- ഒറ്റനിലയാണെങ്കിലും മൂന്നു ലെവലുകളിലാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം.
- ചെലവു ചുരുക്കലിന്‍റെ പാഠങ്ങള്‍ വളരെ പ്രായോഗികമായി നടപ്പിലാക്കിയിട്ടുള്ള ഒരു നവീകരണമാണിത്.
ചുമന്ന ഇഷ്ടികകളുടെ സ്വാഭാവികത്തനിമ പ്രദര്‍ശിപ്പിച്ചു കൊണ്ട് ലിവിങ്, ഡൈനിങ് എന്നിങ്ങനെയുള്ള അകത്തള നിര്‍വചനങ്ങള്‍ക്കെല്ലാം അപ്പുറത്ത് മൂന്നു മുറിക്കുള്ളില്‍ വെറും 400 ചതുരശ്രഅടിക്കുള്ളില്‍ ഒതുങ്ങിയിരുന്ന ഒരു വീട്.
കുട്ടനാട്ടുകാരനായ എഞ്ചിനീയര്‍ രഞ്ജിത്ത് രവീന്ദ്രന്‍ തന്‍റെ പഴയ കൊച്ചു വീട് പൊളിച്ചു കളയാതെ ചില കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രം നടത്തി കാലത്തിനൊത്തതാക്കി മാറ്റിയെടുക്കുകയായിരുന്നു.
ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി
കാരണം ‘പാര്‍പ്പിടം’ എന്നത് ആവശ്യത്തിനുതകുന്നതാകണം എന്നത് എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്ന വ്യക്തിയാണ് വീട്ടുടമ രഞ്ജിത്ത്.

നിലവിലുണ്ടായിരുന്ന മൂന്ന് മുറികളെയും അതേപടി നിലനിര്‍ത്തി. അതിന്‍റെ മുന്നിലായി സിറ്റൗട്ട്, ലിവിങ്, ഫോയര്‍ ഏരിയകളും പിന്നിലായി രണ്ട് കിടപ്പുമുറികളും ഒരു കോര്‍ട്ട്യാര്‍ഡും കൂട്ടിച്ചേര്‍ത്തു.
ALSO READ: ഹരിത ഭംഗിയില്‍
ആദ്യമുണ്ടായിരുന്ന മുറികള്‍ പ്ലാസ്റ്ററിങ് ചെയ്ത് പുതുക്കിയെടുത്തു. ഇപ്പോള്‍ ഒരു വീടിനു വേണ്ടതായ എല്ലാ സൗകര്യങ്ങളുമായി. നിലവിലുണ്ടായിരുന്ന ഒരു മുറിയെ ഡൈനിങ്ങും തുറന്ന അടുക്കളയുമാക്കി മാറ്റി.

ഒറ്റനിലയാണെങ്കിലും മൂന്നു ലെവലുകളിലാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം. മുന്‍ഭാഗത്ത് കൂട്ടിച്ചേര്‍ത്ത സിറ്റൗട്ട്, ലിവിങ് ഏരിയകള്‍ക്ക് 7 അടി ഉയരമുണ്ട്.
നിലവിലുണ്ടായിരുന്ന മുറികള്‍ക്ക് 9 അടിയായിരുന്നു ഉയരം. പുറകില്‍ കൂട്ടിച്ചേര്‍ത്തവയ്ക്ക് 11 അടി നല്‍കിയപ്പോള്‍ സ്വാഭാവികമായ ഈ ലെവല്‍ വ്യതിയാനം എലിവേഷന്‍റെ കാഴ്ചഭംഗി കൂട്ടി.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
മുന്‍ഭാഗത്ത് എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ്ങും, സ്മോക്ക് ഗ്രീന്‍, പ്ലാസ്റ്ററിങ്ങിന്‍റെ ഗ്രേ, വൈറ്റ് വാഷിന്‍റെ വെള്ള എന്നീ സ്വാഭാവിക നിറങ്ങളും കൂടിയായപ്പോള്‍ വീടിന്‍റെ പുറംകാഴ്ച ആകര്‍ഷകമായി. ചുറ്റിനും ചെടികള്‍ക്കും പച്ചപ്പിനും സ്ഥാനം നല്‍കി.

