വാസ്തുശില്പിക്ക് അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ക്ക് തന്‍റെ മനസ്സില്‍ വിടരുന്ന ശില്പസങ്കല്പങ്ങള്‍ പത്തോ നൂറോ പേരുടെ മനസ്സിലേക്ക് സംക്രമിപ്പിക്കാനും സംവദിക്കാനും എളുപ്പമുള്ള ഒരു ഭാഷ വേണം. അതാണ് പ്ലാനുകള്‍ എന്ന് പൊതുവെ പറയുന്ന എഞ്ചിനീയറിങ് ഡ്രോയിങ്ങുകള്‍
നമ്മള്‍ കണ്ണുകൊണ്ട് ശരിക്കും കാണുന്ന കാഴ്ചപോലെ, ഒരു ഫോട്ടോ എടുത്തതുപോലുള്ള കാഴ്ച പേപ്പറില്‍ വരച്ചുവയ്ക്കുന്നതാണ് ത്രിമാന വീക്ഷണങ്ങള്‍.
എന്താണ് പ്ലാന്‍ അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡ്രോയിങ്?
ഒരു ഡിസൈനറുടെ മനസ്സിലുള്ള സാങ്കേതികസങ്കല്പങ്ങള്‍ കൃത്യംകൃത്യമായിട്ട് മറ്റൊരു മനസ്സിലേയ്ക്ക് പകര്‍ന്നു കൊടുക്കാനുള്ള, ചിത്രങ്ങള്‍ കൊണ്ടുള്ള ഒരു സാങ്കേതിക ഭാഷ എന്നുവേണമെങ്കില്‍ ചുരുക്കിപ്പറയാം.
എഞ്ചിനീയര്‍മാരുടെയും വാസ്തുശില്പികളുടെയും ഗ്രാഫിക്കല്‍ ഭാഷയാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. ഏത് ഔദ്യോഗികവൃത്തിയ്ക്കും അതാതിന്‍റെ ഒരു ഭാഷ ഉണ്ടാകുമല്ലോ.

ഉദാഹരണമായി, പി. ഭാസ്കരന്‍ ‘താമസമെന്തേ വരുവാന്‍’ എന്ന വരികള്‍ സന്ദര്‍ഭത്തിനുചിതമായി എഴുതി; ഗാനഗന്ധര്‍വ്വനായ യേശുദാസ് ആ വരികളുടെ അതിമധുരമായ ആലാപനത്തിലൂടെ നമ്മേ വിസ്മയിപ്പിക്കുകയും ചെയ്തു.
ഈ ഗാനത്തിന്‍റെ പിറവിക്കും, നമ്മുടെ ആസ്വാദനത്തിനുമിടയില്‍ വലിയ സര്‍ഗ്ഗശക്തിയുടെ വിളയാട്ടമുണ്ട്; ബാബുരാജ് എന്ന സംഗീതപ്രതിഭയുടെ. അദ്ദേഹം മനസ്സില്‍ രൂപപ്പെടുത്തിയ ശ്രുതി, താളം, ലയം എന്നിവ, അനേകം വാദ്യകലാകാരന്മാരുടെ സഹായത്താലാണ് ജീവന്‍ വച്ച് ഈ ഗാനമായത്.
ഏതു വരിയും ഗാനമായി തീരുന്നതിന് സംഗീതസംവിധായകന് പത്തോ നൂറോ പേരുടെ സഹായം ഒരേ സമയം വേണ്ടി വരുന്നു; ബാബുരാജിന്‍റെ സിനിമാഗാനത്തിനായാലും, ബീഥോവന്‍റെ സിംഫണിക്കായാലും അതിനുവേണ്ടി ഗാനം മുഴുവന്‍ സംഗീതത്തിന്‍റെ ഭാഷയില്‍ പല പ്രതീകങ്ങളായി സംവിധായകന്‍ തന്‍റെ സഹായികളെ ഏല്‍പ്പിക്കുന്നു.
