (Porotherm) ബ്രാന്‍റ്. പ്രത്യേകതകള്‍: പെര്‍ഫറേഷന്‍സ് ഉള്ളത് കൊണ്ട് ശബ്ദ-താപ പ്രതിരോധത്തിന് (sound & thermal insulation) ഉപകരിക്കും.

കനം കുറഞ്ഞ മെറ്റീരിയലാണ് (light weight material). സാധാരണ ഇഷ്ടികയുടെ മൂന്നിലൊന്ന് ഭാരം മാത്രം. സിമന്‍റിന്‍റെയും മണലിന്‍റെയും ഉപയോഗം കുറക്കാന്‍ സഹായിക്കും. ഉപയോഗിക്കാനെളുപ്പം; ചെലവ് കുറയ്ക്കും ((Easy workability & cost saving).

തിരുവനന്തപുരത്തെ ഒരു അപ്പാര്‍ട്ട്മെന്‍റ് പ്രോജക്ററില്‍ ഇവ ഉപയോഗിച്ചിരുന്നു.

ഏതെങ്കിലും പ്രോജക്റ്റില്‍ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം?

ഹോസ്പിറ്റാലിറ്റി പ്രോജക്റ്റുകളില്‍ ബാംബൂ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു.

സ്വന്തം വീടിനെക്കുറിച്ച്?

നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും മാറി, ജോലിയുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്നകന്ന്, ചേക്കേറാന്‍ പറ്റിയ ഒരു കൂട്. അതിനായി പ്രകൃതി രമണീയമായ ഒരു സ്ഥലം കണ്ടെത്തണം.

മലകളും പുഴയും കിളികളുടെ കളകളാരവവും ഒത്തുചേര്‍ന്ന ഒരു സ്ഥലം. അവിടെ കാറ്റും വെളിച്ചവും യഥേഷ്ടം കിട്ടുന്ന, ഒതുങ്ങിയ ഒരു ചെറിയ വീട്. എന്നിരുന്നാലും ചെറിയ ചെറിയ സന്തോഷങ്ങള്‍ പങ്കുവയ്ക്കുവാനുള്ള സ്ഥല സൗകര്യം ഉണ്ടാവണം. അതാണ് എന്‍റെ സ്വപ്നം.

ആര്‍ക്കിടെക്റ്റ് ഷിബു അബുസാലി

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് ഷിബു അബുസാലി, എസ്എ ആര്‍ക്കിടെക്റ്റ്സ്, കവടിയാര്‍, തിരുവനന്തപുരം. ഫോണ്‍: 0471 2315584 Email: sa.architects1@gmail.com

Be the first to comment

Leave a Reply

Your email address will not be published.


*