സൗഖ്യമരുളണം അകത്തളം

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യു പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് നല്‍കുന്ന ആര്‍ക്കിടെക്ചര്‍ മികവിനുള്ള റെസിഡന്‍ഷ്യല്‍ വിഭാഗത്തിലെ ഗോള്‍ഡന്‍ ലീഫ് അവാര്‍ഡ് ഈ വര്‍ഷം നേടിയത് ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യുവാണ്.

സൗഖ്യം അഥവാ കംഫര്‍ട്ട്. സൗഖ്യത്തിനാണ് ഒരു വീടിന്‍റെ ഡിസൈനില്‍ പ്രഥമ പരിഗണന കിട്ടേണ്ടത്. സുഖകരമായ ഒരു ജീവിതാന്തരീക്ഷം കിട്ടാന്‍ വേണ്ടിയാണ് നാം ഓരോന്നും കൂട്ടിയിണക്കുന്നത്.

ഈ ഭൂമിയെന്നു പറയുന്നത് കുറച്ചുകാലത്തെ ഉപയോഗത്തിനായി നമുക്ക് വാടകയ്ക്ക് കിട്ടിയ ഒന്നാണെന്ന് മനസ്സിലാക്കുക; നമ്മളാരും അതിന്‍റെ അവകാശികളല്ല-ഇതു മനസ്സിലോര്‍ത്താല്‍ തന്നെ പ്രകൃതിയോടു നീതി പുലര്‍ത്തിയുള്ള നിര്‍മ്മാണം മാത്രമേ നാം ചെയ്യുകയുള്ളൂ.

കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?

നാമെല്ലാം വ്യത്യസ്തരാണ്; നമ്മുടെ സൈറ്റുകളും അതുപോലെ തന്നെ വ്യത്യസ്തങ്ങളാണ്. എങ്കില്‍പ്പിന്നെ, എന്തുകൊണ്ടാണ് വീടെന്നതിന്‍റെ ധര്‍മ്മവും ആശയവും മനസ്സിലാക്കാതെ ഒരു വീടിന്‍റെ തനിപ്പകര്‍പ്പ് പോലെ മറ്റൊന്ന് ഉണ്ടാക്കിവയ്ക്കുന്നത്?

നമ്മള്‍ എന്തെന്നും നമ്മള്‍ എന്തു നിര്‍മ്മിക്കുന്നുവെന്നും പുനര്‍വിചിന്തനം ചെയ്യേണ്ട കാലമായിരിക്കുന്നു. നമ്മളില്‍ പലരും വീടിന്‍റെ എക്സ്റ്റീരിയറിലാണ് പലപ്പോഴും ശ്രദ്ധ പുലര്‍ത്താറുള്ളത്; ഇന്‍റീരിയറിലല്ല.

വീടിന്‍റെ എലിവേഷന്‍ എങ്ങനെയാകണം എന്നതിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കാറുള്ളത്. അല്ലാതെ ഇന്‍റീരിയറിലെ സ്പേസുകളുടെ കാര്യത്തിലല്ല. ഇവിടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

പണ്ടുകാലത്തുള്ള നമ്മുടെ പാരമ്പര്യഗൃഹങ്ങള്‍ എപ്പോഴും അതിലെ അന്തേവാസികളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി, സുഖസൗകര്യം ഉറപ്പാക്കി നിര്‍മ്മിക്കപ്പെട്ടവയാണ്.

നമുക്ക് വീടിനുള്ളില്‍ തന്നെ പ്രകൃതിയെ അറിയാന്‍ കഴിയുമായിരുന്നു; അതായിരുന്നു സൗഖ്യത്തിലേയ്ക്കുള്ള താക്കോല്‍. ഇന്ന് മാറിയ ജീവിതരീതികള്‍ക്കനുസരിച്ച് പ്രകൃതിയെ നാം വീടിനു പുറത്താക്കിയിരിക്കുന്നു.

സൂര്യന്‍റെ ഊര്‍ജ്ജം, മഴയുടെ സൗന്ദര്യം, കാറ്റിന്‍റെ കുളിര്‍മ എന്നിവയെല്ലാം അറിഞ്ഞും അനുഭവിച്ചും ജീവിക്കാനുള്ള ഒരു അഭയസ്ഥാനമാകണം നമ്മുടെ വീട്; അല്ലാതെ കഴിഞ്ഞു കൂടാനുള്ള ഒരു വെറും പെട്ടിയാകരുത്.

താങ്കള്‍ക്ക് പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?

