കുഞ്ഞു മുറികള്‍ ഭംഗിയായി ഒരുക്കാം ; ഇനി ആശങ്ക വേണ്ട.

മാലാഖമാരെ പോലെയാണ് കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളുടെ കളിയും കാര്യവുമെല്ലാം വളര്‍ന്നു വികസിക്കുന്ന ഇടമാണ് വീട്. അപ്പോള്‍ അവരുടെ ചിന്തയെയും സ്വഭാവത്തെയും ഏറ്റവും സ്വാധീനിക്കുന്ന ഇടവും വീട് തന്നെ. വീട്ടിലെ അവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളാക്കി കുഞ്ഞു കിടപ്പറകളെ എങ്ങനെ ഒരുക്കാം എന്ന് നോക്കാം .

വര്‍ണാഭമായിരിക്കും കുഞ്ഞുങ്ങളുടെ ലോകം. അവരുടെ കിടപ്പറകളും അങ്ങനെ തന്നെയായിക്കൊള്ളട്ടെ. ഇവിടെ തിരഞ്ഞെടുക്കേണ്ട നിറങ്ങളെ കുറിച്ച് മുതിര്‍ന്നവര്‍ക്ക് കൃത്യമായ ബോധ്യം ഉണ്ടാവണം. കണ്ണിനിമ്പം നല്‍കുന്ന തെളിച്ചമുള്ള നിറങ്ങള്‍ തന്നെയാവട്ടെ ചുവരുകള്‍ക്ക് പൂശുന്നത്. പിങ്ക്, നീല, പച്ച,മഞ്ഞ എന്നീ നിറങ്ങളുടെ ഇളം ഷേഡുകള്‍ കുട്ടികളുടെ മുറികള്‍ക്ക് ഏറെ ഇണങ്ങും. അവരില്‍ ഉന്‍മേഷവും ഉണര്‍വും നിലനിര്‍ത്താന്‍ ഈ നിറങ്ങള്‍ സഹായിക്കും. കാഴ്ചയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന ഇരുണ്ട കടും വര്‍ണങ്ങള്‍ പലപ്പോഴും കുഞ്ഞു മനസ്സകളെ അലോസരപ്പെടുത്തിയേക്കാം. പെയിന്‍റുകള്‍ മാത്രമല്ല, അവയെ വെല്ലുന്ന വിധം ചുവരില്‍ പതിക്കുന്ന മനോഹരമായ വാള്‍ പേപ്പറുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. പ്രകൃതി കാഴ്ചകളുടെ പച്ചപ്പുകള്‍ പോലും ഇങ്ങനെ വാങ്ങാന്‍ കിട്ടുന്നു.

കേവലം കിടപ്പറകള്‍ എന്നതിനപ്പുറം കുട്ടികളുടെ അഭിരുചികളെയും കഴിവുകളെയും നിവൃത്തിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യുന്നതായിരിക്കണം ഇവരുടെ മുറികള്‍. അല്‍പമൊക്കെ നടക്കാനും ഇരുന്നു കളിക്കാനുമുള്ള സ്ഥലം മുറിയില്‍ ഉണ്ടാവുന്നത് നല്ലതാണ്. കളിപ്പാട്ടങ്ങളും ചിത്രങ്ങളും മുറിയില്‍ സ്ഥാനം പിടിച്ചോട്ടെ.കുത്തിവരയാണ് കുഞ്ഞുങ്ങളുടെ ആദ്യത്തെ ചിത്രകല. മുമ്പൊക്കെ കുഞ്ഞുങ്ങളുള്ള വീടുകളുടെ അടയാളം കുത്തി വരച്ച ചുവരുകളാണ്. മാറിയ കാലത്തില്‍ ചുവരുകളില്‍ കുത്തിവരക്കുന്ന കുട്ടികളെ ശാസിക്കുന്ന വീട്ടുകാരെ കാണാം. അങ്ങിനെ ചെയ്യുന്നതിനു പകരം അവരുടെ മുറിയില്‍ ഇതിനായി ഒരു ഭാഗം ഒഴിച്ചിടുകയോ, ഒരു ബ്ളാക്ക് ബോര്‍ഡ് സ്ഥാപിക്കുകയോ ആണ് വേണ്ടത്.

ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുമ്പോള്‍ കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ളവയാവുന്നത് നന്നായിരിക്കും. വസ്ത്രം വെക്കാനുള്ള ക്യാബിനറ്റുകള്‍ സ്കൂളിലെ മുതിര്‍ന്ന ക്ളാസുകളില്‍ എത്തുമ്പോഴേക്ക് മതിയാവും. കുഞ്ഞുങ്ങള്‍ക്കായുള്ള ഓമനത്തമുള്ള കൊച്ചു കസേരകള്‍,ടേബിള്‍,ബെഡ് എന്നിവ പ്രത്യേകമായി വാങ്ങാന്‍ കിട്ടും. ചെറു പ്രായത്തില്‍ സുരക്ഷയാണ് പ്രധാനം. ഉരുളുന്ന കസേര പോലുള്ളവ കഴിയുന്നതും ഒഴിവാക്കുക.
ചെറു പ്രായത്തിലുള്ള സഹോദരങ്ങള്‍ക്ക് പൊതുവായ മുറി മതിയാവുമല്ളോ. ഇതിനായി അടുക്കുകളായ ബെഡുകള്‍ മുറിയില്‍ സജ്ജീകരിക്കാം. മുറി അല്‍പം വിശാലതയുള്ളതാണെങ്കില്‍ ഇതില്‍ തന്നെ ഒരു ഭക്ഷണ മേശയും കളിയിടവും ഒരുക്കാം. കുഞ്ഞിളം മനസ്സിനെ താലോലിക്കാന്‍ നിങ്ങള്‍ക്കീയിടത്തില്‍ ഇനിയും ഇനിയും പലതും ഒരുക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*