കേരളത്തിൽ 18 തികഞ്ഞ എല്ലാവ‍ര്‍ക്കും ഇനി വാക്സിൻ; ഒറ്റ വിഭാഗമായി കണക്കാക്കും: ഉത്തരവിറങ്ങി

സംസ്ഥാനത്ത് 18 വയസ്സ് കഴി‍ഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ ഇനി കൊവിഡ് 19 വാക്സിൻ ലഭിച്ചു തുടങ്ങും. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരെയും ഒറ്റ വിഭാഗമായി പരിഗണിച്ചായിരിക്കും വാക്സിൻ നല്‍കുക.കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് ജൂൺ 21 മുതൽ സൗജന്യ വാക്സിൻ നല്‍കിത്തുടങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. അതേയസമയം, ഗുരുതര രോഗങ്ങള്‍ ഉള്ളവരെ ഉള്‍പ്പെടെ മുൻഗണനാ വിഭാഗമായി കണക്കാക്കുമെന്നും ഈ ക്രമീകരണം നിലനിൽക്കുമെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്.

ഡിംസബര്‍ മാസത്തിനു മുൻപായി രാജ്യത്ത് 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിൻ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുൻപ് 45 വയസ്സിനു താഴെ പ്രായമുള്ളവരുടെ വാക്സിനഷൻ ചെലവ് വഹിക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാടെങ്കിലും സുപ്രീം കോടതി ഉള്‍പ്പെടെ വലിയ എതിര്‍പ്പ് ഉന്നയിച്ചതോടെ സര്‍ക്കാര്‍ നയം തിരുത്തിയിരുന്നു. നിലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിൻ്റെ 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും ശേഷിക്കുന്നത് സ്വകാര്യ വിപണിയിൽ നല്‍കാമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഇതു പ്രകാരം ജൂൺ 21 മുതലാണ് സംസ്ഥാനങ്ങള്‍ക്ക് വാക്സിൻ ലഭിച്ചു തുടങ്ങിയത്.

പ്രതിദിനം ഒരു കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. വരും മാസങ്ങളിൽ വാക്സിൻ ഉത്പാദനവും ലഭ്യതയും വര്‍ധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ വരെ 51.6 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യുമെന്നും ഓഗസ്റ്റ് മുതൽ ഡിസംബര്‍ വരെയുള്ള കാലത്ത് വിതരണം ചെയ്യാനായി അഞ്ച് വാക്സിൻ നിര്‍മാതാക്കളിൽ നിന്നായി 135 കോടി ഡോസ് വാക്സിൻ സംഭരിക്കുമെന്നുമാണ് കേന്ദ്രം വ്യക്തമാക്കുന്നത്

Be the first to comment

Leave a Reply

Your email address will not be published.


*