
ഒളിമ്പിക്സിൽ നിർണായകമായ മത്സരത്തിൽ സ്പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമായി ഇന്ത്യൻ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ സ്പാനിഷ് പടയെ കീഴടക്കിയത്.ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദർ പാൽ സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ സിമ്രാൻജീത് സിങ്ങും സ്കോർ ചെയ്തു. ആദ്യ രണ്ട് ഗോളുകളും ആദ്യ ക്വാർട്ടറിലാണ് പിറന്നത്. മൂന്നാം ഗോൾ അവസാന ക്വാർട്ടറിലും വന്നു. സ്പെയിൻ മികച്ച ആക്രമണം നടത്തിയെങ്കിലും മലയാളി താരമായ ഗോൾകീപ്പർ പി.ആർ.ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഇന്ത്യയ്ക്ക് തുണയായി.14-ാം മിനിറ്റിൽ സിമ്രൻജിത്തിലൂടെ ഇന്ത്യ ലീഡെടുത്തു. മികച്ച ഫിനിഷിലൂടെ താരം ഇന്ത്യയ്ക്ക് ആദ്യ ഗോൾ സമ്മാനിച്ചു. ആദ്യ ക്വാർട്ടർ അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് രൂപീന്ദർ ഇന്ത്യയുടെ ലീഡ് ഉയർത്തി.
രണ്ടാമത്തെയും മൂന്നാമത്തെയും ക്വാർട്ടറുകളിൽ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ഇന്ത്യ ശ്രദ്ധിച്ചത്. ഓസ്ട്രേലിയയ്ക്കെതിരേ പാളിപ്പോയ പ്രതിരോധനിരയുടെ തന്ത്രങ്ങൾ സ്പെയിനിനെതിരേ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചു. നാലാം ക്വാർട്ടറിൽ, 51-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി കോർണറിലൂടെ രൂപീന്ദർ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം ഗോൾ സ്വന്തമാക്കി. ഇതോടെ സ്പെയിൻ തകർന്നു. ആശ്വാസ ഗോൾ നേടാനായി കിണഞ്ഞുശ്രമിച്ചെങ്കിലും ശ്രീജേഷിന്റെ ഉജ്ജ്വല സേവുകൾ സ്പാനിഷ് പടയ്ക്ക് വിലങ്ങുതടിയായി.ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും ഇന്ത്യ ആറുപോയന്റ് സ്വന്തമാക്കി. നിലവിൽ പൂൾ എ പോയന്റ് പട്ടികയിൽ ഓസ്ട്രേലിയയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ 3-2 എന്ന സ്കോറിന് കീഴടക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയോട് 7-1 എന്ന സ്കോറിന് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. 29 ന് നടക്കുന്ന അടുത്ത മത്സരത്തിൽ കരുത്തരായ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളികൾ.
Be the first to comment