ബിടെക് സിവിൽ കഴിഞ്ഞ് മറ്റു സാധ്യതകൾ എന്തൊക്കെയാണ് ?

ബിടെക് സിവിൽ എൻജിനീയറിങ് കഴിഞ്ഞു. സിവിൽ ഒഴികെയുള്ള മേഖലകളിലെ ഉപരിപഠന സാധ്യതകളെന്തൊക്കെയാണ് ?എന്നിങ്ങനെയുള്ള ആശയകുഴപ്പം സ്വാഭാവികമായും ഉണ്ടായേക്കാം.
സിവിൽ എൻജിനീയറിങ് കഴിഞ്ഞ് ഉപരിപഠനം നടത്താവുന്ന ചില അനുബന്ധ മേഖലകളാണ് എൻവയൺമെന്റൽ എൻജിനീയറിങ്, കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്, പ്ലാനിങ്, ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റംസ് തുടങ്ങിയവ. ഐഐടികൾ നടത്തുന്ന ‘ജാം’ (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എംഎസ്‌സി) വഴി എനർജി മാനേജ്മെന്റ്, ഓപ്പറേഷൻസ് റിസർച്, സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സ് എന്നീ വിഷയങ്ങളിലും ഉപരിപഠനം നടത്താം.

താല്പര്യം ഉണ്ടെങ്കിൽ ഇക്കണോമിക്സ്, മറ്റു മാനവിക വിഷയങ്ങൾ, പോപ്പുലേഷൻ സയൻസ്, ഡേറ്റ സയൻസ്, മെറ്റീരിയൽ സയൻസ്, ഇൻഡസ്ട്രിയൽ മാത്‌സ്, മാത്‌സ് & കംപ്യൂട്ടിങ്, അപ്ലൈഡ് മാത്‌സ്, നിയമം, മാനേജ്മെന്റ് എന്നിവയും തിരഞ്ഞെടുക്കാം. പലതിലും ഇന്റഗ്രേറ്റഡ് പിജി- പിഎച്ച്ഡിയുമുണ്ട്. ഒരു നിർമാണ പ്രോജക്ടിന്റെ ആസൂത്രണം, രൂപകൽപന, നിർവഹണം എന്നിവയിൽ മാനേജ്മെൻറ് തത്വങ്ങൾ പ്രയോഗിക്കുന്നതിനെയാണ് കൺസ്ട്രക്‌ഷൻ മാനേജ്മെൻറ് എന്നു പറയുന്നത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്‌ഷൻ മാനേജ്മെൻറ് & റിസർച്ചിന്റെ പുണെ, ഹൈദരാബാദ്, ഡൽഹി, ഗോവ ക്യാംപസുകളിലും കോഴിക്കോട് എൻഐടിയിലും പിജി പ്രോഗ്രാമുകളുണ്ട്. ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചറിലും ചില മുൻനിര സ്വകാര്യ സ്ഥാപനങ്ങളിലും കൺസ്ട്രക്‌ഷൻ മാനേജ്മെൻറ്, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ്, കൺസ്ട്രക്‌ഷൻ ഇക്കണോമിക്സ് എന്നിവയിൽ എംബിഎയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*