സംഗീതത്തിലെന്നപോലെ തന്നെ, വാസ്തുശില്പ/നിര്‍മ്മാണ മേഖലയിലെ കാര്യത്തിലും വാസ്തുശില്പിക്ക് അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ക്ക് തന്‍റെ മനസ്സില്‍ വിടരുന്ന ശില്പസങ്കല്പങ്ങള്‍ പത്തോ നൂറോ പേരുടെ മനസ്സിലേക്ക് സംക്രമിപ്പിക്കാനും സംവദിക്കാനും എളുപ്പമുള്ള ഒരു ഭാഷ വേണം.
അതാണ് പ്ലാനുകള്‍ എന്ന് പൊതുവെ പറയുന്ന എഞ്ചിനീയറിങ് ഡ്രോയിങ്ങുകള്‍. സംഗീതത്തിലെ മ്യൂസിക്കല്‍ നൊട്ടേഷനുകള്‍ എന്നപോലെ തന്നെയാണ് എഞ്ചിനീയറിങ്ങില്‍ ചിത്രണഭാഷയായ എഞ്ചിനീയറിങ് ഡ്രോയിങ്ങുകള്‍, അഥവാ നാം പൊതുവെ പറയുന്ന പ്ലാനുകള്‍.

ന ൂറ് ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കാനുള്ള വലിയ പ്രോജക്റ്റാകട്ടെ, രണ്ട് ബെഡ്റൂമുള്ള ഒരു കൊച്ചു വീടാകട്ടെ, ഏതു നിര്‍മ്മാണപ്രവൃത്തിയും തുടങ്ങുന്നത് അവയുടെ കൃത്യമായ രൂപരേഖയുള്ള പ്ലാനില്‍ നിന്നായിരിക്കും.
ഇങ്ങനെയല്ലാതുള്ള ഒരു നിര്‍മ്മിതി സങ്കല്പിക്കാനേ ആവില്ല. ഈ ഡ്രോയിങ്ങുകള്‍ കൊണ്ടുള്ള ഉപകാരങ്ങള്‍ പലതാണ്.

ഏറ്റവും പ്രധാന കാര്യം യാതൊരു സംശയങ്ങള്‍ക്കും ഇട നല്‍കാത്തവിധം ഡിസൈനറുടെ മനസ്സില്‍ ഊറിക്കൂടിയ സങ്കല്പങ്ങള്‍ പലരുടെയും മനസ്സിലേയ്ക്ക് അതേപടി എത്തിക്കാനാവുന്നു എന്നതാണ്.
ഉദാഹരണമായി, സ്വന്തം വീടിനെപ്പറ്റിയുള്ള മോഹന സ്വപ്നങ്ങളുമായി ഒരാള്‍ ഒരു വാസ്തുശില്പിയെ സമീപിക്കുന്നു എന്നു കരുതുക. അയാളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഡിസൈനര്‍ തന്‍റെ അറിവും, പരിചയവും, അനുഭവങ്ങളും ചേര്‍ത്തുവച്ച് ഒരു ‘പ്ലാന്‍’ കടലാസില്‍ വരച്ചുണ്ടാക്കും.
അതിന്മേലുള്ള ചര്‍ച്ചയില്‍ വേണ്ടുന്ന മാറ്റങ്ങള്‍ എത്രവേണമെങ്കിലും കടലാസില്‍ തന്നെ വരുത്തിയാണ് അതിന് അന്തിമരൂപത്തിലെത്തുന്നത്.
അതുകൊണ്ടു തന്നെ ഒരുകാര്യം മനസ്സിലാക്കാം; ഒരു പ്ലാനും മറ്റൊരു വ്യക്തിക്കോ, മറ്റൊരു സൈറ്റിലേക്കോ വേണ്ടി അതേപോലെ പകര്‍ത്തിയാല്‍ പൂര്‍ണ്ണ തൃപ്തിയുണ്ടാവില്ല.
