മഞ്ഞു വീഴ്ച ആസ്വദിക്കാൻ ‘മലരി ‘; മഞ്ഞിനാൽ മൂടപ്പെട്ട അതിമനോഹരി

മഞ്ഞിനാൽ മൂടപ്പെട്ട് അതിമനോഹരിയായി നിൽക്കുന്ന ഒരു നാട്. ശീതകാലത്തു ഇങ്ങോട്ടുള്ള യാത്രയും ഇവിടുത്തെ താമസവും കഠിനമെങ്കിലും വസന്തത്തിൽ ആരെയും മോഹിപ്പിക്കുന്നത്രയും സൗന്ദര്യമുണ്ട് മലരി എന്ന ഗ്രാമത്തിന്. നന്ദാദേവി ബയോസ്ഫിയറിനു സമീപത്തായി ദൗലി ഗംഗ താഴ്‌‌‌വരയിലാണ് മലരി സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ, ജോഷിമതിൽ നിന്നു 61 കിലോമീറ്റർ സഞ്ചരിച്ചാൽ മലരിയിൽ എത്തിച്ചേരാം.കടുത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന ഒരിടമാണ് മലരി. ശൈത്യത്തിൽ ഗ്രാമവാസികൾ ഇവിടെ നിന്നും മാറിത്താമസിക്കും. വളരെ കുറച്ചു താമസക്കാർ മാത്രമേ ഈ ഗ്രാമത്തിലുള്ളൂ. വളരെ വൃത്തിയായും മനോഹരവുമായാണ് ഇവർ ഭവനങ്ങൾ സൂക്ഷിക്കുന്നത്. ഇൻഡോ- മംഗോളിയൻ വിഭാഗത്തിൽ ഉൾപ്പെട്ട ഗോത്രവർഗ വിഭാഗമാണ് ഇവിടുത്തെ താമസക്കാർ. ബോട്ടിയ എന്നാണ് ഈ ഗോത്രവർഗത്തിന്റെ പേര്. മരുന്ന് ഉൽപാദിപ്പിക്കുന്ന കമ്പനികൾക്കു ഔഷധ സസ്യങ്ങൾ വിറ്റുമാണ് ഇവർ ഉപജീവനമാർഗം കണ്ടെത്തുന്നത്.

വിനോദത്തിനും ട്രെക്കിങ്ങിനുമായി ധാരാളം സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. ഹൈക്കിങ് ആണ് മലരിയിലെ പ്രധാന ആകർഷണം. നിരവധി ട്രെക്കിങ് പാതകൾ ഈ ഗ്രാമത്തോട് ചേർന്നുണ്ട്. നന്ദാദേവി കൊടുമുടിയിലേക്കുള്ള ട്രെക്കിങ്ങിന്റെ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത് മലരിയിൽ നിന്നും ഇരുപതു കിലോമീറ്റർ മാത്രം അകലെ ലത എന്ന ഗ്രാമത്തിലാണ്. ഇവിടെ നിന്നും ദ്രോണഗിരി മലനിരകളിലേക്കുള്ള ട്രെക്കിങ്ങും സഞ്ചാരികൾക്കു അവിസ്മരണീയമായ അനുഭവമായിരിക്കും.ജോഷ്മതിൽ നിന്നും റോഡ് മാർഗം മലരിയിൽ എത്തിച്ചേരാം. വഴിനീളെ ധാരാളം കാഴ്ചകൾ കാത്തിരിക്കുന്നുണ്ട്. ഹിമാലയൻ താർ, മലയാട്, കസ്തൂരി മാൻ, ഹിമപ്പുലി തുടങ്ങിയ ജീവികളെ കണ്ടുകൊണ്ടായിരിക്കും മുന്നോട്ടുള്ള യാത്ര. ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയർപോർട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഡെറാഡൂണും ഋഷികേഷുമാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നും എയർപോർട്ടിൽ നിന്നും ടാക്‌സികൾ ലഭിക്കും.

മലരി മാത്രമല്ല, ചുറ്റുമുള്ള ഗ്രാമങ്ങളും ഈ യാത്രയിൽ കണ്ടാസ്വദിക്കാവുന്നതാണ്. ചിപ്കോ പ്രക്ഷോപത്തിനു ആരംഭമായ റെനി എന്ന ഗ്രാമവും മലരിയ്ക്ക് സമീപസ്ഥമായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും പതിനെട്ടു കിലോമീറ്റർ യാത്ര ചെയ്താൽ ഇന്ത്യയിലെ അവസാനത്തെ ഗ്രാമമായ നിതിയിൽ എത്തി ചേരാവുന്നതാണ്. ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണിത്. മലരിയിൽ നിന്നും മറ്റുള്ള ഗ്രാമങ്ങളിലേയ്ക്കു യാത്ര ചെയ്യണമെങ്കിൽ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*