എല്ലാ വർഷവും ജൂലൈയിൽ ഭൂമി കുലുക്കം; സഞ്ചരികൾ അറിയേണ്ട നിഗൂഢ നഗരം

മായൻ സംസ്കാര കാലത്ത് നിർമിക്കപ്പെട്ട ഒരു ചരിത്രനഗരമാണ് മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ചിചെൻ ഇറ്റ്സ. യുനെസ്കോ ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഈ നഗരം 2007 മുതൽ പുതിയ ഏഴു ലോകാദ്ഭുതങ്ങളിൽ ഒന്നാണ്. വര്‍ഷങ്ങളായി ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത നിരവധി സംഭവ വികാസങ്ങള്‍ നടക്കുന്ന ഈ നഗരം ഇന്ന് മെക്സിക്കോയിലെ തന്നെ ലക്ഷക്കണക്കിന്‌ സഞ്ചാരികള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്. 2017ൽ 2.1 ദശലക്ഷം സന്ദർശകരാണ് ഇവിടെ എത്തിച്ചേര്‍ന്നത്.

ഭൂകമ്പം വിതച്ച് സാന്നിധ്യമറിയിക്കുന്ന സര്‍പ്പം

ചിചെൻ ഇറ്റ്സയിലെ പ്രധാന ദൈവസങ്കല്‍പ്പമാണ് കുകുല്‍ക്കന്‍. ചിറകുള്ള ഒരു പാമ്പായി പിറന്ന കുകുല്‍ക്കന്‍ എന്ന തന്‍റെ സഹോദരനെ പെണ്‍കുട്ടി ഗുഹയില്‍ ഒളിപ്പിച്ചു. മറ്റാരും കാണാതെ എല്ലാ ദിവസവും അവള്‍ ഗുഹയില്‍ പോയി സഹോദരന് വേണ്ട ഭക്ഷണവും മറ്റും എത്തിച്ചുകൊടുത്തു. കാലക്രമേണ കുകുല്‍ക്കന്‍ വളര്‍ന്ന് ഭീമാകാരം പ്രാപിച്ചു. പിന്നീട് ഗുഹയില്‍ നിന്നും കടലിലേക്ക് പറന്നു പോയി എന്നാണു കഥ. താന്‍ ജീവനോടെ ഉണ്ടെന്നു കാണിക്കാനായി എല്ലാ വര്‍ഷവും ജൂലൈ മാസത്തില്‍ കുകുല്‍ക്കന്‍ ഭൂമി കുലുക്കും എന്നാണ് സങ്കൽപം. വര്‍ഷംതോറും ജൂലൈ മാസത്തില്‍ ഇവിടെ ഉണ്ടാകുന്ന ഭൂകമ്പം കുകുല്‍ക്കന്‍റെ ഉണ്ടാക്കുന്നതാണ് എന്നാണ് നാട്ടുകാരുടെ വിശ്വാസം.

ചിചെൻ ഇറ്റ്സയില്‍ കുകുല്‍ക്കനായി സമര്‍പ്പിച്ച ഒരു ക്ഷേത്രമുണ്ട്. ഇതിന് ഒരു സഹസ്രാബ്ദത്തില്‍ അധികം പ്രായം കണക്കാക്കിയിട്ടുണ്ട്. എല്‍ കാസ്റ്റിലോ എന്ന് പേരുള്ള ഈ ക്ഷേത്രം സന്ദര്‍ശിക്കാനായി വര്‍ഷംതോറും നിരവധി ആളുകള്‍ ഇവിടെക്കെത്തുന്നു.

1972-ൽ മെക്സിക്കോ നടപ്പിലാക്കിയ പുതിയ പുരാവസ്തു നിയമപ്രകാരം കൊളംബസിനു മുൻപുള്ള എല്ലാ സ്മാരകങ്ങളും ഫെഡറൽ ഉടമസ്ഥതയിൽ ഉൾപ്പെടുത്തുകയുണ്ടായി. അതില്‍ ചിചെൻ ഇറ്റ്സയും ഉള്‍പ്പെടുകയുണ്ടായി. വര്‍ഷംതോറും നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്ന ഈ പ്രദേശത്തേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ അവര്‍ സ്വീകരിച്ചു. ഇവയുടെ ഭാഗമായി കിഴക്ക് ഭാഗത്തുള്ള കാൻകാൻ റിസോർട്ട് പ്രദേശം വിപുലീകരിച്ചു. 1980 കള്‍ ആയതോടെ സഞ്ചാരികളുടെ വരവ് ഗണ്യമായി കൂടി.

പിരമിഡിനുള്ളിലെ രഹസ്യവഴി

കുക്കുൽ‌കന്‍ ക്ഷേത്രത്തിൽ പുരാതനമായ ഒരു പിരമിഡ് ഉണ്ട്. ഇത് വര്‍ഷങ്ങളായി ഗവേഷകരെ ആകർഷിക്കുന്നു. ഈ പിരമിഡിനടിയില്‍ മായന്മാരുടെ പുരാതന വിശ്വാസങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ഭൂഗര്‍ഭ രഹസ്യ പാത ഈയിടെ അവര്‍ കണ്ടെത്തി. ഗവേഷകർ പറയുന്നതനുസരിച്ച്, ഈ രഹസ്യ പാത ഭൂഗർഭജലം നിറഞ്ഞ ഒരു ഗുഹയിലേക്കാണ് നയിക്കുന്നത്. ഈ ഗുഹകള്‍ക്കുള്ളില്‍ മായന്മാര്‍ മനുഷ്യബലി പോലുള്ള ചടങ്ങുകള്‍ നടത്തിയതായാണ് ഗവേഷകരുടെ നിഗമനം.

പുതിയ ലോകാദ്ഭുതങ്ങളില്‍ ഒന്ന്

2007ൽ, ലോകമെമ്പാടും നടത്തിയ വോട്ടെടുപ്പിന് ശേഷം, ചിച്ചൻ ഇറ്റ്സയിലെ കുക്കുൽ‌കന്‍ ക്ഷേത്രമായ എൽ കാസ്റ്റിലോ ലോകത്തെ പുതിയ ഏഴ് അദ്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. സഞ്ചാരികള്‍ക്ക് ക്ഷേത്രം പുറമേ നിന്നു കാണാം. അകത്തു കയറാന്‍ അനുമതിയില്ല.

Be the first to comment

Leave a Reply

Your email address will not be published.


*