
ഗൃഹവാസ്തുകലയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ആര്‍ക്കിടെക്റ്റ് വിനോദ് കുമാര്‍ എം.എം. പറയുന്നു
കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?
കുറച്ചുവര്‍ഷങ്ങളായിട്ട് നല്ല ഡിസൈനര്‍മാര്‍, നല്ല പ്രോജക്റ്റുകള്‍ ഇവയൊക്കെ കാണുന്നുണ്ട്. പലതരത്തിലുള്ള പല ശൈലിയിലുള്ള വര്‍ക്കുകള്‍, മുമ്പു കാണാത്ത തരത്തിലുള്ള പലതും, യുവ തലമുറയിലെ ആര്‍ക്കിടെക്റ്റുകള്‍ അവതരിപ്പിച്ചു കാണുന്നുണ്ട്. ഇവര്‍ വളരെ ഉത്സാഹശീലരും പുതിയ പരീക്ഷണങ്ങള്‍ നടത്തുവാന്‍ തയ്യാറുള്ളവരും പരിശ്രമശാലികളുമാണ്. അതുകൊണ്ടു തന്നെ കേരളത്തെ സംബന്ധിച്ച് ഇന്ന് വാസ്തുകലയ്ക്ക് പൊതുവെ നല്ല കാലമാണ്.

പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?
പ്രത്യേകിച്ച് ഒരു ശൈലിയോടും പ്രതിപത്തിയില്ല. ഒരു ശൈലിയില്‍, ഒരു ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുവാന്‍ താല്പര്യമില്ല. എല്ലാ ശൈലികളില്‍ നിന്നും ആവശ്യമുള്ളത് എടുക്കാം. ഒരു ശൈലിക്കും ഒരു ചട്ടക്കൂടിനും അപ്പുറം ഡിസൈന്‍ ചെയ്യുവാന്‍ കഴിയണം. അതിലാണ് എനിക്ക് താല്പര്യം. എന്തുശൈലി ആയാലും ഡിസൈനില്‍ കാലഘട്ടം, സമയം ഇവയൊക്കെ രേഖപ്പെടുത്തണം. പ്രായമാകുന്നതിനെ മോശമായി കാണുന്ന രീതിയാണ് ഇന്നുള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്; അത് മനുഷ്യരുടെ കാര്യത്തിലായാലും. ഏതൊരു പ്രോജക്റ്റും അതാത് കാലത്തിന് ഇണങ്ങണം. കാലം, സമയം, ഇവയൊക്കെ പ്രതിഫലിപ്പിക്കുന്നവയാകണം.
എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
പ്രകൃതിയിലേക്ക് മടങ്ങുക എന്നതു തന്നെയാണ് ഇനി വരാന്‍ പോകുന്ന ട്രെന്റ്. പ്രോജക്റ്റുമായി സമീപിക്കുന്ന ക്ലയന്റുകള്‍ മാത്രമല്ല പൊതുവേ എല്ലാവരും ഇക്കോ ഫ്രണ്ട്‌ലി രീതികളെക്കുറിച്ചും, ഉല്പന്നങ്ങളെക്കുറിച്ചും എല്ലാം ബോധവാന്മാരും അത് ജീവിതത്തില്‍ പകര്‍ത്തുന്നതിന്റെ ഗുണം മനസ്സിലാക്കിയിട്ടുള്ളവരുമാണ്. പച്ചക്കറി സ്വയം വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താം. ചൂടുകാലത്ത് കോട്ടണ്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം എന്നിങ്ങനെ പലതും ഇന്ന് ജനങ്ങള്‍ക്ക് അറിവുള്ള കാര്യങ്ങളാണ്. പ്രകൃതിയിലേക്ക് കൂടുതല്‍ അടുക്കുന്ന, ഇറങ്ങിച്ചെല്ലുന്ന, പ്രകൃതിയുമായി സൗഹാര്‍ദ്ദത്തില്‍ തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ആളുകള്‍ ഉണ്ട്. യുവതലമുറയും ഇത്തരം കാര്യങ്ങളോട് പ്രതിപത്തിയുള്ളവര്‍ തന്നെയാണ്.
ഒരു വീടിന്റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?
