അറേബ്യന്‍ സമുദ്രത്തില്‍ ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

അറേബ്യന്‍ സമുദ്രത്തില്‍ ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം

2021 മെയ് 15 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ

എന്നീ  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങിൽ പ്രതീക്ഷിക്കേണ്ടത്.

2021 മെയ് 11 : ഇടുക്കി,മലപ്പുറം

2021 മെയ് 12: ഇടുക്കി

2021 മെയ് 13 : തിരുവനന്തപുരം

2021 മെയ് 14 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം

2021 മെയ് 15 : കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ന്യൂനമർദ രൂപീകരണഘട്ടത്തിൽ കടലാക്രമണം രൂക്ഷമാകാനും തീരാപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ പ്രത്യേക ജാഗ്രത പാലിക്കണം.

ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനൽ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ, ശക്തമായ കാറ്റ് ജാഗ്രത നിർദേശങ്ങൾ പാലിക്കുക. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് കർശനമായി ഒഴിവാക്കുക. കെട്ടിടങ്ങൾക്ക് അകത്തോ വാഹനങ്ങൾക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*