നമ്മുടെ പാരമ്പര്യ ജീവിതരീതി വളരെ ലളിതമായിരുന്നു. പണ്ടത്തെ ആവാസസ്ഥലങ്ങളും ആ ലാളിത്യം പ്രദര്‍ശിപ്പിച്ചിരുന്നു. കോര്‍ട്ട്യാര്‍ഡുകള്‍ അഥവാ നടുമുറ്റങ്ങള്‍ ഒന്നിലധികം ആവശ്യങ്ങള്‍ക്കുതകുന്നതായിരുന്നു.

കുടുംബത്തിന് ഒത്തുകൂടാന്‍ ഒരിടം, കുട്ടികളുടെ കളിസ്ഥലം, പൂജാദികാര്യങ്ങള്‍ക്കു പറ്റിയ സ്ഥലം- ഇതിനെല്ലാമുപരിയായി നടുമുറ്റങ്ങള്‍ വീടിന്‍റെ ശ്വാസകോശങ്ങള്‍ പോലെയും പ്രവര്‍ത്തിച്ചിരുന്നു.

കാലാവസ്ഥ, സംസ്കാരം, ജീവിതശൈലി എന്നിവയുടെ പ്രതിഫലനങ്ങളായിരുന്നു ഇവ. ഊര്‍ജ്ജമാകട്ടെ, നിര്‍മ്മാണ സാമഗ്രികളാകട്ടെ, -എന്തും ഏറ്റവും കുറവു മാത്രം ഉപയോഗിക്കുക; ബാക്കിയുള്ളത് ഭാവിയിലേക്ക് കരുതി വയ്ക്കുക.

പ്രകൃതിയ്ക്ക് കൂടി ഉള്ളില്‍ ഇടമുള്ള ‘ജീവസ്സുറ്റ ഇടങ്ങള്‍’ സൃഷ്ടിക്കുക എന്നതാണ് എന്‍റെ പ്രിയപ്പെട്ട ഡിസൈന്‍ നയം. ലളിതമായി പറഞ്ഞാല്‍ കാലാവസ്ഥയോടു പ്രതികരിക്കുന്ന വാസ്തുകല (climate responsive architecture).

എന്തായിരിക്കും ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?

നമ്മള്‍ ജീവിക്കുന്നത് സാങ്കേതികമായി വളരെ മുന്നേറിയിട്ടുള്ള ഒരു ലോകത്താണ്. ഈ സാങ്കേതിക മുന്നേറ്റങ്ങള്‍ തന്നെയാണ് ബില്‍ഡിങ് ഡിസൈനുകളുടെയും ഭാവി നിര്‍ണ്ണയിക്കാന്‍ പോകുന്നത്.

ഹോം ഓട്ടോമേഷന്‍, പ്രീ ഫാബ്രിക്കേഷന്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ നാളത്തെ നിര്‍മ്മാണരംഗം കയ്യടക്കും. ഇതിലൂടെ നമുക്ക് ജോലി ലാഭമുണ്ട്; വേഗം പണി തീര്‍ക്കാനുമാകും.

എന്നാല്‍, നാം ജീവിച്ചു പോരുന്ന ആവാസവ്യവസ്ഥിതിയുടെ സന്തുലനത്തെക്കുറിച്ചു കൂടി നാം ഓര്‍ക്കേണ്ടതാണ്.

ഒരു വീടിന്‍റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?

സൗഖ്യം അഥവാ കംഫര്‍ട്ട്. സൗഖ്യത്തിനാണ് ഒരു വീടിന്‍റെ ഡിസൈനില്‍ പ്രഥമ പരിഗണന കിട്ടേണ്ടത്. സുഖകരമായ ഒരു ജീവിതാന്തരീക്ഷം കിട്ടാന്‍ വേണ്ടിയാണ് നാം ഓരോന്നും കൂട്ടിയിണക്കുന്നത്.

വീടിനകത്തെ ഓരോ ഇടങ്ങള്‍, ഫര്‍ണിച്ചര്‍, നിര്‍മ്മാണ സാമഗ്രികള്‍, നിറങ്ങള്‍, ടെക്സ്ചറുകള്‍ എന്നുവേണ്ട ഓരോന്നും സുഖകരമായ ഒരന്തരീക്ഷം സ്വന്തമാക്കാന്‍ പാകത്തിനാണ് തെരഞ്ഞെടുക്കുന്നത്.

സുഖകരമായ ഒരു സ്പേസ് സൃഷ്ടിക്കണമെങ്കില്‍ അതെന്താണെന്ന് നാം അനുഭവിച്ചറിയണം. ഒരു മരത്തണലില്‍ ഇരിക്കുമ്പോള്‍ കിട്ടുന്ന സുഖവും ഊര്‍ജ്ജവും കെട്ടിടത്തിനകത്തെ ഒരു ഫാനിനടിയിലിരുന്നാല്‍ കിട്ടുകയില്ല.

