മണിക്കൂറില്‍ 16 ലക്ഷം കി.മി വേഗത്തിൽ ഭൂമിയിലേക്ക് ചീറിപ്പാഞ്ഞ്‌ സൗരക്കാറ്റ്; മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെട്ടേക്കാം

മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും ഇന്ന് ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും ഇതുകാരണം ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യന്റെ അന്തരീക്ഷത്തിൽനിന്ന് ഉദ്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിൻറെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്ന് സ്പേസ്വെതർ ഡോട്ട്കോം എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു.

ശക്തമായ കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിൽ കൊടുങ്കാറ്റിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ബഹിരാകാശമേഖലയേയും ഇത് സാരമായി ബാധിച്ചേക്കും. സൗരക്കാറ്റ് വടക്ക്, തെക്ക് അക്ഷാംശ പ്രദേശങ്ങളിൽ അറോറകളുടെ ആവിർഭാവത്തിന് കാരണമായേക്കാം.സൗരക്കാറ്റിനെ തുടർന്ന് ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കുകയും ഇത് കൃത്രിമോപഗ്രഹങ്ങളെ ബാധിക്കുകയും ചെയ്യും. ജി‌പി‌എസ്, മൊബൈൽ ഫോൺ സിഗ്നലുകൾ, സൈറ്റലൈറ്റ് ടിവി ചാനലുകളിൽ തടസ്സമുണ്ടായേക്കും.വൈദ്യുത ട്രാൻസ്ഫോർമറുകളെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

ഭൂമിയുടെ ബഹിരാകാശ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന സൗരവാതങ്ങളിൽനിന്നുള്ള കാര്യക്ഷമമായ ഊർജ കൈമാറ്റം മൂലം ഭൂമിയുടെ കാന്തികമണ്ഡലത്തിൽ സംഭവിക്കുന്ന വലുതോ ചെറുതോ ആയ അസ്വസ്ഥതകളാണ് സൗരക്കാറ്റുകൾ. നാഷനൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) കണക്കനുസരിച്ച്, മണിക്കൂറിൽ ഒരു ദശലക്ഷം മൈൽ വേഗതയിൽ ഇത് വീശുന്നു. നിലവിൽ കാറ്റ് മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക് സഞ്ചരിക്കുന്നു. വേഗത വർധിക്കുമെന്നാണ് വിലയിരുത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*