രഹസ്യാന്വേഷണ വിഭാഗത്തിൽ ഇനി വനിതാ പോലീസ് സാന്നിദ്ധ്യം

കോട്ടയം ജില്ലാ പോലീസിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പോലീസ്, രഹസ്യാന്വേഷണ വിഭാഗത്തില്‍ (സ്‌പെഷ്യല്‍ ബ്രാഞ്ചില്‍) നിയമിതയായി.പാലാ പോലീസ് സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉജ്വല ഭാസിയ്ക്കാണ് പുതിയ നിയോഗം. ഇന്ന് തിടനാട് സ്‌റ്റേഷന്‍ പരിധിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥയായി ഉജ്വല ചുമതലയേല്‍ക്കും.

ജില്ലയിലെ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഒരു സ്റ്റേഷന്‍ പരിധിയില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായി ചുമതലയേല്‍ക്കുന്നതെന്ന് കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പി. അനീഷ്. വി. കോര പറഞ്ഞു.19 വര്‍ഷമായി പോലീസില്‍ ജോലി ചെയ്യുന്ന ഉജ്വല ഭാസി വിവിധ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാലാ പോലീസ് സ്റ്റേഷനിലായിരുന്നു.

കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയാണ്. ഭര്‍ത്താവ് അനീഷ് പൂഞ്ഞാര്‍ ഐ. എച്ച്. ആര്‍. ഡി. കോളജിലെ ഓഫീസ് സ്റ്റാഫാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പവന്‍, കിഷന്‍ എന്നിവരാണ് മക്കള്‍.ഇന്നലെ വൈകിട്ട് പാലാ പോലീസ് സ്റ്റേഷനില്‍ സഹപ്രവര്‍ത്തകര്‍ ഉജ്വല യ്ക്ക് യാത്രയയപ്പ് നല്‍കി. എസ്. എച്ച്. ഓ കെ.പി. ടോംസണ്‍ അധ്യക്ഷത വഹിച്ചു. എസ്. ഐ. എം.ഡി. അഭിലാഷ് സംസാരിച്ചു. സഹപ്രവര്‍ത്തകരുടെ വകയായുള്ള ഉപഹാരവും ചടങ്ങില്‍ ഉജ്വലയ്ക്ക് സമ്മാനിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*