
വീടിന് ചുറ്റുമുള്ള പ്രകൃതിയെ ഒരുക്കിയെടുത്ത് സംരക്ഷിക്കുക. ലളിതമായ അർഥത്തിൽ ഇതാണ് ലാൻഡ്സ്കേപ്പിങ്.പലതരം ശൈലികൾ, രൂപഭാവങ്ങൾ എന്നിവയെല്ലാമായി അതിവിശാലമാണ് ലാൻഡ്സ്കേപ്പിന്റെ ലോകം .അഞ്ച് സെന്റ് ആയാലും അമ്പത് സെന്റ് ആയാലും അൽപമൊന്ന് ശ്രദ്ധിച്ചാൽ വീടിനു ചുറ്റും ഭംഗിയുള്ളതും ഉപയോഗപ്രദവുമായ ലാൻഡ്സ്കേപ് ഒരുക്കാം.അതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ.
മനസ്സിൽ തെളിയണം പച്ചപ്പ് …
എല്ലാക്കാര്യത്തിലുമെന്നപോലെ വീടുപണിയുടെ തുടക്കത്തിൽ തന്നെയുള്ള ആസൂത്രണം ലാൻഡ്സ്കേപ്പിങ്ങിന്റെയും മികവ് കൂട്ടും.വീടിനോടു ചേർന്ന് ലാൻഡ്സ്കേപ്പിങ് ചെയ്യേണ്ട സ്ഥലത്തിന്റെ ‘സൈറ്റ് പ്ലാൻ’ തയാറാക്കുകയാണ് ആദ്യപടി.അതിനുശേഷം വീട്ടുകാരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും സംയോജിപ്പിച്ച് ലാൻഡ്സ്കേപ് ഡിസൈൻ രൂപപ്പെടുത്തണം.സ്ഥലത്തിന്റെ സ്വാഭാവികമായ പ്രത്യേകതകൾ, അവിടെയുള്ള മരങ്ങൾ, സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയും ലഭ്യത തുടങ്ങിയ കാര്യങ്ങളും ഇക്കാര്യത്തിൽ സജീവമായി പരിഗണിക്കണം.ഗെയ്റ്റ്, വീട്ടിലേക്കുള്ള പാത, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, ഇരിപ്പിടങ്ങൾ, അടുക്കളത്തോട്ടം തുടങ്ങിയവയ്ക്കെല്ലാം ആദ്യമേ തന്നെ സ്ഥലം നിശ്ചയിച്ച് ക്രമീകരണങ്ങൾ ചെയ്താൽ കാര്യങ്ങൾ എളുപ്പമാകും.
ലാൻഡ്സ്കേപ്പിങ്ങിൽ സോഫ്ട്സ്കേപ്പിങ്, ഹാർഡ്സ്കേപ്പിങ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. നിർമാണപ്രവർത്തനങ്ങളൊന്നും ഇല്ലാതെ സ്ഥലം അതേപോലെ നിലനിർത്തുന്നതാണ് സോഫ്ട്സ്കേപ്പിങ്. നടപ്പാതകൾ, ഇരിപ്പിടങ്ങൾ,അലങ്കാരക്കുളം, ശിൽപങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് ഹാർഡ്സ്കേപ്പിങ്.
മണ്ടത്തരത്തിന്റെ ആശാന്മാർ …
ലാൻഡ്സ്കേപ്പിങ്ങിന്റെ കാര്യത്തിൽ അബദ്ധധാരണകൾ പിന്തുടരുന്നതിൽ മണ്ടൻമാരാണ് മലയാളികൾ. ലോകത്താകമാനം അലയടിച്ചുയർന്ന ഗുണപരമായ വിപ്ലവം ഇന്നും മലയാളിയുടെ വീട്ടുമുറ്റത്തെത്തിയിട്ടില്ല. വീടിനു ചുറ്റുമുള്ള സ്ഥലം ഇടിച്ചു നിരപ്പാക്കി മെക്സിക്കൻ പുല്ലും പിടിപ്പിച്ച ശേഷം വേലിക്കപ്പുറത്തു നിന്ന് കണ്ടാസ്വദിക്കുന്നതാണ് മലയാളിയെ സംബന്ധിച്ചിടത്തോളം ലാൻഡ്സ്കേപ്പിങ്.