സബ്മിഷന്‍ പ്ലാന്‍

അന്തിമപ്ലാനാണ് പ്ലാന്‍ അനുവദിച്ചു തരുന്ന ഭരണവകുപ്പിന്‍റെ അനുമതിക്കായി സമര്‍പ്പിക്കുന്നത്. അതേ പ്ലാന്‍ തന്നെയാണ് വിശദനിര്‍ദ്ദേശം (ഡീറ്റെയ്ല്‍ഡ് സ്പെസിഫിക്കേഷന്‍) മൂല്യനിര്‍ണ്ണയം (എസ്റ്റിമേറ്റ്) എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
ദര്‍ഘാസ് വിളിക്കാനും കരാറിന്‍റെ ഭാഗമായും ഈ പ്ലാന്‍ തന്നെ ഉപയോഗപ്പെടുത്തുന്നു. ഏതെങ്കിലും തര്‍ക്കമോ, നിയമനടപടികളോ ഉളവായെങ്കില്‍ അതിനും വേണ്ട നിയമാനുസൃത രേഖയായി ഇതിനെ ഉപയോഗിക്കാം.
പണി നടക്കുന്ന സൈറ്റിലുള്ളവര്‍ക്ക് പ്ലാന്‍ കയ്യിലില്ലെങ്കില്‍ ഒന്നും തന്നെ ചെയ്യാന്‍ പറ്റില്ല. പ്ലാന്‍ കയ്യിലുണ്ടെങ്കില്‍ പരിചയസമ്പന്നരായ മേസ്തിരിമാര്‍ക്കുപോലും ആര്‍ക്കിടെക്റ്റ് അഥവാ എഞ്ചിനീയര്‍ എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന നല്ല ബോധ്യത്തോടെ പണി നടത്തിയെടുക്കാം.
ഡ്രോയിങ് വരയ്ക്കുന്നവര്‍ക്കും അവ വായിച്ചെടുക്കുന്നവര്‍ക്കും ഡ്രോയിങ്ങിന്‍റെ ഭാഷയില്‍ നല്ല അവഗാഹം വേണമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ നിസ്സാരമായും, അനായാസമായും ചെയ്യാവുന്ന ഒന്നല്ല ‘പ്ലാന്‍ വരയ്ക്കല്‍’ എന്നത് വ്യക്തമാണ്.
എന്താണ് പ്ലാന്‍, സെക്ഷനല്‍ വ്യൂ, എലിവേഷന്‍, ത്രീഡി വ്യൂ
എന്താണ് പ്ലാന്‍, സെക്ഷനല്‍ വ്യൂ, എലിവേഷന്‍, ത്രീഡി വ്യൂ എന്നിവയൊക്കെ എന്നു മനസ്സിലാക്കാം. ഒരു കെട്ടിടത്തിന്‍റെ തറനിരപ്പില്‍ നിന്നും കുറച്ചുയരത്തില്‍ തിരശ്ചീനമായി ഒരു സങ്കല്പതലം വച്ച് മുറിച്ചശേഷം മുകളിലുള്ള ഭാഗം ഉയര്‍ത്തിമാറ്റി എന്നു നിരൂപിക്കുക.
താഴെയുള്ള ഭാഗം ഭിത്തിയില്‍ വാതില്‍ – ജനലുകളുടെ സ്ഥാനം കൃത്യമായി കാണാന്‍ കഴിയും. ഈ കാഴ്ചയെയാണ് സത്യത്തില്‍ പ്ലാന്‍ എന്ന് നമ്മള്‍ വിളിക്കുന്നത്.
ഈ കാഴ്ചയില്‍ ഓരോ മുറികളുടെയും അളവുകള്‍ കൂടാതെ, ഫര്‍ണിച്ചര്‍ കൂടി വരച്ചുചേര്‍ത്താല്‍ ഒരു സാങ്കേതിക അറിവും ഇല്ലാത്ത ആള്‍ക്കുപോലും കെട്ടിടത്തിന്‍റെ അകത്തളത്തെപ്പറ്റി നല്ലൊരു സങ്കല്പം മനസ്സിലേയ്ക്ക് ആവാഹിക്കാന്‍ പറ്റും.
