കോവിഡ് ചികിത്സയ്ക്ക് 5 ലക്ഷം വരെ SBI വായ്പ; അറിയേണ്ടതെല്ലാം

കോവിഡ് -19 ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കു പണം ആവശ്യമുള്ളവര്‍ക്കായി വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ കവച് വ്യക്തിഗത വായ്പാ പദ്ധതിയിലൂടെ അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും.

ഈ വര്‍ഷം ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ കോവിഡ് -19 പോസിറ്റീവ് ആയ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് -19 ചികിത്സയ്ക്കു വായ്പ നല്‍കുന്നതാണു പദ്ധതി. വായ്പയെടുക്കുന്നയാള്‍ ഇതിനകം ചെലവഴിച്ച കോവിഡ് -19 അനുബന്ധ ചികിത്സാ ചെലവുകള്‍ തിരിച്ചുനല്‍കുന്നതും ഈ വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടും.

ശമ്പളക്കാര്‍ക്കു പുറമെ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള ശമ്പളമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്കും വായ്പ ലഭിക്കും. വായ്പ ലഭിക്കാന്‍ ജാമ്യം നല്‍കേണ്ടതില്ല. നിലവിലുള്ള വാഹന, ഭവന രംഗങ്ങളിലേത് ഉൾപ്പെടെയുള്ള വായ്പകൾക്കു പുറമെയാണ് ഈ വായ്പ. 28 മുതൽ 58 വരെ വയസുള്ളവർക്കാണ് വായ്പയ്ക്കു യോഗ്യത. വായ്പയെടുക്കുന്നയാളുടെ അക്കൗണ്ട് ആറുമാസമായി പ്രവർത്തനക്ഷമമായിരിക്കണം.

അഞ്ച് ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പ നിലവില്‍ 8.5 ശതമാനം പ്രതിവര്‍ഷ പലിശയ്ക്കു ലഭ്യമാണ്. മൂന്ന് മാസത്തെ മൊറട്ടോറിയം ഉള്‍പ്പെടുന്ന അഞ്ച് വര്‍ഷമാണ് വായ്പയുടെ കാലാവധി. 60 മാസത്തെ വായ്പ, മൊറട്ടോറിയം സമയത്ത് ഈടാക്കുന്ന പലിശ ഉള്‍പ്പെടെ 57 തുല്യ മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം.

കുറഞ്ഞ വായ്പാ തുക 25,000 രൂപയാണ്. വായ്പയെടുക്കുന്നയാളുടെ യോഗ്യത അനുസരിച്ച് പരമാവധി അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും. ശമ്പളക്കാർക്ക് മൊത്തം മാസ ശമ്പളത്തിന്റെ ആറ് മടങ്ങ് വരെ (പരമാവധി അഞ്ചു ലക്ഷം രൂപ) വായ്പ ലഭിക്കും. മൊത്ത മാസ ശമ്പളം 50,000 രൂപയ്ക്കു മുകളിലായിരിക്കണം. മറ്റുള്ളവർക്ക് മൂന്നു മാസത്തെ വരുമാനത്തിന് തുല്യമായ തുകയായിരിക്കും പരമാവധി ലഭിക്കുക.

വായ്പയ്ക്ക് പ്രോസസിങ് ഫീസോ സെക്യൂരിറ്റി ഡെപ്പോസിറ്റോ പ്രീ-പേയ്‌മെന്റ് പിഴയോ കാലാവധിക്കു മുന്‍പ് അടച്ചുതീര്‍ക്കുന്നതിനു നിരക്കുകളോ ഇല്ല.എസ്ബിഐ ശാഖകൾ വഴിയും ഡിജിറ്റല്‍ ചാനല്‍ വഴിയും (യോനോ ആപ് വഴി മുന്‍കൂട്ടി അംഗീകാരം ലഭിച്ചത്) വായ്പ ലഭ്യമാകും. മുന്‍കൂട്ടി അംഗീകരിച്ച വ്യക്തിഗത വായ്പകള്‍ ഉപഭോക്താവിന്റെ സൗകര്യത്തിനനുസരിച്ച് ഏതു സമയവും യോനോ ആപ്പ് വഴി ലഭിക്കും.

കോവിഡ് -19 ചികിത്സാ ചെലവിനായി എസ്ബിഐ വായ്പ എടുക്കുന്നുണ്ടെങ്കില്‍ അത് കഴിയുന്നത്ര വേഗത്തില്‍ തിരിച്ചടയ്ക്കുന്നതാണ് നല്ലത്. 60 മാസം മുഴുവന്‍ വായ്പ നിലനിര്‍ത്താതിരിക്കാന്‍ ശ്രമിക്കുക. ദീര്‍ഘകാലത്തേക്ക് പലിശ നല്‍കുന്നത് ഒഴിവാക്കാന്‍ തുക നേരത്തേ തന്നെ അടയ്ക്കാന്‍ കഴിയുന്ന പദ്ധതി തയാറാക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*