അപ്പോള്‍, പ്രകൃതി നല്‍കുന്നതായ ആ തനതു സുഖം വീടിനകത്തു കൊണ്ടുവരാനായാലേ സുഖം എന്നത് പൂര്‍ണ്ണമാകുകയുള്ളൂ.

ഒരു വീടിന്‍റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?

നമ്മള്‍ ഒരു അഭയസ്ഥാനം കെട്ടിപ്പടുക്കുമ്പോള്‍, അത് ആ പരിസ്ഥിതിക്കിണങ്ങുന്ന മട്ടില്‍ തന്നെയായിരിക്കാന്‍ ശ്രദ്ധിക്കുക. സൈറ്റിന്‍റെ പ്രത്യേകതകളും, ഭാഷയും മനസ്സിലാക്കുക, ഇതുമൂലം നിര്‍മ്മാണഘട്ടത്തിലും നിര്‍മ്മാണശേഷവും ഉണ്ടാകാവുന്ന കൃത്രിമ ഊര്‍ജ്ജഉപഭോഗം കുറയ്ക്കാനാവും.

ഈ ഭൂമിയെന്നു പറയുന്നത് കുറച്ചുകാലത്തെ ഉപയോഗത്തിനായി നമുക്ക് വാടകയ്ക്ക് കിട്ടിയ ഒന്നാണെന്ന് മനസ്സിലാക്കുക; നമ്മളാരും അതിന്‍റെ അവകാശികളല്ല – ഇതു മനസ്സിലോര്‍ത്താല്‍ തന്നെ പ്രകൃതിയോടു നീതി പുലര്‍ത്തിയുള്ള നിര്‍മ്മാണം മാത്രമേ നാം ചെയ്യുകയുള്ളൂ.

ALSO READ: ഹരിത ഭംഗിയില്‍

അതുകൊണ്ട് സ്വാഭാവിക വെളിച്ചവും വെന്‍റിലേഷനുമുള്ള സ്ഥലങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഊര്‍ജ്ജഉപഭോഗം പരമാവധി കുറയ്ക്കുക.

ബഡ്ജററിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട്. എങ്കില്‍ എന്തുതരം വീടായിരിക്കും താങ്കള്‍ ചെയ്യുക?

ഇത്തരമൊരു പ്രോജക്റ്റ് വരുമ്പോള്‍ ആരാണ് ക്ലയന്‍റ്, എങ്ങനെയാണ് സൈറ്റ് – എന്നീ രണ്ടു കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.

ഡിസൈന്‍ എന്നത് എപ്പോഴും സൈറ്റിന് അനുസൃതമായിട്ടും ക്ലയന്‍റിന്‍റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായിട്ടും ഉരുത്തിരിഞ്ഞു വരുന്ന ഒന്നായതുകൊണ്ട് ഞങ്ങള്‍ ആര്‍ക്കിടെക്റ്റുകള്‍ എപ്പോഴും ക്ലയന്‍റിനും സൈറ്റിനുമിടയിലുള്ള മധ്യവര്‍ത്തികളായാണ് എപ്പോഴും നിലകൊള്ളാറുള്ളത്.

ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ

പ്രസ്തുത സൈറ്റില്‍ ഏറ്റവും നല്ലത് ഏത് അത് ക്ലയന്‍റിന് സാധ്യമാക്കിക്കൊടുക്കുക എന്നതാണ് കര്‍ത്തവ്യം. ബഡ്ജറ്റ് ഒരു പരിമിതിയല്ലായെങ്കില്‍ പരമാവധി ഊര്‍ജ്ജക്ഷമതയുള്ള, സ്വയം പര്യാപ്തമായ ഒരു കെട്ടിടം പണിതു നല്‍കാനാണ് ഞാന്‍ ശ്രമിക്കുക.

അത്തരം ഒരു വീടിന് സ്വന്തമായി നിലനില്‍ക്കാനാകും. ചുറ്റുപാടുമുള്ളവയെ തന്‍റെ കൂടെ വളരാന്‍ സഹായിക്കാനും കഴിയും.

പരിമിത ബഡ്ജറ്റുള്ള ഒരു ക്ലയന്‍റിനു വേണ്ടി എന്തു ഡിസൈന്‍ നിര്‍ദ്ദേശിക്കും?

