പി.എഫും ആധാറും ഇന്നുകൂടി ലിങ്ക് ചെയ്യാം

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും.
സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാർക്ക് പി.എഫ്. നിക്ഷേപം പിൻവലിക്കാനും സാധിക്കില്ല. ജീവനക്കാരുടെ പി.എഫ്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ, മേയ് 30 വരെയായിരുന്നു ഇ.പി.എഫും ആധാറും ബന്ധിപ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. പിന്നീടിത് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു. പി.എഫ്. ആനുകൂല്യങ്ങൾ തടസ്സങ്ങളില്ലാതെ ലഭിക്കുന്നതിനും അക്കൗണ്ട് ലളിതമായി കൈകാര്യം ചെയ്യുന്നതിനും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇ.പി.എഫ്.ഒ. അറിയിക്കുന്നത്. ഇ.പി.എഫ്.ഒ.യുടെ മെംബർ സേവ പോർട്ടൽ വഴിയോ ഇ-കെ.വൈ.സി. പോർട്ടൽ വഴിയോ ആധാറും യു.എ.എന്നും ബന്ധിപ്പിക്കാം.

ലിങ്ക് ചെയ്യേണ്ട വിധം

വെബ് സൈറ്റ് (epfindia.gov.in/eKYC/) സന്ദർശിക്കുക. ലിങ്ക് യു.എ.എൻ. ആധാർ ഓപ്ഷൻ ക്ലിക് ചെയ്യുക.അതിനുശേഷം യു.എ.എൻ. നൽകി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. വെരിഫൈ ചെയ്യുക. ശേഷം ആധാർ വിവരങ്ങൾ നൽകി ആധാർ വെരിഫിക്കേഷൻ മോഡ് (മൊബൈൽ ഒ.ടി.പി. അല്ലെങ്കിൽ ഇ-മെയിൽ) സെലക്ട് ചെയ്യുക.
വീണ്ടും ഒരു ഒ.ടി.പി. ആധാർ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് വരും. ഇത് വെരിഫൈ ചെയ്ത് ലിങ്കിങ് നടപടി പൂർത്തിയാക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*