പക്ഷേ, ഇതുമാത്രം വച്ച് എല്ലാ വിവരങ്ങളും ലഭിക്കുകയില്ലല്ലോ; ഉദാഹരണത്തിന് മുറിയുടെ ഉയരം, ഗോവണിയുടെ പടിക്കുവേണ്ട പൊക്കം, എന്നിവ. അവ വിശദമാക്കാനാണ് നെടുനീളെ സങ്കല്പ്പത്തില്‍ മുറിച്ചുകാണിക്കുന്നതുപോലുള്ള ഭാഗികവീക്ഷണചിത്രങ്ങള്‍ (സെക്ഷന്‍ വ്യൂസ്).
പണി കഴിയുമ്പോള്‍ ഓരോ വശത്തുനിന്നുമുള്ള കാഴ്ച എങ്ങനെയിരിക്കും എന്നു കാണിക്കുന്നതാണ് മുന്‍ഭാഗ വീക്ഷണം (ഫ്രണ്ട് വ്യൂ), പാര്‍ശ്വവീക്ഷണം (സൈഡ് വ്യൂ) എന്നീ മുഖവീക്ഷണചിത്രങ്ങള്‍ (എലിവേഷനുകള്‍).
നമ്മള്‍ കണ്ണുകൊണ്ട് ശരിക്കും കാണുന്ന കാഴ്ചപോലെ, ഒരു ഫോട്ടോ എടുത്തതുപോലുള്ള കാഴ്ച പേപ്പറില്‍ വരച്ചുവയ്ക്കുന്നതാണ് ത്രിമാന വീക്ഷണങ്ങള്‍ (ത്രീഡി വ്യൂസ്).
സാങ്കേതികമികവിനാല്‍, പണി കഴിഞ്ഞ സൗധത്തിലൂടെ നമ്മള്‍ നടന്നു കാണുന്ന പ്രതീതി ഉളവാക്കുന്ന രീതിയിലുള്ള ‘വാക് ത്രൂ’ വില്‍ വരെ എത്തിയിരിക്കുന്നു നാമിപ്പോള്‍. ഓട്ടോകാഡും, മറ്റ് ആര്‍ക്കിടെക്ചറല്‍ ആനിമേഷന്‍ സോഫ്റ്റ്വെയറുകളും ഇക്കാര്യത്തില്‍ വളരെ ഉപകാരപ്രദമാകുന്നു.
പ്ലാന്‍ വരയ്ക്കുന്നതിന്‍റെ ഒരു പ്രധാന ആവശ്യം, പണി തുടങ്ങാന്‍ വേണ്ടുന്ന, തദ്ദേശസ്വയം ഭരണവകുപ്പിന്‍റെ അനുമതി വാങ്ങിയെടുക്കുക എന്നതു തന്നെയാണ്.
തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഇക്കാര്യത്തിലുള്ള നിയമങ്ങള്‍ എല്ലാം തന്നെ ഡിസൈന്‍ ചെയ്യുന്ന എഞ്ചിനീയറും, വരയ്ക്കുന്ന ഡ്രാഫ്റ്റ്സ്മാനും ഹൃദിസ്ഥമാക്കിയിരിക്കണം.
പ്ലാനിന് അനുമതി നേടാതെ കെട്ടിടം പണിതാല്‍ ഭാവിയില്‍ പല പ്രശ്നങ്ങളും ഉണ്ടാകും. കെട്ടിടത്തിനു നമ്പര്‍ ഇട്ടുകിട്ടാന്‍, കരം അടക്കാന്‍, വെള്ളം വൈദ്യുതി എന്നിവയുടെ കണക്ഷന്‍ കിട്ടാന്‍ ഒക്കെ ഒരുപാട് കഷ്ടപ്പെടേണ്ടി വരും.
ഏതെല്ലാം പ്ലാനുകള്‍?
