തല ടാങ്കിലടിച്ച് ലോകത്തിലെ ‘ഏറ്റവും ഒറ്റപ്പെട്ട കൊലയാളിത്തിമിം​ഗലം’, മോചിപ്പിക്കണമെന്ന ആവശ്യം ശക്തം

കനേഡിയൻ പ്രസ് പറയുന്നത് അനുസരിച്ച്, ആനിമല്‍ വെല്‍ഫെയര്‍ സര്‍വീസിന്‍റെ പരിശോധനയിൽ, പാർക്കിലെ മിക്ക മൃഗങ്ങളും ‘വിഷമത്തിലായിരുന്നു’ എന്ന് കണ്ടെത്തി.ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഒരു കൊലയാളിത്തിമിം​ഗലം, ഇത് ‘ക്യാപ്റ്റീവ് ഓർക്ക’ എന്നും ‘ഏകാന്തമായ ഓർക്ക’ എന്നും അറിയപ്പെടുന്നു. 2011 മുതൽ കാനഡയിലെ ഒന്റാറിയോയിൽ മറൈൻലാൻഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ തനിച്ച് കഴിയുകയാണ് കിസ്‌ക എന്ന് പേരായ ഈ കൊലയാളിത്തിമിം​ഗലം. വർഷങ്ങളായി ഇതിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മൃ​ഗസംരക്ഷണപ്രവർത്തകർ രം​ഗത്ത് വരുന്നുണ്ട്. ഈ ഏകാന്തവും പരിതാപകരവുമായ അവസ്ഥ കിസ്കയെ തകർത്തിരിക്കുന്നുവെന്നും അതിനെ മോചിപ്പിക്കണം എന്നുമാണ് ആക്ടിവിസ്റ്റുകളുടെ ആവശ്യം.

അടുത്തിടെ ഒരാൾ പങ്കുവച്ച കിസ്കയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ഫ്രീകിസ്ക എന്ന കാമ്പയിന് ശക്തി പകരുകയുമുണ്ടായി. പാർക്കിൽ ജോലി ചെയ്തിരുന്ന ആക്ടിവിസ്റ്റ് ഫിൽ ഡെമേഴ്സ് ഈ മാസം ആദ്യം പങ്കുവച്ച ഒരു വീഡിയോയിൽ, കിസ്ക അവള്‍ കഴിയുന്ന ടാങ്കിൽ തലയിടിക്കാൻ ശ്രമിച്ചിരുന്നു.വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഫ്രീകിസ്ക ആവശ്യവുമായി ശക്തമായി മുന്നോട്ട് വരുന്നത്.

‘ഈ വീഡിയോ 2021 സെപ്റ്റംബർ 4 -ന് എടുത്തതാണ്. തടവില്‍ വയ്ക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ മറൈൻലാൻഡിൽ പ്രവേശിച്ച് കിസ്കയെ നിരീക്ഷിച്ചു. അവിടെയുള്ള അവസാനത്തെ ഓര്‍ക്ക തന്റെ തല ഭിത്തിയിൽ ഇടിക്കുന്നതാണ് കണ്ടത്. ദയവായി നിങ്ങളിത് ഷെയർ ചെയ്യുക. ഈ ക്രൂരത അവസാനിപ്പിക്കണം. #ഫ്രീ കിസ്‌ക’ എന്ന് ഇതിന് കാപ്ഷന്‍ നല്‍കിയിട്ടുണ്ട്. മുമ്പ്, ഉപയോക്താവ് പങ്കിട്ട മറ്റൊരു വീഡിയോയിൽ, കിസ്‌ക ഉദാസീനമായി ഒഴുകുന്നത് കാണാം. ഡെമേഴ്സിന്റെ അഭിപ്രായത്തിൽ, 2011 മുതൽ അവൾ പൂർണമായും ഒറ്റപ്പെട്ടു ജീവിക്കുകയാണ്.

ഒരിക്കൽ കിസ്ക ഒരു നല്ല ഓർക്കയായിരുന്നുവെങ്കിലും പൂർണ്ണമായ ഒറ്റപ്പെടലും മറ്റേതെങ്കിലും ഓര്‍ക്കകളുമായുള്ള സമ്പര്‍ക്കമില്ലായ്മയും അവളെ തകർക്കുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടതായി ഡെമേഴ്സ് കൂട്ടിച്ചേർത്തു. കനേഡിയൻ പ്രസ് പറയുന്നത് അനുസരിച്ച്, ആനിമല്‍ വെല്‍ഫെയര്‍ സര്‍വീസിന്‍റെ പരിശോധനയിൽ, പാർക്കിലെ മിക്ക മൃഗങ്ങളും ‘വിഷമത്തിലായിരുന്നു’ എന്ന് കണ്ടെത്തി.നിരവധിപ്പേരാണ് കിസ്കയെ ഈ തനിച്ചുള്ള അവസ്ഥയിൽ നിന്നും മാറ്റണം എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*