വളരെ സൂക്ഷ്മമായ തലത്തിൽ സ്വാഭാവിക പ്രകൃതിയെ സംരക്ഷിക്കുകയും തനത് ആവാസവ്യവസ്ഥയെ നിലനിർത്തി ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിൽ ലാൻഡ്സ്കേപ്പ് ഒരുക്കുന്ന രീതി ആഗോളതലത്തിൽ പ്രചാരമാർജിച്ചിട്ടും അതിനോടു പുറംതിരിഞ്ഞാണ് നമ്മുടെ നിൽപ്പ്. കേവലം പൂച്ചെടികൾ മാത്രം നട്ടുപിടിപ്പിക്കുന്നതിനു പകരം ഫലവൃക്ഷങ്ങളും പച്ചക്കറികളും കൂടി വിളയുന്ന പൂന്തോട്ടം (Edible Garden) എന്ന ആശയത്തിനും ഇപ്പോൾ ആരാധകരേറെയാണ്.
ഭംഗിക്കൊപ്പം പ്രകൃതിക്കും വീട്ടുകാർക്കും പ്രയോജനപ്പെടുന്നതുമായ ലാൻഡ്സ്കേപ്പ് ഒരുക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം…
- സ്ഥലത്തിന്റെ സവിശേഷതകൾ കഴിവതും നിലനിർത്തുക. നിരപ്പാക്കുകയോ മണ്ണിട്ട് ഉയർത്തുകയോ ചെയ്യാതെ ലാൻഡ്സ്കേപ്പ് സജ്ജീകരിക്കുക.കുളങ്ങളും കിണറുകളും മൂടാതെ ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കുക.
- നിലവിലുള്ള മരങ്ങൾ, സസ്യജാലങ്ങൾ എന്നിവ പരമാവധി നിലനിർത്തുക. പുതിയ മരങ്ങളും ചെടികളും വയ്ക്കുമ്പോഴും നാടൻ ഇനങ്ങൾക്ക് മുൻഗണന നൽകുക.
- മുറ്റത്തും പരിസരത്തും പേവ്മെന്റ് ടൈൽ വിരിക്കുന്നത് കഴിവതും ഒഴിവാക്കുക. ടൈൽ വിരിക്കുന്നത് ചൂട് കൂട്ടും. ക്രമേണ ഭൂഗർഭജലനിരപ്പ് കുറയും. കിണറ്റില്‍ വെള്ളം ഇല്ലാതാകും.ഒഴിവാക്കാനാകില്ലെങ്കിൽ മഴവെള്ളം ഭൂമിയിലേക്ക് താഴാൻ സൗകര്യമുള്ള രീതിയിൽ മാത്രം ടൈൽ വിരിക്കുക. ടൈലിനു പകരം പ്രകൃതിദത്ത കല്ലുകളുടെ പാളികളും വിരിക്കാം.
- ലാൻഡ്സ്കേപ്പിൽ സൗരോർജ വിളക്കുകൾ ഉപയോഗിക്കുക. രാത്രിയിൽ തനിയെ പ്രകാശിക്കുകയും സൂര്യനുദിക്കുമ്പോൾ അണയുകയും ചെയ്യുന്ന സെൻസർ പിടിപ്പിച്ച ലൈറ്റുകൾ ലഭ്യമാണ്.
- നിലവിലുള്ള മരങ്ങൾ, സസ്യജാലങ്ങൾ എന്നിവ പരമാവധി നിലനിർത്തുക. പുതിയ മരങ്ങളും ചെടികളും വയ്ക്കുമ്പോഴും നാടൻ ഇനങ്ങൾക്ക് മുൻഗണന നൽകുക.
- ചെടികളും മറ്റും നനയ്ക്കാൻ ഉപയോഗിക്കത്തക്ക രീതിയിൽ മഴവെള്ള സംഭരണി നിർമിക്കാം.അതിനു കഴിഞ്ഞില്ലെങ്കിൽ മഴവെള്ളം ഒഴുക്കിക്കളയാതെ ഭൂമിയിൽ താഴ്ത്താനുള്ള ചരിവുകളും മഴക്കുഴികളുമെങ്കിലും ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കുക.