കേരള മുനിസിപ്പാലിറ്റി റൂള്‍സ് 1999 വിവക്ഷിക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്: പുതിയ നിര്‍മ്മാണത്തിനായാലും ഉള്ള കെട്ടിടത്തില്‍ മാറ്റങ്ങളോ, കൂട്ടിച്ചേര്‍ക്കലുകളോ, പൊളിച്ചുപണിയോ വേണമെങ്കില്‍ അതിനായാലും പ്രത്യേക അനുമതി കിട്ടിയേ പണി തുടങ്ങാവൂ.
നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ വേണം അപേക്ഷ നല്‍കാന്‍. അപേക്ഷയോടൊപ്പം പ്ലാനുകളും മറ്റു വിവരങ്ങളും രണ്ടു കോപ്പി വീതം സമര്‍പ്പിക്കണം.
വസ്തുവിന്‍റെ ഉടമസ്ഥാവകാശം കാണിക്കാനുള്ള രേഖയും നിശ്ചിത ഫീസ് അടച്ചതിന്‍റെ രശീതും അപേക്ഷയോടൊപ്പം വേണം. എല്ലാ പ്ലാനുകളിലും ഉടമസ്ഥന്‍റേയും, പ്ലാന്‍ തയ്യാറാക്കിയ എഞ്ചിനീയറുടെ ഒപ്പും ആവശ്യമാണ്.
അപേക്ഷയോടൊപ്പം കൊടുക്കേണ്ട പ്ലാനുകള്‍ എല്ലാം A3 (24ഃ33 സെ.മീ.) സൈസില്‍ കുറയാത്തവ ആയിരിക്കണം. കൊടുക്കേണ്ട ഡ്രോയിങ്ങുകള്‍ ഇവയാണ്.
സൈറ്റ് പ്ലാന്‍: 1:400 സ്കെയിലില്‍ കുറയാതുള്ള ഡ്രോയിങ്ങായിരിക്കണം. പ്ലോട്ടിന്‍റെ സ്കെച്ച്, അതിരുകള്‍, അവയുടെ അളവുകള്‍, കെട്ടിടവും അതിരുകളും തമ്മിലുള്ള ദൂരങ്ങള്‍, പ്ലോട്ടിന്‍റെ മുന്‍മുറ്റത്തിന്‍റെ (ഫ്രണ്ടേജ്) നീളം, പ്ലോട്ടില്‍ നിന്ന് അടുത്ത പൊതുവഴിയിലേക്കുള്ള മാര്‍ഗ്ഗം, ദൂരം എന്നിവ, പൊതുവഴിയുടെ പേര് എന്നീ വിവരങ്ങളും സൈറ്റ് പ്ലാനില്‍ വേണ്ട കാര്യങ്ങളാണ്.
തെക്ക്-വടക്ക് ദിശാസൂചിയും അവശ്യം വേണ്ടതാണ്. പരിശോധനയ്ക്ക് പരസഹായം ഇല്ലാത്ത പ്ലോട്ടില്‍ എത്തിപ്പെടാനുള്ള വിവരങ്ങളോടെ ലൊക്കേഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ബില്‍ഡിങ് പ്ലാന്‍: 1 :100 സ്കെയിലില്‍ കുറയാതുള്ളതായിരിക്കണം. എല്ലാ നിലകളുടെയും പ്രത്യേകം പ്രത്യേകം പ്ലാന്‍ ഉണ്ടെങ്കില്‍ അതിന്‍റെയും റൂഫിന്‍റെയും പ്ലാന്‍, മുറികളുടെ ഉയരങ്ങളും മറ്റും വിശദമാക്കുന്ന രീതിയിലുള്ള സെക്ഷന്‍ വ്യൂസ് എന്നിവ ഉണ്ടായിരിക്കണം.
ഓരോ മുറികളിലെയും വാതില്‍, ജനല്‍ എന്നിവയുടെ സ്ഥാനവും മുറികള്‍ ഏതാവശ്യത്തിന് ഉപയോഗിക്കുന്നു എന്ന വിവരണവും (ബെഡ്റൂം, കിച്ചന്‍) പ്ലാനില്‍ ഉണ്ടായിരിക്കണം.
