
വേനൽക്കാലത്ത് ചൂട് അസഹ്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിപ്പോൾ . വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ, വീട് പണിതു കഴിഞ്ഞവരും ഇനി പണിയുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചൂട് നിയന്ത്രിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മേൽക്കൂര പണിയുമ്പോഴാണ്. ചെരിഞ്ഞ മേൽക്കൂരയിൽ റൂഫിന്റെ പരപ്പളവ് കൂടുതലായതിനാൽ അത് വലിച്ചെടുക്കുന്ന ചൂടും കൂടുതലായിരിക്കും. ഇത്തരം മേൽക്കൂരയുള്ള വീടുകൾക്ക് ചൂടുകൂടുതൽ അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇത് കുറയ്ക്കാനായി സ്ലോപ്പിങ്ങ് റൂഫിന്റെ താഴെ ഭാഗത്തായി ത്രികോണാകൃതിൽ വരുന്ന ട്രൈയാംഗുലാർ വോയിഡിൽ കൂടുതൽ വെന്റിലേഷൻ നൽകാം.പരന്ന മേൽക്കൂരയുള്ള വീടുകളിൽ റൂഫ് ടോപ്പ് ഗാർഡൻ വെജിറ്റബിൾ ഗാർഡൻ എന്നിവ പരീക്ഷിക്കാം. പന്തലായി പടർത്താൻ പറ്റുന്ന ചെടികൾ റൂഫ് ടോപ്പ് ഗാർഡനിൽ പരീക്ഷിക്കാം. ഈ ഗ്രീൻ റൂഫിങ്ങ് വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഇത്തരം ഗ്രീൻ റൂഫ് ചെയ്യുമ്പോൾ ടെറസ് ലീക്ക് പ്രൂഫ് ആക്കാനും വെള്ളം കെട്ടിനിൽക്കാതിരിക്കാനും ശ്രദ്ധിക്കണം.
ചുമരുകൾ പണിയുമ്പോൾ ടെറാകോട്ട്, ഹോളോബ്രികസ്, മണ്ണ്, വെട്ടുകല്ല് എന്നിവ ഉപയോഗിച്ച് നിർിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ചുമരിനകത്ത് തർമൽ ഇൻസുലേറ്റിങ്ങ് മെറ്റീരിയലുകൾ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്.
പണ്ടത്തെ വീടുകൾ അധികവും ഓട് മേഞ്ഞതാണ്. അതുകൊണ്ട് തന്നെ വീടിനകത്ത് എപ്പോഴും തണുപ്പുണ്ടായിരുന്നു. വീടിനകത്തു തങ്ങിനിൽക്കുന്ന ചൂട് ഓടുകൾക്കിടയിലൂടെ അനായാസം പുറത്തു പോകും എന്നതിനാലാണ് ഇത്. ഇന്ന് പലയിടത്തും പഴമ നിലനിർത്താൻ ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും കോൺക്രീറ്റ് സ്ലാബ് ചെയ്ത് അതിൽ ഓട് വയ്ക്കുന്നതാണ് കാണുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ചൂട് കുറയില്ല. കാരണം കോൺക്രീറ്റ് ചൂടിനെ ആഗിരണം ചെയ്യും എന്നതു തന്നെ. ഫില്ലർ സ്ലാബുകളിൽ ഓട് മേയുന്നതാണ് കുറച്ചുകൂടി ന്ല്ലത്. ട്രസ് വർക്ക് ചെയ്ത് അതിനുമുകളിൽ ഓടിടുന്നത് വീടിനുള്ളിൽ ചൂട് കുറയ്ക്കാൻ പറ്റിയ മാർഗമാണ്.ചുട്ടുപൊള്ളുന്ന വെയിലിനൊപ്പം ഹ്യുമിഡിറ്റിയും കൂടി വിങ്ങുന്ന കാലാവസ്ഥയാണ് നമ്മുടെ നാട്ടിലേത്. ഈ സാഹചര്യത്തിൽ വീടിനുള്ളിലെ വെന്റിലേഷൻ വലിയ പ്രാധാന്യമുണ്ട്. ഇരുനില വീടുകളാണെങ്കിൽ താഴെ നിലയിൽ നിന്നും ചൂടുപിടിച്ച് മുകളിലേക്കുയരുന്ന വായു പുറത്തേക്കു തള്ളാൻ താഴെ നിലയിൽ വലിയ വെന്റിലേഷൻ സംവിധാനമൊരുക്കണം. വീടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കാൻ ക്രോസ് വെന്റിലേഷൻ സഹായിക്കും. കോർണർ വിൻഡോ നൽകുന്നുണ്ടെങ്കിൽ ആവശ്യമായ സൺഷീൽഡ് നൽകാൻ മറക്കരുത്.
ടെറസിനു മുകളിൽ ഹീറ്റ് റിഫ്ളക്ടിങ് കോട്ടിങ് ഉപയോഗിക്കുന്നതു വഴി ചൂട് കുറയ്ക്കാൻ സാധിക്കും. പരമാവധി 5-6 വർഷം വരെ ഇത് ഈട് നിൽക്കും. മേൽക്കൂരയിൽ ഓടിനടിയിൽ വിരിക്കുന്ന ഹീറ്റ് റിഫ്ളക്ടിങ് ഷീറ്റുകളും ചൂട് കുറയ്ക്കാൻ സഹായിക്കും. റൂഫുകളിൽ ഹീറ്റ് റിഫ്ളക്ടിങ് വൈറ്റ് പെയിന്റ് ഉപയോഗിക്കുന്നത് നല്ലതാണ്. സ്ലോപ്പിങ്ങ് റൂഫിൽ ഉപയോഗിക്കുന്ന റൂഫിങ് ടൈലുകളിൽ ഹീറ്റ് റിഫ്ളക്ടിങ് കോട്ടിങ്ങുള്ളവ ലഭ്യമാണ്
Be the first to comment