ആവശ്യമില്ലാത്ത സ്ഥലങ്ങള്‍, പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യല്‍, അനാവശ്യ അലങ്കാരം ഇവയൊന്നും പാടില്ല. ക്ലയന്റും ആര്‍ക്കിടെക്റ്റും തമ്മിലുള്ള ചര്‍ച്ചയില്‍ നിന്നും ആവശ്യങ്ങളും അനാവശ്യങ്ങളും വേര്‍തിരിച്ചറിയണം. വീട് ജീവിക്കാനുള്ളതാണ്. പ്രദര്‍ശിപ്പിക്കുവാനുള്ളതല്ല. വീട് ജീവിതസൗഖ്യം പകരുന്നതാകണം. മറ്റുള്ളവര്‍ കണ്ടിട്ട് ഗംഭീരം എന്നു പുകഴ്ത്തി പറയുന്നതില്‍ അല്ല കാര്യം. പ്രകൃതിയെ പരമാവധി കുറച്ച് ചൂഷണം ചെയ്ത് മെറ്റീരിയലുകള്‍ മിനിമം മാത്രം ഉപയോഗിച്ച് പണിയുക. അത് കല്ല്, മരം, സ്റ്റീല്‍, ഗ്ലാസ് തുടങ്ങി ഏതുമായിക്കൊള്ളട്ടെ. പ്രകൃതിയിലേക്ക് നോക്കിയാല്‍ ഇത് മനസിലാവും. അനാവശ്യമായ ഒന്നും തന്നെ പ്രകൃതി സൃഷ്ടിക്കുന്നില്ല.

ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ ഏതു തരം വീടായിരിക്കും ചെയ്യുക?
ബഡ്ജറ്റിനു എത്ര പരിധിയില്ല എന്നു പറഞ്ഞാലും ശരി ഒരു ഇക്കോ ഫ്രണ്ട്‌ലി വീട്, അതും അമിതമായി പണം ചെലവഴിക്കാതെ ഉണ്ടാക്കുവാനേ ഞാന്‍ ശ്രമിക്കൂ. നമുക്ക് ഉണ്ട് എന്നു കരുതി എന്തും എടുത്ത് അനാവശ്യമായി ചിലവഴിക്കരുത്. അത് പണമായാലും.
സൗന്ദര്യമുണ്ടാക്കുവാന്‍ പണം വാരിക്കോരി ചെലവഴിക്കേണ്ട കാര്യ
മില്ല. വിഭവങ്ങള്‍ ധൂര്‍ത്തടിക്കേണ്ട. പണത്തിനു പരിമിതിയില്ല എന്നുണ്ടെങ്കിലും 10 ലക്ഷത്തിന്റെ ഇറക്കുമതി ചെയ്ത ഇറ്റാലിയന്‍ സോഫ വാങ്ങിയിടാതെ, 15 ലക്ഷത്തിന്റെ ജര്‍മ്മന്‍ മോഡുലാര്‍ കിച്ചന്‍ വാങ്ങി സ്ഥാപിക്കാതെ, പ്രാദേശികരായ പണിക്കാരേയും ആര്‍ട്ട്, ക്രാഫ്റ്റ്
ജോലിക്കാരേയും പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തും. പ്രാദേശിക ഡിസൈ നുകളും, കൈവേലകളും വികസിപ്പിക്കാന്‍ അവസരം നല്‍കും.
ഇറക്കുമതി ചെയ്യാതെ അതുപോലുള്ള ഉല്പന്നങ്ങള്‍ ഇവിടെ ചെയ്ത് എടുക്കുവാന്‍ പറ്റുമോ എന്നുനോക്കും.
പരിമിത ബഡ്ജറ്റുള്ള ക്ലയന്റിനു വേണ്ടി?
അതിനും ഉത്തരം ഇക്കോഫ്രണ്ട്‌ലി വീട് എന്നുതന്നെയായിരിക്കും.
ഒരു സൈറ്റിന് പല രീതികള്‍ ഉണ്ടാവും. ഇവിടുത്തെ ചൂടും, ഹ്യൂമിഡിറ്റിയും നിറഞ്ഞ കാലാവസ്ഥക്കു ചേരുന്നതുമായ ക്ലയന്റിന്റെ ജീവിതത്തിന് ഇണങ്ങുന്ന, ചെലവുകുറഞ്ഞ വീട് ഉണ്ടാക്കും. പ്ലാസ്റ്ററിങ്, ടോട്ടല്‍ ലിന്റല്‍, ഫാള്‍സ് സീലിങ്, ഡെക്കറേഷന്‍ വര്‍ക്കുകള്‍, അമിതമായ മരപ്പണികള്‍ എന്നിങ്ങനെ ഒഴിവാക്കാനാവുന്നതെല്ലാം ഒഴിവാക്കി എക്‌സ്‌പോസ്ഡ് കോണ്‍ക്രീറ്റ് പോലുള്ളവ ഉപയോഗിച്ച് വീട് സുന്ദരമാക്കും.
ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ആധുനികമായ മെറ്റീരിയല്‍?