മുറികളുടെയും മറ്റെല്ലാ കെട്ടിട ഭാഗങ്ങളുടെയും അളവുകള്‍ ഒറ്റനോട്ടത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ സൂക്ഷ്മായി രേഖപ്പെടുത്തണം. സ്റ്റെയര്‍കേസുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ കാണിക്കണം.

വാട്ടര്‍ ക്ലോസറ്റ്, സിങ്ക്, ബാത്റൂം എന്നിവയും എവിടെയെന്നതും വ്യക്തമാക്കണം. മതിലുകളുടെയും സ്ലാബുകളുടെയും കനം, വീതി എന്നിവ സംശയലേശമന്യേ കാണിക്കണം.
സര്‍വ്വീസ് പ്ലാനും, പാര്‍ക്കിങ് പ്ലാനും: ഇവ സൈറ്റ് പ്ലാനിന്‍റേതുപോലെ 1:400 സ്കെയിലില്‍ കുറയാതുള്ളതായിരിക്കണം. സര്‍വ്വീസ് പ്ലാനില്‍ കുടിവെള്ള വിതരണം, വാട്ടര്‍ ടാങ്കുകള്‍, സെപ്റ്റിക് ടാങ്കുകള്‍, ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍, സ്വീവേജ് എന്നീ വിവരങ്ങള്‍ കാണിച്ചിരിക്കണം.
വലിയ കെട്ടിടങ്ങള്‍ക്കാണെങ്കില്‍ അഗ്നിനിവാരണ ഉപകരണങ്ങള്‍, വൈദ്യുതിയുടെ സ്വീകരണ-വിതരണ സംവിധാനങ്ങള്‍ എന്നിവയും വിശദമാക്കേണ്ടി വരും. പാര്‍ക്കിങ് പ്ലാനില്‍ പാര്‍ക്കിങ് സ്പേസുകള്‍, ഡ്രൈവ് ചെയ്യാനും, വണ്ടി തിരിക്കാനുമുള്ള ഇടങ്ങള്‍ എന്നിവ കാണിച്ചിരിക്കണം.

സ്പെസിഫിക്കേഷനുകള്‍
നന്നായി ചെയ്തിരിക്കുന്ന ഒരു പ്ലാനാണെങ്കില്‍ ഡീറ്റെയ്ല്‍ഡ് സ്പെസിഫിക്കേഷന്‍ നോക്കാതെ തന്നെ പണി ചെയ്യിച്ചെടുക്കാനുള്ളത്ര വിശദവിവരങ്ങള്‍ അതില്‍ കാണും.
ഉദാഹരണത്തിന്, വിശദമായ ഒരു ‘ഷെഡ്യൂള്‍ ഓഫ് ജോയിനറി’ ഉണ്ടെങ്കില്‍ എത്ര വാതില്‍, എത്ര ജനല്‍ എന്നീ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ എന്നപോലെ ലഭ്യമാണ്. അതുപോലെ ഓരോ പണിക്കും വേണ്ട കോണ്‍ക്രീറ്റിന്‍റെയും കമ്പികളുടെയും മറ്റു സാമഗ്രികളുടെയും ഗ്രേഡുകളും മറ്റും സ്പെസിഫിക്കേഷനില്‍ വേണ്ടതാണ്.
അങ്ങനെയുള്ള കാര്യങ്ങള്‍ കൃത്യമായി പ്ലാനില്‍ ഉണ്ടെങ്കില്‍ പണിയുടെ കൃത്യതയും ഉറപ്പാക്കാം. നല്ലൊരു സൈറ്റ് ഡ്രോയിങ് ഉണ്ടെങ്കില്‍ ഏറ്റവും കൃത്യമായ എസ്റ്റിമേറ്റ് ഉണ്ടാക്കുവാനും സാധിക്കും.