- ഇലപൊഴിയുന്നു എന്ന കാരണം കൊണ്ട് മരങ്ങൾ മുറിച്ചുമാറ്റരുത്. മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിലും ചൂട് കുറയ്ക്കുന്നതിലും വലിയ സംഭാവന നൽകാൻ വീണുകിടക്കുന്ന ഇലകൾക്ക് കഴിയും. ഒപ്പം ജൈവവ്യവസ്ഥയെ സമ്പുഷ്ടിപ്പെടുത്തുകയും ചെയ്യും.
- ലാൻഡ്സ്കേപ് വെറുതേ കണ്ടാസ്വദിക്കാൻ മാത്രമുള്ളതല്ല എന്ന് തിരിച്ചറിയണം. നടക്കാനും കളിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള ഇടങ്ങൾ ഇവിടെയുണ്ടാകണം. ലാൻഡ്സ്കേപ്പിനെ അകറ്റിനിർത്തി കാണിക്കുന്നതല്ലാതെ അതുമായി ഇഴചേരുന്ന തരത്തിലുള്ള ഡിസൈൻ ആണ് വീടിന് എങ്കിൽ വളരെ നന്നാകും.
- വിഷരഹിതമായ പച്ചക്കറികളും പഴങ്ങളും ലഭിക്കുന്ന അടുക്കളത്തോട്ടം നിർബന്ധമായും ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കണം. ഭംഗി ഒട്ടും കുറയാതെ തന്നെ അടുക്കളത്തോട്ടം നിർമിക്കാനാകും. നിലംമൂടുന്ന പുല്ലിനു പകരം ചീര ഇനങ്ങളും പൂക്കൾക്കു പകരം തക്കാളിയും വഴുതനയും ഉപയോഗിച്ചും ലാൻഡ്സ്കേപ് ആകർഷകമാക്കാം. പപ്പായയും വാഴയുമൊക്കെ നല്ല അലങ്കാരച്ചെടികളാണെന്നു മാത്രമല്ല നല്ല വിളവ് നൽകുകയും ചെയ്യും.
സ്ഥലം പ്രശ്നമല്ല …
ലാൻഡ്സ്കേപ് ഒരുക്കുന്നതിന് സ്ഥലക്കുറവ് ഒരു പ്രശ്നമായി കാണേണ്ട. വെർട്ടിക്കൽ ഗാർഡൻ, റൂഫ് ഗാർഡൻ എന്നിവ വഴി എത്ര ചെറിയ സ്ഥലത്തും പൂന്തോട്ടം നിർമിക്കാം. ചുവരിലും തൂണുകളിലുമൊക്കെ പ്രത്യേകരീതിയിൽ ചട്ടികളും നനയ്ക്കാനുള്ള പൈപ്പുകളും പിടിപ്പിച്ച ശേഷം ചെടികൾ വളർത്തുന്ന സംവിധാനമാണിത്. അപാർട്മെന്റുകളിലും മറ്റും ഏറ്റവും അനുയോജ്യമാണ് ടെറസിലും ബാൽക്കണിയിലും ഒരുക്കുന്നതരം റൂഫ് ഗാർഡൻ. കെട്ടിടം ഡിസൈൻ ചെയ്യുന്ന ഘട്ടത്തിൽ തന്നെ ഇതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യണം.
മണ്ണ് നിറച്ച് അവിടെ ചെടികളും മരങ്ങളും വളർത്താൻ പാകത്തിന് ടെറസിന്റെ കനം, ഉറപ്പ്, വെള്ളം ഒഴുകിപ്പോകാനാവശ്യമായ ചരിവ്, ചോർച്ച ഒഴിവാക്കാനുള്ള മുൻകരുതലുകൾ,ജലസേചനത്തിനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ഏറ്റവും മികച്ച സാങ്കേതികവിദ്യയും സേവനങ്ങളും ഇപ്പോൾ ലഭ്യവുമാണ്. നല്ലൊരു ലാൻഡ്സ്കേപ് ഒഴിവാക്കാൻ അധികം കാരണങ്ങളൊന്നുമില്ലെന്ന് ചുരുക്കം.
Be the first to comment