ആധുനിക മെറ്റീരിയല്‍ എന്നു പറയുന്നതില്‍ തന്നെ വലിയ കാര്യമുണ്ട് എന്ന് എനിക്കു തോന്നുന്നില്ല. 15-20 വര്‍ഷം മുമ്പ് വിട്രിഫൈഡ് ടൈല്‍ എന്നു പറഞ്ഞാല്‍ ആര്‍ക്കും അറിയില്ല. ഇന്നത് എല്ലായിടത്തുമുണ്ട്. ടൈലുകളുടെ കാലം കഴിഞ്ഞ് പുതിയ ഫ്‌ളോറിങ് സാമഗ്രികള്‍ കടന്നു വരുമ്പോള്‍ ഇതിനെ ആധുനികമെന്ന് പറയാന്‍ പറ്റില്ല. നമുക്ക് ലഭ്യമായ മെറ്റീരിയലുകള്‍ ഉപയോഗിക്കാം. അത് എന്തായാലും കാലത്തിന് ചേരുന്നതും ഫാഷന്‍ മാറുന്നതിന് അനുസരിച്ച് മാറാത്തതും ആവണം. ഫാഷന്‍ മാറുന്നതനുസരിച്ച് വസ്ത്രം മാറ്റാനാവും. അതുപോലെ വീട് എപ്പോഴും മാറ്റാനാവുമോ? അതുകൊണ്ട് കാലത്തിനിണങ്ങിയ, എന്നെന്നും നിലകൊള്ളുന്നവ തന്നെ ഉപയോഗിക്കുക. മുതിര്‍ന്ന ആര്‍ക്കിടെക്റ്റുമാരായ ലേ കോര്‍ബുസിയര്‍, ജഫ്രിബാവ എന്നിവരുടെ പ്രോജക്റ്റുകള്‍ നോക്കുക. അവര്‍ നിര്‍മ്മിച്ച പഴക്കം ചെന്ന നിര്‍മ്മിതികള്‍ ഇന്നും ആളുകള്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. മെറ്റീരിയല്‍ ആധുനികമാകുന്നതില്‍ അല്ലകാര്യം. കാലത്തിന് ഇണങ്ങുന്നതില്‍ ആണ്. എന്നു കരുതി പുതു മെറ്റീരിയലുകളെ തളളിക്കളയാറുമില്ല. പോളിഷ്ഡ് കോണ്‍ ക്രീറ്റ്, ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ പോലുള്ളവ ഉപയോഗിക്കാറുമുണ്ട്. ആവശ്യത്തിനു മാത്രം.
ഏതെങ്കിലും പ്രോജക്റ്റില്‍ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം?
മണ്ണ്. പ്ലാസ്റ്ററിങ്ങിനും മറ്റും ധാരാളം ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും ഇനിയുമിനിയും പരീക്ഷണങ്ങള്‍ നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നത് മണ്ണിലാണ്. പലതരത്തിലുള്ള, നിറത്തിലുള്ള മണ്ണ് ഉണ്ട്. ഇവയും എക്‌സ്‌പോസ്ഡ് കോണ്‍ക്രീറ്റും ഉപയോഗിച്ച് വ്യത്യസ്ത ടെക്‌സ്ചറുകള്‍ തീര്‍ക്കാം. വിവിധതരം മണ്ണുകള്‍ ഉപയോഗിച്ച് കൂടുതല്‍ നിര്‍മ്മാണങ്ങള്‍ നടത്തി അതിലൂടെ സ്വയം വെളിപ്പെടണം എന്നതാണ് ആഗ്രഹം.
സ്വന്തം വീടിനെക്കുറിച്ച്?
എന്റെ വീടും ഓഫീസും അടുത്തടുത്താണ്. 1940 ല്‍ പണിതതും അതിനുശേഷം 2 പ്രാവശ്യം ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വഴി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതുമാണ് എന്റെ വീട്. പല ഭാഗങ്ങളും രൂപം മാറ്റിയിട്ടുണ്ട്. പഴയത് എന്തിനേയും പൊളിച്ചുകളയുന്നതിനോടോ, നിരാകരിക്കുന്നതിനോടോ താല്പര്യമില്ല. റീസ്‌റ്റോര്‍ ചെയ്യാന്‍ പറ്റുന്നത് ചെയ്യുകതന്നെ വേണം. എന്റെ ഓഫീസ് ഞങ്ങള്‍ തൃശൂര്‍ക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘കയ്യാല’ ആയിരുന്നു. അതിനെ തികച്ചും ഇക്കോഫ്രണ്ട്‌ലി മെറ്റീരിയലുകള്‍ ഉപയോഗിച്ച് എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇരുന്ന് ജോലിചെയ്യുവാന്‍ പാകത്തിന് മാറ്റിയെടുക്കുകയായിരുന്നു. പഴയതിനെ പൊളിച്ചുകളയാതെ, നശിപ്പിക്കാതെ, കാലത്തിനനുസരിച്ച് മാറ്റിയെടുക്കാം. മാറ്റം വരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടുതാനും. ഇവിടെയാണ് ഒരു ആര്‍ക്കിടെക്റ്റ് വെല്ലുവിളി നേരിടുന്നത്.
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് വിനോദ് കുമാര്‍ എം. എം., ഡി.ഡി ആര്‍ക്കിടെക്റ്റ്‌സ്, തൃശൂര്‍, പൂങ്കുന്നം. ഫോണ്‍: 9895177532,
Email: vinodkumarmm@gmail.com
Be the first to comment