പ്ലാനില്‍ അത്യാവശ്യം കാണിക്കേണ്ട ഒന്നാണ് തറ വിസ്തീര്‍ണം. ഓരോ നിലയിലെയും മൊത്തം ബില്‍റ്റ് അപ് ഏരിയയും, കാര്‍പെറ്റ് ഏരിയയും പ്രത്യേകമായും അവയുടെ ആകെ തുക താഴെയും കാണിക്കേണ്ടതാണ്.
മൊത്തം കവറേജ് ഏരിയയും ഫ്ളോര്‍ ഏരിയ റേഷ്യോ കണക്കാക്കി അതും ഡ്രോയിങ്ങില്‍ കാണിച്ചിരിക്കണം.
വര്‍ക്കിങ് ഡ്രോയിങ്
ഏതെങ്കിലും പണിക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ആ ഭാഗം മാത്രം പ്രത്യേകം വലുതാക്കി കാണിക്കാന്‍ ഉപകരിക്കുന്ന വിശദവിവരങ്ങള്‍ (ഡീറ്റെയ്ലുകള്‍) ചിലപ്പോള്‍ നല്‍കാറുണ്ട്.
അനുമതിക്ക് കൊടുക്കുന്നതിനായി ഉള്ളവ കൂടാതെ പണിയെ കൂടുതല്‍ സഹായിക്കാനായി ഇത്തരം വര്‍ക്കിങ് ഡ്രോയിങ്ങുകള്‍ കൂടെ എഞ്ചിനീയര്‍മാര്‍ കൊടുക്കാറുണ്ട്.
അവയുടെ സ്കെയില്‍ 1:10, 1:5 എന്നിവയിലാകാം. വലിയ കെട്ടിടങ്ങള്‍ക്ക് ചിലപ്പോള്‍ സ്ട്രക്ചറല്‍ എഞ്ചിനീയറുടെ ഉപദേശം സ്വീകരിച്ചിട്ടുണ്ടായിരിക്കാം; അത്തരം പണികള്‍ക്ക് സ്ട്രക്ചറല്‍ ഡിസൈന്‍ ഡീറ്റെയ്ലുകളുടെ വിശദവിവരങ്ങള്‍ കാണിക്കുന്ന ഡ്രോയിങ്ങുകളും ഉണ്ടായിരിക്കും.
പ്ലംബിങ് ഡീറ്റെയ്ലുകള്‍, ഇലക്ട്രിക്കല്‍ വര്‍ക്കിന്‍റെ ഡീറ്റെയ്ലുകള്‍ എന്നിവയ്ക്കും പ്രത്യേകം പ്രത്യേകം ഡ്രോയിങ്ങുകള്‍ ഉണ്ടായിരിക്കും. ഇന്‍റീരിയര്‍ ഡെക്കറേഷന്‍, ലാന്‍ഡ്സ്കേപ്പിങ്, ഗാര്‍ഡനിങ് എന്നിവയ്ക്കും പ്രത്യേകം ഡ്രോയിങ്ങുകള്‍ അതാത് കണ്‍സള്‍ട്ടന്‍റുമാരുടെ വകയായി കാണും.

ചില അവസരങ്ങളില്‍ അനുമതി കിട്ടിയ പ്ലാനില്‍ നിന്നും ചില മാറ്റങ്ങള്‍ സൈറ്റില്‍ നടത്തിയെന്നിരിക്കും. അത്തരം മാറ്റങ്ങള്‍ കൂടെ ഉള്‍പ്പെടുത്തി ഉണ്ടാക്കുന്ന പൂര്‍ത്തീകൃതരേഖാചിത്രം (കംപ്ലീഷന്‍ ഡ്രോയിങ്) രേഖകള്‍ കൃത്യമാക്കാനും ഭാവിയില്‍ പരിശോധനകള്‍ക്കും ഉപകാരപ്പെടും.