പരിമിത ബഡ്ജറ്റുള്ള പ്രോജക്റ്റാണെങ്കിലും അടിസ്ഥാനാശയങ്ങള്‍ മേല്‍പ്പറഞ്ഞവ തന്നെ. ഏതു പ്രോജക്റ്റിലും ‘സുഖം’ എന്നതാണ് ലക്ഷ്യമാക്കേണ്ടത്.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

ഏരിയയ്ക്കനുസരിച്ചാണ് ബഡ്ജറ്റ് അധികരിക്കുന്നത് എന്നതുകൊണ്ട് കുറഞ്ഞ ചെലവില്‍ ഒരു വീടു ചെയ്യുമ്പോള്‍ കുറഞ്ഞ ഏരിയയില്‍ ‘വിവിധോപയോഗ ഇടങ്ങള്‍’ (Multi
Functional Spaces) അഥവാ ആവശ്യാനുസൃതം എങ്ങനെയും മാറ്റിയെടുക്കാവുന്ന ഇടങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കും.

ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യു

ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ വിവിധതരം നിര്‍മ്മാണസാമഗ്രികള്‍ കണ്ടെത്തി ഉപയോഗിക്കുക എന്നൊരു വെല്ലുവിളി കൂടി ഇത്തരം പ്രോജക്റ്റുകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കും.

താങ്കളുടെ പ്രോജക്റ്റില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ആധുനികമായ മെറ്റീരിയല്‍/ഉല്‍പ്പന്നം?

ഗ്ലാസ് അഥവാ സ്ഫടികം. വരുംകാല വാസ്തുകലയില്‍ ഏറ്റവും
കൂടുതല്‍ സാധ്യതയുള്ള നിര്‍മ്മാണസാമഗ്രിയാണിത്. ശരിയായി ഉപയോഗിച്ചാല്‍ ഇതുപയോഗിച്ച് അത്ഭുതങ്ങള്‍ തന്നെ സൃഷ്ടിക്കാം.

ഗ്ലാസ് എന്നത് ഉടഞ്ഞുപോകാവുന്ന ഒരു സാമഗ്രിയായാണ് നാം കണ്ടു
പോന്നിരുന്നതെങ്കില്‍ ഇന്ന് സ്ട്രക്ചര്‍ നിര്‍മ്മാണത്തിന് വരെ ഗ്ലാസ് ഉപയോഗപ്പെടുത്തുന്നുവെന്നത് ഒരു കാലത്ത് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന കാര്യമാണ്.

താങ്കളുടെ പ്രോജക്റ്റില്‍ ഇനി പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം അഥവാ മെറ്റീരിയല്‍?

ഏതൊരു നിര്‍മ്മാണവസ്തുവിനും അതിന്‍റേതായ ഗുണഗണങ്ങളുണ്ട്. ധര്‍മ്മപരമായ ആവശ്യം മുന്‍നിര്‍ത്തി സാമഗ്രികളെ വേണ്ടവിധം ഉപയോഗിക്കുകയാണ് ആവശ്യം.

സാമഗ്രിയുടെ പരിമിതികളെ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തിയാല്‍ അത്ഭുതകരമായ സൃഷ്ടികളുണ്ടാക്കാന്‍ കഴിഞ്ഞേക്കും. അതാണ് ഒരു ആര്‍ക്കിടെക്റ്റിന്‍റെ ധര്‍മ്മം എന്നു ഞാന്‍ വിശ്വസിക്കുന്നു.

സ്വന്തം വീടിനെക്കുറിച്ച്?

ഇതുവരെ പണിതിട്ടില്ല. പക്ഷേ, സ്വന്തമായൊരു വീടു പണിയുമ്പോള്‍, മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒന്നായിരിക്കും അത് എന്ന് പറയാനാകും.

പ്രകൃതിയില്ലാതെ നമുക്കു ജീവിക്കാനാവില്ല. പ്രകൃതിയോടടുത്തു നില്‍ക്കുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ആണ് ഞാനെപ്പോഴും ശ്രദ്ധ പുലര്‍ത്താറുള്ളത്.

പ്രകൃതിയുടെ വരദാനങ്ങളെ ഔചിത്യത്തോടെ ഉപയോഗിച്ചു കൊണ്ട് സുഖകരമായി താമസിക്കാനുതകുന്ന ഒന്നായിരിക്കും എന്‍റെ വീട്. ആര്‍ക്കിടെക്ചര്‍ എന്നാല്‍ എനിക്ക് ഒരു ജീവനമാര്‍ഗ്ഗമല്ല. മറിച്ച്, ജീവിതരീതിയാണ്. അതുകൊണ്ട് എന്‍റെ വീട്ടില്‍ ഇവ ഇഴപിരിയാതെ ഇടപെട്ടിരിക്കും.

(ആര്‍ക്കിടെക്റ്റ് പ്രഫുല്‍ മാത്യു, പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ്, മൈന്‍ഡ്സ് പാര്‍ക്ക് ആര്‍ക്കിടെക്റ്റ്സ്, കറുകച്ചാല്‍, കോട്ടയം, പിന്‍: 686540, ഫോണ്‍: 08281989080)

Be the first to comment

Leave a Reply

Your email address will not be published.


*