
ചാറ്റ്ജിപിടിയെ ഓൺലൈൻ ഷോപ്പിംഗ് ലോകത്തേക്ക് എത്തിക്കാൻ ഓപ്പൺഎഐ. ചാറ്റ്ബോട്ടിനുള്ളിൽ നിന്നുതന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന ഒരു ബിൽറ്റ്-ഇൻ പേയ്മെന്റ്, ചെക്ക് ഔട്ട് സംവിധാനത്തിനുവേണ്ടി കമ്പനി ശ്രമം തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഓരോ ഓർഡറിനും ഒരു കമ്മീഷൻ ഈടാക്കുന്നതിലൂടെ ഓപ്പൺഎഐക്ക് ഒരു പുതിയ വരുമാന മാർഗംകൂടി തുറക്കുന്നതാണ് നീക്കം.
നിലവിൽ ചാറ്റ്ജിപിടിയിൽ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ക്ലിക്ക് ചെയ്യാവുന്ന ലിങ്കുകളായാണ് നൽകുന്നത്. ഇത് ഉപയോക്താക്കളെ റീട്ടെയിൽ വെബ്സൈറ്റുകളിലേക്ക് നയിക്കും. എന്നാൽ പുതിയ സംവിധാനത്തിലൂടെ ഉൽപ്പന്നം കണ്ടെത്തുന്നത് മുതൽ വാങ്ങുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഉപയോക്താക്കളെ പ്ലാറ്റ്ഫോമിനുള്ളിൽ തന്നെ നിലനിർത്താനാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നത്. ഈ സംവിധാനം ഓപ്പൺഎഐ ബ്രാൻഡുകൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചർച്ചൾ തുടങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ബാക്കെൻഡ് സാങ്കേതികവിദ്യ നൽകുന്ന ഷോപ്പിഫൈ പോലുള്ള പങ്കാളികളുമായും കമ്പനി ആശയവിനിമയം നടത്തുന്നുണ്ട്. സബ്സ്ക്രിപ്ഷനുകൾക്കപ്പുറം വരുമാനം വർധിപ്പിക്കാനും വൈവിധ്യവത്കരണത്തിനും ഓപ്പൺഎഐ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇ-കൊമേഴ്സിലേക്കുള്ള ചുവടുമാറ്റം.
ചാറ്റ്ജിപിടി പ്ലസും മറ്റ് പ്രീമിയം സേവനങ്ങളും സ്ഥിരമായ വരുമാനം നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗം ഉപയോക്താക്കളും ഇപ്പോഴും സൗജന്യ പതിപ്പാണ് ഉപയോഗിക്കുന്നത്. ഉപയോക്താക്കളിൽ നിന്ന് നേരിട്ട് പണം ഈടാക്കാതെ ഉൽപ്പന്ന വിൽപ്പനയിലൂടെ അവരെ പണമടയ്ക്കുന്ന ഉപഭോക്താക്കളാക്കി മാറ്റാൻ ഓപ്പൺഎഐക്ക് കഴിഞ്ഞാൽ അത് ഒരു പുതിയ ബിസിനസ്സ് മോഡലിന് തുടക്കമിടും. ഓപ്പൺഎഐയുടെ വരുമാനം 2025 ജൂണോടെ 10 ബില്യൺ ഡോളറിലെത്തിയെങ്കിലും, കഴിഞ്ഞ വർഷം കമ്പനിക്ക് ഏകദേശം 5 ബില്യൺ ഡോളർ നഷ്ടം സംഭവിച്ചിരുന്നു എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
Be the first to comment