പണിയെ നേരിട്ട് ബാധിക്കാത്തതാണെങ്കിലും ഒരു ചെറിയ കാര്യം കൂടി എഴുതാതെ എഞ്ചിനീയറിങ് ഡ്രോയിങ്ങിനെപ്പറ്റിയുള്ള വിവരണം പൂര്‍ത്തിയാവില്ല. നമുക്കോരോരുത്തര്‍ക്കും ആധാര്‍ ഉള്ളതുപോലെ ഓരോ ഡ്രോയിങ്ങിനും ഓരോ യു ഐ ഡി ഉണ്ട്.
അതിനെ ടൈറ്റില്‍ ബ്ലോക്ക് എന്ന് പറയുന്നു. ഡ്രോയിങ് ഉണ്ടാക്കുന്ന ഓരോ ഓഫീസിനും അവരവരുടെ താല്പര്യമനുസരിച്ചുള്ള ഡിസൈന്‍ ടൈറ്റില്‍ ബ്ലോക്കിന് കൊടുക്കാം.
ഡ്രോയിങ്ങിന്‍റെ അടിവശമോ, വലതുഭാഗത്തോ ആയി ഒരു ഫുള്‍ കോളം ഇതിനായി മാറ്റിവയ്ക്കുന്നു. പ്ലാന്‍ വരച്ച ഓഫീസിന്‍റെയും ഏതു പ്രോജക്റ്റിന്‍റെതാണോ പ്ലാന്‍ അതിന്‍റെയും പേരാണ് പ്രാമുഖ്യത്തോടെ കൊടുത്തിട്ടുണ്ടാവുക.
ഓരോ പ്രോജക്റ്റിനും ഓരോ ഡ്രോയിങ്ങിനും പ്രത്യേകം നമ്പറുകള്‍ ഉണ്ടായിരിക്കും. അവ റിലീസ് ചെയ്ത തീയതിയും കാണും.
ഡ്രോയിങ്ങുകളില്‍ റിവിഷനുകള്‍ വരുമ്പോള്‍ ഓരോരോ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് നമ്പറില്‍ ഓരോ തവണയും എ ബി സി എന്നീ ലെറ്ററുകള്‍ നമ്പറിന്‍റെ കൂടെ കൂട്ടിച്ചേര്‍ത്ത് മാറ്റത്തിന്‍റെ തീയതിയും കാണിക്കും.
പ്ലാനിലെ ഡിസൈന്‍ വര്‍ക്ക് ആരാണ് ചെയ്തത്, ആരു വരച്ചു, ആരാണ് പരിശോധിച്ചത്, ആരാണ് അംഗീകരിച്ചത് എന്നീ വിവരങ്ങളും ഡ്രോയിങ്ങിന്‍റെ സ്കെയിലുകള്‍, ഡ്രോയിങ്ങിനെപ്പററിയും, പണികളെപ്പറ്റിയും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ, റഫറന്‍സ് കോഡുകള്‍, തെക്കു-വടക്കു ദിശാസൂചി എന്നീ എല്ലാ വിവരങ്ങളും ടൈറ്റില്‍ ബ്ലോക്കില്‍ ഉണ്ടായിരിക്കണം.
സ്പെസിഫിക്കേഷനുകളും മറ്റു നോട്ടുകളും ഉണ്ടെങ്കില്‍ അവയും ചേര്‍ക്കാം. പ്ലാന്‍ വരയ്ക്കലിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനായി, കൃത്യമായ ഡ്രോയിങ് നിയമക്കുരുക്കുകള്‍ അഴിക്കാനുള്ള ഒരു രേഖ കൂടിയാണെന്ന് നേരത്തെ സൂചിപ്പിച്ചത് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു.

ലേഖകന്‍: റിട്ടയേര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറാണ്. ഫോണ്‍: 9446402333, email: pkprathapachandran@gmail.com
ഡ്രോയിങ്ങുകള്‍ക്ക് കടപ്പാട്: ആര്‍ക്കിടെക്റ്റ്സ് ഗ്രൂപ്പ്, കൊച്ചി. ഫോണ്‍: 0484 2357172, 6451794, Email: thearchitectsgroup2007@gmail.com
Be the first to comment