
ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സുജിത് കെ. നടേഷ് പറയുന്നു.
കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതു സ്വഭാവം?
എന്തിനും എല്ലാറ്റിനും എല്ലാവരും പ്രവണതകള്‍ക്കു പിന്നാലെ പായുന്ന ഇക്കാലത്ത് ഉയര്‍ന്നു വരുന്ന വീടുകളില്‍ ഭൂരിഭാഗവും വലിയ ഗൃഹപാഠമൊന്നും ചെയ്യപ്പെടാത്തവയാണ്.
അതായത് ഇവയില്‍ ഭൂരിഭാഗവും സൈറ്റിന്‍റെ സവിശേഷതകളേയോ ഉടമയുടെ അഭിരുചികളേയോ പരിഗണിക്കുന്നില്ല.

ചുറ്റുമുള്ള നിര്‍മ്മിതികളെ അന്ധമായി അനുകരിക്കുന്നതിനു പകരം ആര്‍ക്കിടെക്റ്റുകളെ സമീപിച്ചാല്‍ വ്യയക്ഷമമായ സാമഗ്രികളുപയോഗിച്ച് പ്ളോട്ടിനും പോക്കറ്റിനുമിണങ്ങുന്ന വീടൊരുക്കാന്‍ കഴിയും.
താങ്കള്‍ക്ക് പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?
പരമ്പരാഗത സമകാലികരീതികള്‍ സമന്വയിക്കുന്ന മിശ്രിതശൈലിയോടാണ് എനിക്ക് താല്‍പ്പര്യം.
എന്തായിരിക്കും ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
തറകള്‍, ചുമരുകള്‍, സീലിങ്ങുകള്‍, കൗണ്ടര്‍ടോപ്പുകള്‍ എന്നിവയ്ക്കു പുറമേ ശുചിമുറികള്‍ ഉള്‍പ്പെടെ വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയുള്ള ഇടങ്ങളില്‍ പോലും ഉപയോഗിക്കാവുന്ന ടെക്സ്ചര്‍ പെയിന്‍റുകള്‍ ഇന്നു വിപണിയിലുണ്ട്.

അനായാസം ഉപയോഗിക്കാനും മാറ്റി സ്ഥാപിക്കാനും കഴിയുന്ന ഇവയുടെ ഉപയോഗം വ്യാപകമാകാന്‍ ഇടയുണ്ട്.
ഒരു വീടിന്‍റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?
വെളിച്ചവും വായുവും സമൃദ്ധമായി അകത്തെത്തിക്കുന്ന സ്കൈലൈറ്റുകള്‍. പ്രകൃതി വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വേണം വീട് രൂപകല്‍പ്പന ചെയ്യാന്‍.
ചൂടുവായു പുറന്തള്ളിക്കൊണ്ട് ഗൃഹാന്തരീക്ഷം ഊഷ്മളമാക്കാന്‍ സ്കൈലൈറ്റിന് കഴിയും. ഇവയ്ക്ക് മുകളില്‍ ദൃഢവും എളുപ്പം വൃത്തിയാക്കാവുന്നതുമായ ടഫന്‍ഡ് ഗ്ലാസിടുന്നതാവും അഭികാമ്യം.
ഒരു വീടിന്‍റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?
ഒരു കാരണവശാലും ഡൈനിങ്ങിനു മുകളില്‍ സ്കൈലൈറ്റ് നല്‍കരുത്.
കേവല സൗന്ദര്യത്തിനു വേണ്ടി ഡിസൈന്‍ എലിമെന്‍റുകള്‍ കുത്തിനിറയ്ക്കുന്നതിലല്ല, ആസൂത്രണത്തിലാണ് കാര്യം. അതാതു പ്ലാനുകള്‍ക്ക് അനുയോജ്യമായ ഡിസൈന്‍ എലിമെന്‍റുകളാണ് വീടിനകത്തും പുറത്തും ഉള്‍പ്പെടുത്തേണ്ടത്.

ബഡ്ജറ്റിന് പരിമിതിയില്ല; പരമാവധി ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ എന്ത് തരം വീടായിരിക്കും താങ്കള്‍ ചെയ്യുക?
കോര്‍ട്ട് യാര്‍ഡ്, നീന്തല്‍ക്കുളം എന്നിവയും നിരീക്ഷണ ക്യാമറ ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വിശാലമായ വീട്. തടി, മാര്‍ബിള്‍, ഗ്ലാസ് എന്നിവയുടെ ഡിസൈന്‍ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും.
പരിമിത ബഡ്ജറ്റുള്ള ഒരു ക്ലയന്‍റിന് വേണ്ടി എന്ത് ഡിസൈന്‍ നിര്‍ദേശിക്കും?
തടിയുടെ ഉപയോഗം പരമാവധി കുറയ്ക്കും. സിമന്‍റ് കൊണ്ടാകും നിലമൊരുക്കുക. സ്റ്റീലിന്‍റെയും കോണ്‍ക്രീറ്റിന്‍റെയും സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും.
താങ്കളുടെ പ്രോജക്റ്റില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ആധുനികമായ മെറ്റീരിയല്‍/ ഉല്‍പ്പന്നം?
ബ്രാസ് ഇന്‍ലേകളും, ബ്രാസ് മിററുകളും.
താങ്കളുടെ പ്രോജക്റ്റില്‍ ഇനി പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം അഥവാ മെറ്റീരിയല്‍?
വിവിധോദ്ദേശ്യപരമായി ഉപയോഗിക്കാവുന്ന ടെക്സ്ചറുകള്‍.
സ്വന്തം വീടിനെ കുറിച്ച്?
എക്സ്പോസ്ഡ് കോണ്‍ക്രീറ്റ് സീലിങ്ങുള്ള എന്‍റെ വീട്ടില്‍ സിമന്‍റും ടെറാക്കോട്ടയുമാണ് ഫ്ളോറിങ്ങിനുപയോഗിച്ചത്. വ്യയക്ഷമമായ സാമഗ്രികളുപയോഗിച്ചും കോര്‍ട്ട്യാര്‍ഡ് ഉള്‍പ്പെടുത്തിയും വിശാലമായി ഒരുക്കിയ വീടാണ് അത്.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് സുജിത് കെ.നടേഷ്, സന്‍സ്കൃതി ആര്‍ക്കിടെക്റ്റസ്, 4/79-ആ1, ലേബര്‍ ജംഗ്ഷന്‍, എരൂര്‍, തൃപ്പൂണിത്തുറ-682306, ഫോണ്‍: 0484 2776569
Be the first to comment