കനത്ത മഴ, പ്രളയം; ജർമ്മനിയിലും ബെൽജിയത്തിലും വൻ നാശനഷ്ടം

കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനിയിലും ബെൽജിയത്തിലും കനത്ത നാശ നഷ്ടം. ഇരു രാജ്യങ്ങളിലുമായി 70 പേർ മരിച്ചതായി അന്താരാഷ്ട്ര വാർത്താ മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലാണ് കൂടുതൽ നഷ്ടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെൽജിയത്തിൽ മാത്രം 11 മരണമാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. നിരവധിയാളുകളെ കാണാതെയായിട്ടുമുണ്ട്.ജര്‍മ്മന്‍ സ്റ്റേറ്റുകളായ റിനേലാന്‍ഡ്- പാലറ്റിനേറ്റ്, നോര്‍ത്ത് റിനേ- വെസ്റ്റ്ഫാലിയ എന്നിവടങ്ങളില്‍ പ്രളയം കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയത്. നെതര്‍ലന്‍ഡിനെയും പ്രളയം മോശമായി ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിന് കാരണമെന്ന് പ്രാദേശിക അധികൃതർ അഭിപ്രായപ്പെടുന്നത്.പ്രളയത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജർമ്മൻ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കായി നിലവിൽ യുഎസിലാണ് മെർക്കൽ ഉള്ളത്. പ്രളയത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി.

പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി പോലീസിനൊപ്പം സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്ടർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വെള്ളം ഉയർന്ന സ്ഥലങ്ങളിൽ മേൽക്കൂരകളിൽ നിരവധി ആളുകളാണ് സഹായം പ്രതീക്ഷിച്ച് നിൽക്കുന്നത്. നിരവധി വീടുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്.ബെല്‍ജിയം നഗരമായ ലിയേജില്‍ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മ്യൂസ് നദിയില്‍ ഒന്നര മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജർമൻ അതിർത്തിയോടു ചേർന്ന മേഖലയിലാണ് ബെൽജിയത്തിൽ പ്രളയക്കെടുതി രൂക്ഷമായത്. പ്രധാന ഹൈവേകളെല്ലാം വെള്ളത്തിനടിയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*