
ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡിന്റെ B. 1.617 വകഭേദം കുറഞ്ഞത് 53 രാജ്യങ്ങളിലെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഏഴു രാജ്യങ്ങളിൽ കൂടി ഈ വകഭേദം കണ്ടെത്തിയെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ഉള്ളതിനാൽ B. 1.617 പടർന്ന രാജ്യങ്ങളുടെ ആകെ എണ്ണം 60 ആകും. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് B. 1.617ന് വ്യാപന ശേഷി കൂടുതലാണെന്ന് WHO റിപ്പോർട്ട് പറയുന്നു. എന്നാൽ ഇതുണ്ടാക്കുന്ന രോഗതീവ്രതയെയും അണുബാധ സാധ്യതയെയും കുറിച്ച് പഠനങ്ങൾ നടക്കുന്നതേയുള്ളൂ.ആഗോളതലത്തിൽ കഴിഞ്ഞയാഴ്ച പുതിയ കോവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരികയാണെന്ന് WHO റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 4.1 ദശലക്ഷം പുതിയ കോവിഡ് കേസുകളും 84000 പുതിയ മരണങ്ങളും ആണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനു മുൻപത്തെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ യഥാക്രമം 14 ശതമാനത്തിന്റെയും രണ്ട് ശതമാനത്തിന്റെയും കുറവാണിത്.
യൂറോപ്യൻ മേഖലയിലാണ് ഏറ്റവുമധികം കേസുകളും മരണങ്ങളും കുറഞ്ഞത്. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയാണ് തൊട്ടുപിന്നിൽ. തെക്കുവടക്ക് അമേരിക്കകൾ, കിഴക്കൻ മെഡിറ്ററേനിയൻ, ആഫ്രിക്ക, പശ്ചിമ പസഫിക് മേഖല എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ മുൻ ആഴ്ചയുടെ അതേ തോതിൽ ആണെന്ന് WHO റിപ്പോർട്ട് ചൂണ്ടിക്കാട്ടി.കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞയാഴ്ച മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ്. എന്നാൽ മുൻ ആഴ്ചയെ അപേക്ഷിച്ച് ഇന്ത്യയിൽ കേസുകൾ 23 ശതമാനം കുറഞ്ഞു. ബ്രസീൽ, അർജന്റീന, അമേരിക്ക, കൊളംബിയ എന്നിവിടങ്ങളിലാണ് ഇന്ത്യ കഴിഞ്ഞാൽ കൂടുതൽ കോവിഡ് കേസുകൾ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ബ്രിട്ടനിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട B. 1.1.7 വകഭേദം 149 രാജ്യങ്ങളിലും, ദക്ഷിണാഫ്രിക്കയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട B. 1.351 വകഭേദം 102 രാജ്യങ്ങളിലും ബ്രസീലിലെ P. 1 വകഭേദം 59 രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട B. 1.617 വകഭേദത്തെ ലോകാരോഗ്യസംഘടന മൂന്നായി തിരിക്കുന്നു: B. 1.617.1, B. 1.617.2, B. 1.617.3. ഇതിൽ ആദ്യത്തേത് 41 രാജ്യങ്ങളിലും രണ്ടാമത്തേത് 54 രാജ്യങ്ങളിലും മൂന്നാമത്തേത് ബ്രിട്ടൻ, കാനഡ, ജർമനി, ഇന്ത്യ, റഷ്യ,അമേരിക്ക എന്നീ ആറ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈറസിന്റെ ജനിതക പരിവർത്തനം പ്രതീക്ഷിച്ചതാണെന്നും കൂടുതൽ പേരിലേക്ക് പടരുന്നതോടെ കൂടുതൽ വകഭേദങ്ങൾക്ക് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് കൂട്ടിച്ചേർത്തു.
Be the first to comment