മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച “ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ 101 കോടി രൂപ സ്വന്തമാക്കി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. റിലീസ് ചെയ്ത് വെറും ഏഴ് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന പതിനാലാമത്തെ മലയാള ചിത്രമെന്ന ഖ്യാതിയും ആട് 3 സ്വന്തമാക്കി. നടൻ ജയസൂര്യയുടെയും സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെയും കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. കൂടാതെ, ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെ ആദ്യത്തെയും, കാവ്യ ഫിലിംസിന്റെ രണ്ടാമത്തെയും 100 കോടി ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ചേർന്ന് നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
ആദ്യ നാല് ദിനം കൊണ്ട് തന്നെ 87 കോടി രൂപ ഗ്രോസ് നേടിയ ചിത്രം, കുടുംബപ്രേക്ഷകരുടെ വലിയ പിന്തുണയോടെയാണ് പ്രദർശനം തുടരുന്നത്. കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 35 കോടിയിലധികം രൂപ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. ഗൾഫ് മാർക്കറ്റിൽ നിന്ന് മാത്രം 50 കോടിയിലധികം രൂപ ചിത്രം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗും ബോക്സ് ഓഫീസ് ഹിറ്റുമായി മാറിയ ഈ ചിത്രത്തിൽ വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിരിയും ഫാന്റസിയും ഒത്തുചേരുന്ന ഒരു പക്കാ മാസ്സ് എന്റർടൈനറായ ഷാജി പാപ്പന്റെ ഈ ‘ലാസ്റ്റ് റൈഡ്’ തിയേറ്ററുകളിൽ ആവേശം വിതറുകയാണ്.

Be the first to comment