കോവിഡ് ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒന്നാം തരംഗത്തേക്കാള്‍ വളരെയേറെ ഗൗരവതരമാണ് കോവിഡ് രണ്ടാം തരംഗം. രോഗ വ്യാപന നിരക്ക് ആദ്യ ഘട്ടത്തേക്കാള്‍ വളരെ ഉയര്‍ന്ന തോതിലാണ് ഉള്ളത്. കോവിഡ് രോഗ ബാധിതരായി ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. എന്നാല്‍ കോവിഡ് ചികിത്സയ്ക്ക് ചിലവായ തുക ക്ലെയിം ചെയ്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലഭിക്കണമെങ്കില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മിക്ക കോവിഡ് ഇന്‍ഷുറന്‍സ് പ്ലാനുകളിലും വീടുകളിലെ ചികിത്സയ്ക്കും ക്ലെയിം ലഭിക്കുമെന്നത് ഇവിടെ ഓര്‍ക്കേണ്ട ഒരു പ്രധാനകാര്യമാണ്. നിങ്ങള്‍ കോവിഡ് ചികിത്സ കഴിഞ്ഞ് ഇന്‍ഷുറന്‍സ് ക്ലെയിമിന് തയ്യാറെടുക്കുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

രാജ്യത്തെ ഇന്‍ഷുറന്‍സ് നിയന്ത്രിതാവിന്റെ നിര്‍ദേശമനുസരിച്ച് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും കോവിഡ് ക്ലെയിം തീര്‍പ്പാക്കാനെടുക്കുന്ന സമയ ദൈര്‍ഘ്യം കുറച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ സമീപത്തുള്ള ഗവണ്‍മെന്റ് അംഗീകൃത ലാബുകളില്‍ നിന്നും പരിശോധന നടത്തേണ്ടതാണ്.പരിശോധനയില്‍ നിങ്ങള്‍ കോവിഡ് പോസിറ്റീവ് ആണെന്നാണ് വ്യക്തമാകുന്നതെങ്കില്‍ അക്കാര്യവും നിങ്ങള്‍ ഏത് തരത്തിലുള്ള ചികിത്സാ രീതിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കേണ്ടതാണ്. വീട്ടില്‍ തന്നെ ചികിത്സ എടുക്കുകയാണോ, ക്വാറന്റൈന്‍ ആണോ, ആശുപത്രി ചികിത്സ ആവശ്യമാണോ എന്നതൊക്കെ വ്യക്തമായി കമ്പനിയെ അറിയിക്കണം. ക്ലെയിം തീര്‍പ്പാക്കുന്ന സമയത്തുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുവാന്‍ ഇതുവഴി സാധിക്കും. നിങ്ങളുടെ പോളിസിയിലെ നിബന്ധനകള്‍ അനുസരിച്ച് ക്ലെയിം വിലയിരുത്തുവാനും അനുവദിച്ചു നല്‍കുവാനും ഇതുവഴി എളുപ്പത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് സാധിക്കും.

മികച്ച കോവിഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ പലതും ആശുപത്രി വാസത്തിന് മുമ്പും ശേഷവുമുള്ള ചിലവുകള്‍, ആമ്പുലന്‍സ് ചാര്‍ജ്, കോവിഡ് ചികിത്സാ ചിലവ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തുന്നുണ്ട്. നിങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സ തേടുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ട്. ആശുപത്രി ചികിത്സയ്ക്കായ് ഡോക്ടറുടെ നിര്‍ദേശവും ആവശ്യമുണ്ട്. കൂടാതെ എല്ലാ ആശുപത്രി രേഖകളും ബില്ലുകളും സമര്‍പ്പിക്കുകയും ചെയ്യണം.

നിങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയിം തീര്‍പ്പാക്കണമെങ്കില്‍ ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സമ്മറി നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. എത്ര ദിവസം ആശുപത്രി വാസം വേണ്ടി വന്നു എന്നും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവും രോഗിയുടെ അവസ്ഥ എങ്ങനെയാണ് എന്നും ഇതുവഴി ഇന്‍ഷുറന്‍സ് കമ്പനിക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. നിങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റുവര്‍ക്ക് ഹോസ്പിറ്റലിലാണ് ചികിത്സ തേടുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ക്യാഷ്‌ലെസ് ചികിത്സാ സേവനം ലഭിക്കും.എന്നാല്‍ അതേസമയം നെറ്റ്‌വര്‍ക്ക് ആശുപത്രിയിലാണ് ചികിത്സ എങ്കില്‍ നിങ്ങളുടെ ചികിത്സയ്ക്ക് ചിലവായ തുക അതിന് ശേഷം കമ്പനി തിരികെ നല്‍കുകയാണ് ചെയ്യുക. ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ഹെല്‍ത്ത് കാര്‍ഡ്, ഹോസ്പിറ്റല്‍ ഡിസ്ചാര്‍ജ് സമ്മറി, ആശുപത്രി ചികിത്സ നിര്‍ദേശിച്ചുകൊണ്ടുള്ള ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ എന്നിവയാണ് ക്ലെയിം തീര്‍പ്പാക്കുന്നതിനായി ആവശ്യമുള്ള രേഖകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*