ചുമരുകളുടെ നിര്‍മ്മാണത്തിന് ലൈറ്റ് വെയ്റ്റ് എയറേറ്റഡ് കോണ്‍ക്രീറ്റ് ബ്ലോക്കുകളാണ് തെരഞ്ഞെടുത്തത്. ഇതിനു കാരണം ഒന്ന് ചെലവു കുറയ്ക്കാം.
20:20 ആണ് ഒരു കട്ടയുടെ വലിപ്പം. മിനുസമുള്ള പ്രതലമായതിനാല്‍ നേരിട്ട് പുട്ടി ചെയ്ത് പെയിന്‍റ് ചെയ്യാം. പ്ലാസ്റ്ററിങ് വേണ്ട. ഇത് ചെലവു കുറച്ചു.
പിന്നെ കുട്ടനാട് പോലുള്ള ഒരു സ്ഥലമാകയാല്‍ മണ്ണിന്‍റെ പ്രത്യേകത പരിഗണിച്ച് നിര്‍മ്മിതിയുടെ ഭാരം കുറയ്ക്കാനും ഈ കട്ടകളുടെ തെരഞ്ഞെടുപ്പ് സഹായിച്ചു.
ALSO READ: മിശ്രിതശൈലി
റൂഫിങ്ങിന് ഫില്ലര്‍ സ്ലാബ് രീതി സ്വീകരിച്ചതും ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ്. സീലിങ്ങില്‍ പ്ലാസ്റ്ററിങ് ചെയ്ത് പെയിന്‍റ് നല്‍കാതെ സ്വാഭാവികതയോടെ നിലനിര്‍ത്തി.
ചുമരുകള്‍ക്ക് പ്ലാസ്റ്ററിങ്ങിനു പകരം ‘ക്ലിയര്‍കോട്ട്’ ഫിനിഷിങ് നല്‍കി. കല്ലുകള്‍ക്കും മറ്റും നല്‍കുന്ന ഈ ഫിനിഷ് ചുമരുകള്‍ക്ക് സ്വാഭാവിക തനിമ പകരുന്നു. തടിയുടെ ഉപയോഗം പരമാവധി കുറച്ചു.
ജനാലകള്‍ പൗഡര്‍ കോട്ടഡ് സ്റ്റീലാണ്. സ്വന്തം പറമ്പിലുണ്ടായിരുന്ന തടിയും നിലവില്‍ ഉണ്ടായിരുന്ന തടികളും പുനരുപയോഗിച്ചു. പുതുതായി കൂട്ടിച്ചേര്‍ത്ത ഏരിയകളില്‍ ലിവിങ്ങില്‍ ഇരിപ്പിടങ്ങള്‍ ഇന്‍ബില്‍റ്റ് രീതിയിലാണ്.
അതുപോലെ കിടപ്പുമുറികളില്‍ കട്ടിലും ഇന്‍ബില്‍റ്റാണ്. ഫര്‍ണിച്ചര്‍, കിച്ചന്‍ എന്നിവയ്ക്ക് തടി ഉപയോഗിച്ചിട്ടുണ്ട്.
നടുവിലെ കോര്‍ട്ട്യാര്‍ഡ് വീടിനുള്ളിലെ പ്രധാന വെളിച്ച സ്രോതസാണ്. ടെറാകോട്ട ജാളിവര്‍ക്കുകളാണ് കോര്‍ട്ട്യാര്‍ഡിന്‍റെ ചുമരില്‍ ഒരു ഭാഗത്ത്.
റൂഫാകട്ടെ നാച്വറല്‍ ലൈറ്റ് കടന്നു വരുവാന്‍ പാകത്തിനും. ക്രോസ് വെന്‍റിലേഷന് എല്ലായിടത്തും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ ഉള്ളില്‍ കാറ്റും വെളിച്ചവും നിറയ്ക്കുന്നു; അകത്തളം വിശാലമാക്കുന്നു.
ചെലവു ചുരുക്കലിന്‍റെ പാഠങ്ങള്‍ വളരെ പ്രായോഗികമായി നടപ്പിലാക്കിയിട്ടുള്ള ഒരു നവീകരണമാണിത്. ലേബര്‍ ചാര്‍ജ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി പല കാര്യങ്ങളും വീട്ടുകാര്‍ സ്വയം ചെയ്തിട്ടുണ്ട്.
എന്നാല്‍ ചിലവു കുറച്ചു എന്നു കരുതി ഗുണമേന്മയും ഉറപ്പും വേണ്ടിടത്ത് അതൊക്കെ നിലനിര്‍ത്തുവാന്‍ അങ്ങേയറ്റം പരിശ്രമിച്ചിട്ടുമുണ്ട്. പ്ലംബിങ്, ഇലക്ട്രിക്കല്‍ തുടങ്ങിയവയില്‍ ഒന്നും യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല.
എല്ലാം ഉയര്‍ന്ന നിലവാരമുള്ളവയും ബ്രാന്‍റഡ് സാമഗ്രികളും തന്നെയാണ്. പ്രത്യേകിച്ച് കണ്‍സീല്‍ഡായിട്ടുള്ള ഫിറ്റിങ്ങുകളും സ്വിച്ചുകളും മറ്റും. എല്ലാവിധ പണികളും ചേര്‍ത്ത് ഈ നവീകരണത്തിന് ആകെ ചെലവായത് 25 ലക്ഷം രൂപ.
അതിന് സഹായകരമായത് ഗൃഹനാഥന്‍ കൂടിയായ എഞ്ചിനീയര്‍ക്ക് ലഭിച്ച സ്വന്തം വീട് എന്ന സ്വാതന്ത്ര്യവും അത്യാവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് നടപ്പിലാക്കുവാനുള്ള വിവേകവും, ഗുണമേന്മയുടെ പാഠമുള്‍ക്കൊണ്ടുള്ള നിര്‍മ്മാണവുമാണ്.
Project Details
- Design: Eng.Ranjith Raveendran (Thoughtline Designers, Kuttanad, Alappuzha)
- Project Type: Residential house
- Owner: Ranjith Raveendran
- Location: Kuttanad Alappuzha
- Year Of Completion: 2018
- Area: 1250 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment