ഇപ്പോൾ ട്രെന്‍ഡ്; ഇൻഡോർ ഗാർഡനിങ്

മുറ്റത്തെ പൂന്തോട്ടത്തേക്കാളും ഇപ്പോൾ താത്പര്യം ഇൻഡോർ ഗാർഡനിങ്ങിലാണ്. എന്നാൽ എല്ലാ ചെടികളെയും നമുക്ക് അകത്തേക്ക് കൂട്ടാനാവില്ല. ലിവിങ് റൂമിലും ബാൽക്കണിയിലും ബെഡ്റൂമിലുമൊക്കെ വെക്കാൻ ചെടികൾ പ്രത്യേകതരമുണ്ട്.ചെടികൾ നട്ടുനനയ്ക്കുമ്പോൾ നമ്മുടെ മനസ്സും ഒന്നു സന്തോഷിക്കും. അകത്തുകയറുമ്പോൾ തന്നെ ഉന്മേഷവും തോന്നും. ഇവിടെ ഇലച്ചെടികളാണ് ഏറ്റവും അനുയോജ്യം. ലിവിങ് റൂം, ബെഡ് റൂം, ഡൈനിങ്ങ് ഹാൾ, അടുക്കള എന്നിവിടങ്ങളിലെ ടീപ്പോയിലോ, മേശയ്ക്ക് മുകളിലോ, വാഷ് കൗണ്ടറിലോ, പ്രത്യേകം തയ്യാറാക്കിയ സ്റ്റാൻഡിലോ എല്ലാം ചെടികൾ വച്ച് മോടിയാക്കാം. പീസ് ലില്ലി, മദർ ഇൻ ലോസ് ടങ് പ്ലാന്റ്, ഫിംഗർ പാം, അരക്ക പാമിന്റെ ഇൻഡോർ ഇനം എന്നീ നാല് തരം ചെടികൾക്ക് മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇവ കൂടാതെ മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ്, സിങ്കോണിയം, ബോസ്റ്റൺ ഫേൺ, ലക്കി ബാംബൂ ഉൾപ്പടെയുള്ള ചെടികൾക്കും ഈ സ്വഭാവ സവിശേഷതയുണ്ട്.

കഴിവതും ഇലപൊഴിയാത്ത ചെടികൾ തിരഞ്ഞെടുക്കാം. മുറിക്കുള്ളിലോ ബാൽക്കണിയിലോ ചെടികൾ വളർത്തുമ്പോൾ അവിടെ ലഭ്യമായ സൂര്യപ്രകാശത്തിന്റെ അളവ് കൂടി പരിഗണിക്കണം. പീസ് ലില്ലി, ഫിംഗർ പാം, ലക്കി ബാംബൂ, സീ സീ പ്ലാന്റ്, അരക്ക പാം തുടങ്ങിയ ചെടികൾ പ്രകാശം കുറഞ്ഞ ഇടങ്ങളിലേക്ക് യോജിച്ചവയാണ്. അധികമായി വെളിച്ചം കിട്ടുന്ന ജനൽപടി, വരാന്ത, ബാൽക്കണി ഇവിടെയെല്ലാം പച്ചക്കൊപ്പം മറ്റു നിറങ്ങളിലുള്ള ഇലകളോട് കൂടിയവയും തിരഞ്ഞെടുക്കാം. മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ്, സിങ്കോണിയം, ആഗ്ളോനിമ, മദർ ഇൻ ലോസ് ടങ് പ്ലാന്റ് തുങ്ങിയവ. അതുപോലെതന്നെ സ്പൈഡർ പ്ലാന്റ്, മണി പ്ലാന്റ്, പീസ് ലില്ലി, സിങ്കോണിയം, മദർ ഇൻ ലോസ് ടങ് പ്ലാന്റ് എന്നീ ചെടികൾ പാത്രത്തിൽ നിറച്ച വെള്ളത്തിൽ വേരുകൾ ഇറക്കിവെച്ച് വളർത്തുന്നതാണ് നല്ലത്. വിസ്താരമുള്ള ചട്ടിയിൽ ഒന്നിൽ കൂടുതൽ ചെടികൾ ഒരുമിച്ചുനടുമ്പോൾ ഒരേ വിധത്തിൽ നനയുകയും വേണം. ഒരേപോലെ സൂര്യപ്രകാശം കിട്ടുന്നതരത്തിലാവണം നടേണ്ടത്. സ്പൈഡർ പ്ലാന്റും സിങ്കോണിയവും ഒരുമിച്ചു ഒരു പാത്രത്തിൽ നട്ടുവളർത്താൻ പറ്റിയ ചെടികളാണ്.

ഇലകളുടെ രണ്ടുവശത്തുമുള്ള അനേകായിരം സുഷിരങ്ങളാണ് ചെടിയുടെ കാര്യക്ഷമത നിർണയിക്കുക. ഇലകളിൽ കാലക്രമേണ പൊടി തങ്ങി നിന്ന് ഈ സുഷിരങ്ങൾ അടഞ്ഞുപോകാൻ സാധ്യതയുണ്ട്. മാസത്തിൽ ഒരിക്കൽ നനഞ്ഞ പഞ്ഞിയോ തുണിയോ ഉപയോഗിച്ച് ഇലകൾ തുടച്ചു വൃത്തിയാക്കുന്നത് ചെടിയുടെ കാര്യശേഷി കൂട്ടാൻ നല്ലതാണ്. കഴിവതും രാസവളങ്ങൾ ഒഴിവാക്കുക. ദുർഗന്ധം പരത്താത്ത മണ്ണിര കമ്പോസ്റ്റ്, നന്നായി ഉണക്കി പൊടിച്ചെടുത്ത ആട്ടിൻകാഷ്ടം തുടങ്ങിയവ വളമായി ഉപയോഗിക്കാം. മിശ്രിതവുമായി കലർത്തിവേണം വളം ഇടാൻ.അകത്തളത്തിൽ വളർത്തുന്ന ചെടികളിൽ നിന്നും അധികമായി ഈർപ്പം നഷ്ടപ്പെടില്ല. അതുകൊണ്ടു തന്നെ അല്പം നനച്ചാലും മതി. അമിതമായി നനയ്ക്കുമ്പോഴാണ് ഇൻഡോർ ചെടികൾ കേടായി പോകുന്നത്. സക്കുലൻഡ്, കള്ളിച്ചെടി ഇനങ്ങൾക്കെല്ലാം പത്തു ദിവസത്തിൽ ഒരിക്കൽ നനച്ചാൽ മതിയാകും. ഇലച്ചെടികൾക്ക് മൂന്നോ നാലോ ദിവസത്തിലൊരിക്കൽ അല്ലെങ്കിൽ ഇലകൾ ചെറുതായി വാടുമ്പോൾ മാത്രം നനയ്ക്കാം. ചെടി നട്ടിരിക്കുന്ന മിശ്രിതത്തിൽ തൊട്ടുനോക്കിയാൽ ഈർപ്പം ഉള്ളതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ നനയ്ക്കേണ്ട ആവശ്യമില്ല. ചെടികൾക്ക് ചുറ്റിലും വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കരുത്. കഴിവതും ഇൻഡോർ ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ ആവശ്യത്തിന് മാത്രം ചെടികൾ നടുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ശ്രദ്ധകിട്ടാതെ പോകുമ്പോൾ ചെടികൾ നശിക്കാനിടയാകും.

Be the first to comment

Leave a Reply

Your email address will not be published.


*