
ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭ്യമായ പത്തനംതിട്ട നഗരത്തിൽ നീന്നും രണ്ടു കിലോമീറ്റർ മാത്രം ദൂരത്തിൽ സമുദ്ര നിരപ്പിൽ നിന്നും ഇരുനൂറ് അടി ഉയരത്തിലാണ് ചുട്ടിപ്പാറ സ്ഥിതി ചെയ്യുന്നത്. കല്ലറക്കടവ് റോഡിലൂടെ മലയുടെ അടിവാരത്തിലെത്തിയാൽ, കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയ പടവുകളിലൂടെ ചുട്ടിപ്പാറയിൽ എത്തിച്ചേരാം. സ്ത്രീകളും കുട്ടികളുമടങ്ങിയ കുടുംബങ്ങൾക്കും അനായാസം മുകളിലെത്താവുന്ന രീതിയിലാണ്, പടവുകളുടെ നിർമാണം.
ഇവിടെ നിന്നുള്ള അസ്തമയക്കാഴ്ച അനിതര സാധാരണമായ അനുഭൂതിയാണ്.പ്രകൃതിയുടെ കരവിരുതിൽ മൂന്നു മലനിരകൾ ചേർന്നതാണ് ചുട്ടിപ്പാറ എന്ന ശിലാ നിർമ്മിത അത്ഭുതം. രാമായണ ഐതിഹ്യവുമായി ചേർന്നു നിൽക്കുന്നതാണ് ഈ പ്രകൃതിയുടെ കരവിരുത്. ശ്രീരാമൻ നേരിട്ട് പൂജ കഴിച്ചതായി വിശ്വസിക്കപ്പെടുന്ന ഹരിഹര മഹാദേവ ക്ഷേത്രം ഒരു പ്രധാന ആകർഷണ മാണ്.ചേലവിരിച്ച പാറയും, കാറ്റാടിപാറയും, പുലിപ്പാറയും കണ്ണിനു വിരുന്നാവുന്നു.
സീതാദേവി വസ്ത്രം ഉണക്കുവാൻ ഉപയോഗിച്ച പാറയാണ് ചേല വിരിച്ച പാറ. കാറ്റാടിപ്പാറ പേരുപോലെതന്നെ ഏതു കാലാവസ്ഥയിലും കുളിർകാറ്റിന്റെ സ്പർശമേകുന്ന, വായു ഭഗവാൻ വിശ്രമത്തിനായി തെരെഞ്ഞെടുത്ത പാറയാണ്. പുലിപ്പാറ ഗുഹ കൂടി കണ്ടാലേ സഞ്ചാരം പൂർണമാവുകയുള്ളൂ.ശ്രീരാമ സീതാദേവിമാരുടെ കിടക്കയായിരുന്ന പാറതട്ട് ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു ശുദ്ധ വായുവും, കുളിർകാറ്റും സഞ്ചാരികൾക്ക് നവോന്മേഷം പകരുന്ന അപൂർവതയാണ്.
പകൽ സമയം സന്ദർശിച്ച് അസ്തമയത്തോടെ മലയിറങ്ങണം. ചുട്ടിപ്പാറയിൽ കടകൾ ഇല്ലാത്തതിനാൽ ദീർഘ നേരം ചെലവഴിക്കുവാൻ ഉദ്ദേശിക്കുന്നവർ വെള്ളവും ചെറു ഭക്ഷണങ്ങളും കരുതേണ്ടതാണ്.വർഷത്തിൽ ഏതു സമയവും സന്ദർശിക്കാമെങ്കിലും മഴക്കാലം ഒഴിവാക്കുന്നതാണ് അനുയോജ്യം.മലമുകളിൽനിന്നുള്ള കാഴ്ച തുറക്കുന്നത് പത്തനംതിട്ട നഗരമടക്കമുള്ള വിസ്തൃതമായ ലോകമാണ്. തിരുവല്ല കവിയൂർ ഗുഹാക്ഷേത്രം, കോന്നി ആനകൂട്, കുട്ടവഞ്ചി സവാരി ലഭ്യമായ അടവി ഇക്കോ ടൂറിസം തുടങ്ങിയവയുടെ കണ്ണിയിലേക്ക് ചുട്ടിപ്പാറയും ഇഴചേരുകയാണ്.പത്തനംതിട്ടയുടെ കാനന ഭംഗിയും മാലിന്യ വിമുക്തമായ വായുവും തേടിയെത്തുന്നവരുടെ സഞ്ചാര പട്ടികയിലേക്ക് ഇനി ചുട്ടിപ്പാറയും ചേർത്ത് വെക്കാം .അനുദിനം സഞ്ചാരികൾ ഏറിവരുന്ന ചുട്ടിപ്പാറ, പത്തനംതിട്ടയുടെ ടൂറിസം ഭൂപടത്തിൽ പുതുമകൾ നിറക്കുകയാണ്.
പ്രകൃതി സ്നേഹികൾ, വിനോദ സഞ്ചാരികൾ ഫോട്ടോഗ്രഫി താത്പര്യമുള്ളവർ എന്നിങ്ങനെ യാത്രകളെയും സാഹസികതയെയും ഇഷ്ടപ്പെടുന്ന എല്ലാവർക്കും നിറഞ്ഞ അനുഭവങ്ങൾ ചുട്ടിപ്പാറയിൽ കണ്ടെത്താം.
Be the first to comment