രുചികരമായ സാമ്പാർ പൊടി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ ?

പാചകത്തിനാവശ്യമായ മസാലകളൊക്കെ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കിയിരുന്ന കാലമൊക്കെ പോയിമറഞ്ഞിരിക്കുന്നു. പ്രിസർവേറ്റീവ്സും ഫുഡ് കളറുകളും ഒക്കെ ചേർത്ത ഈ പായ്ക്കറ്റ് പൊടികളേക്കാൾ രുചിയും മണവും ഗുണവും കൂടിയ മസാലപ്പൊടികൾ പണ്ട് നമ്മുടെയൊക്കെ വീടുകളിൽ തന്നെ തയ്യാറാക്കിയിരുന്നു.
ഉണ്ടാക്കാൻ യാതൊരു പ്രയാസവുമില്ലെങ്കിലും എങ്ങനെ ഉണ്ടാക്കും എന്നറിയാത്തതാണ് ഇന്ന് ഇത്തരം മസാലക്കൂട്ടുകൾ നമ്മുടെ അടുക്കളകളിൽ ഉണ്ടാകാതിരികാനുള്ള കാരണം. ഇനി ആശങ്ക വേണ്ട ഇനി ഇത് വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം

സാമ്പാർപൊടി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എണ്ണയൊഴിക്കാതെ മൂപ്പിച്ചെടുക്കുകയാണ് വേണ്ടത്.
ആദ്യം വറ്റൽമുളക് തന്നെ മൂപ്പിക്കാം. 15 വറ്റൽമുളക് എടുക്കാം. മുളക് കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നന്നായി മൂത്തു കഴിഞ്ഞാൽ ഇത് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റാം. പെട്ടെന്ന് തണുക്കാൻ വേണ്ടിയാണ് പരന്ന പാത്രത്തിലേക്ക് മാറ്റുന്നത്.

ഇനി കാൽകപ്പ് മല്ലി ഇതുപോലെ മൂപ്പിച്ചെടുക്കുക. തീ കുറച്ച് വച്ച് മൂപ്പിച്ചാൽ ചേരുവകൾ കരിഞ്ഞു പോകില്ല. കാൽ കപ്പ് കടലപ്പരിപ്പ്, രണ്ട് സ്പൂൺ ഉഴുന്ന്, അര ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ ചെറിയ ജീരകം, രണ്ട് തണ്ട് കറിവേപ്പില എന്നിവ ഓരോന്നായി മൂപ്പിച്ചെടുക്കുക.

ചേരുവകളെല്ലാം കൂടി ഒരുമിച്ചിട്ട് മൂപ്പിക്കുന്നത് ചിലത് കരിഞ്ഞു പോകാനും മറ്റുചിലത് നന്നായി മൂക്കാതിരിക്കാനും കാരണമാകും. എല്ലാ ചേരുവകളും മൂപ്പിച്ചു കഴിഞ്ഞാൽ ഇവ ഒരു പരന്ന പാത്രത്തിൽ നിരത്തിയിട്ട് നന്നായി തണുപ്പിച്ചെടുക്കുക. ഇനി വേണം ഇത് പൊടിക്കാൻ.

ഇവ പൊടിക്കാനെടുക്കുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും ഒരു ടീസ്പൂൺ കായപ്പൊടിയും കൂടി ചേർത്ത് പൊടിക്കുക. അല്ലെങ്കിൽ ഇവ സാമ്പാർ ഉണ്ടാക്കുമ്പോൾ പ്രത്യേകം ചേർത്താലും മതി. ഇത്രയുമായാൽ സാമ്പാർപൊടി തയ്യാർ.

ഇനി ഒരു കാര്യം കൂടി പറയാം, ചിലയിടങ്ങളിൽ ഈ ചേരുവകൾക്കൊപ്പം ഒരു സ്പൂൺ കടുകും ഒരു ടേബിൾസ്പൂൺ കുരുമുളകും കൂടി മറ്റു ചേരുവകൾ പോലെ മൂപ്പിച്ച് അവയ്ക്കൊപ്പം പൊടിച്ചു ചേർക്കാറുണ്ട്. ഇവ കൂടിയുണ്ടെങ്കിൽ സാമ്പാറിന് രുചിയും മണവും കൂടും. ഇവ ചേർത്തില്ലെങ്കിലും കുഴപ്പമില്ല.

Be the first to comment

Leave a Reply

Your email address will not be published.


*