നടി ശരണ്യ ശശി അന്തരിച്ചു.

കാൻസർ രോഗത്തോട് പൊരുതിയൊടുവിൽ നടി ശരണ്യ ശശി മരണത്തിന് കീഴടങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു നടി. തുടർച്ചയായി ക്യാൻസർ ബാധിതയായ താരം ഓരോ തവണയും തളരാതെ പോരാടുകയായിരുന്നു. ശരണ്യയുടെ അവസ്ഥയിൽ സഹായം തേടി നടി സീമ ജി നായർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. തുടർച്ചയായി രോഗം ആവർത്തിക്കുന്ന പ്രതിഭാസം ഒരു അപൂർവ്വമായ കേസായാണ് ഡോക്ടർമാരും പരിഗണിച്ചിരുന്നത്.എല്ലായ്പ്പോഴും ശരണ്യയ്ക്ക് മികച്ച ചികിത്സ ഒരുക്കാനായി ശരണ്യയുടെ കൂടെയുള്ളവർ ശ്രമിച്ചിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരത്തിന് 2012 ലാണ് ആദ്യം ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു രോഗം കണ്ടെത്തിയത്.പിന്നീട് തുടർച്ചയായ കുറച്ച് കാലം ചികിത്സയുടേത് മാത്രമായിരുന്നു. ബ്രെയ്ൻ ട്യൂമറുമായി ബന്ധപ്പെട്ടും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ടും താരത്തിന് ഇതുവരെ പതിനൊന്നു സർജറികളാണ് നടന്നത്. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം.ശരണ്യയുടെ വരുമാനമായിരുന്നു അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി. രോഗകാലത്തും ദുരിതനാളുകളിലുമൊക്കെ നടി ശരണ്യയ്ക്ക് സീരിയൽ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായർ കൈത്താങ്ങായി കൂടെ നിന്നിരുന്നു.

നടി സീമ ജി നായർ മുന്നിൽ നിന്ന് ശരണ്യക്കായി തിരുവനന്തപുരത്ത് ഒരു വീടും അടുത്തിടെ പണിതു നൽകിയിരുന്നു. ശരണ്യ അഭിനയ രംഗത്തെത്തിയത് ‘ചാക്കോ രണ്ടാമൻ’ എന്ന ചിത്രത്തിലൂടെയാണ്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ച താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ശരീരത്തിൽ ഉണ്ടാക്കിയിട്ടുള്ള വേദനകളുമെല്ലാം മനശക്തി കൊണ്ട് അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക് പിച്ച വെച്ചു തുടങ്ങിയ ശരണ്യയെ വീണ്ടും കാൻസർ കീഴടക്കുകയായിരുന്നു. കഴിഞ്ഞ മാസം ട്യൂമറിനൊപ്പം കൊവിഡ് കൂടി ബാധിച്ചത് ശരണ്യയെ ശാരീരികമായി വല്ലാതെ തളർത്തിയിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു

Be the first to comment

Leave a Reply

Your email address will not be published.


*