
അധികാരത്തിലെത്തിയാൽ ചേരിതിരിവ് പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുണ്ടാകും. അധികാരത്തിലെത്തിയാൽ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു മുഖ്യമന്ത്രി. ഭരണ കാര്യങ്ങളിൽ മന്ത്രിമാരെ പോലെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം. ലൈഫ് പദ്ധതി എന്ന ആശയം മുന്നോട്ട് വച്ചത് ഒരുദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് ദിവസത്തെ ഭരണപരിശീലന പരിപാടിക്കാണ് തുടക്കമായത്. മുഖ്യമന്ത്രി എത്തും മുമ്പേ മിക്ക മന്ത്രിമാരും ക്ലാസിലെത്തി. തിരുവനന്തപുരം ഐഎംജി ഡയറക്ടർ കെ ജയകുമാർ ഐഎഎസ് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മത്സരം കഴിഞ്ഞു, ഇനി മുന്നിലുള്ളത് ജനം മാത്രമാണെന്നും ഓർമ്മിപ്പിച്ചുക്കൊണ്ട് മുഖ്യമന്ത്രി പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു.
ഭരണസംവിധാനത്തെ കുറിച്ച് കൂടുതൽ അടുത്തറിയുന്നതിനായിരുന്നു ആദ്യ സെഷൻ. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖറാണ് ആദ്യ ക്ലാസെടുത്തത്. ദുരന്തസമയങ്ങളിലെ വെല്ലുവിളികളും, ടീം ലീഡർ എന്ന നിലയിൽ മന്ത്രിയുടെ പ്രവർത്തനവുമാണ് ഇന്നത്തെ മറ്റ് വിഷയങ്ങൾ. ഉദ്യോഗസ്ഥരുമായുള്ള ബന്ധം മുതൽ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിൽ വരെ മന്ത്രിമാർക്ക് മൂന്ന് ദിവസം കൊണ്ട് പരിശീലനം കിട്ടും. പുതുമുഖങ്ങളായ മന്ത്രിമാരെ ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ പ്രാപ്തരാക്കുക ലക്ഷ്യമിട്ടാണ് പ്രത്യേക പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Be the first to comment