
തായ്ലൻഡിലെ അതിപ്രശസ്തമായ സഞ്ചാര കേന്ദ്രവും നഗരവുമായ ഫുക്കറ്റ് സഞ്ചാരികളെ കൂട്ടമായി ആകർഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോവിഡിന് ശേഷം പതിയേ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്ന തായ്ലൻഡ്, ജൂലായ് ഒന്നുമുതൽ ഫുക്കറ്റിലേക്ക് സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
അതിനായി ഒരു ഡോളറിന് (ഏകദേശം 72 രൂപ) ഹോട്ടൽ മുറി സഞ്ചാരികൾക്ക് വേണ്ടി ഒരുക്കും. ‘വൺ നൈറ്റ് വൺ ഡോളർ’ എന്ന പദ്ധതി പ്രകാരമാണ് പുതിയ പരിഷ്കാരം സർക്കാർ വരുത്തിയിരിക്കുന്നത്. തായ്ലൻഡ് ടൂറിസം കൗൺസിലാണ് ഈ പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഫുക്കറ്റിൽ മാത്രമാണ് നിലവിൽ സഞ്ചാരികൾക്ക് ഈ ഓഫർ ലഭിക്കുക. വെറും ഒരു ഡോളർ മുടക്കിയാൽ ലോകോത്തര നിലവാരമുള്ള ഹോട്ടൽ മുറികൾ സഞ്ചാരികൾക്ക് ബുക്ക് ചെയ്യാം. ഒരു രാത്രി തങ്ങാനാണ് ഈ തുക മുടക്കേണ്ടത്.
സാധാരണയായി ഫുക്കറ്റിൽ ഒരു റൂമെടുക്കണമെങ്കിൽ 2400 രൂപ മുതൽ 7000 രൂപ വരെ മുടക്കണമായിരുന്നു. എന്നാൽ കോവിഡ് മൂലം സഞ്ചാരികൾ എത്താതായതോടെ ഹോട്ടൽ മേഖലയും ടൂറിസവുമെല്ലാം ശിഥിലമായി. അതിൽ നിന്നും കരകയറാനാണ് പുതിയ പദ്ധതി സർക്കാർ ആവിഷ്കരിച്ചത്.പദ്ധതി വിജയകരമാകുകയാണെങ്കിൽ ബാങ്കോക്ക്, കോഹ് സാമൂയി എന്നീ നഗരങ്ങളിലും ഈ പരീക്ഷണം നടത്തും. നിലവിൽ ഫുക്കറ്റിലേക്ക് കോവിഡ് വാക്സിനെടുത്ത സഞ്ചാരികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും സഞ്ചാരികൾ കൈയ്യിൽ കരുതണം.
Be the first to comment