വയനാട്ടിൽ അയ്യായിരം കർഷകർ ജപ്തി ഭീഷണിയിൽ.

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകരാണ് ജപ്തിഭീഷണിയില്‍ കഴിയുന്നത്. ദേശസാത്കൃതബാങ്കുകളും സര്‍ക്കാരിന്റെ അധീനതയിലുള്ള ബാങ്കും ,സഹകരണബാങ്കുകളുമാണ് വായ്പാകുടിശിഖ തീര്‍ത്തടക്കാത്ത കര്‍ഷകര്‍ക്ക് ഇതിനകം ജപ്തി നടപടിക്കായി നോട്ടീസ് പതിച്ചുകഴിഞ്ഞത്. ഇവയ്ക്ക് പുറമെ രണ്ടായിരത്തിലധികം കര്‍ഷകര്‍ക്ക് സര്‍ഫാസി ആക്‌ട് നടപ്പാക്കാനുള്ള ഒരുക്കങ്ങളും ദ്രുതഗതിയില്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രളയവും ,കൊവിഡും കാലാവസ്ഥാ വ്യതിയാനവും ,കൃഷിനാശവും ,വിലയില്ലായ്മയുമെല്ലാം വയനാടന്‍ കര്‍ഷകരെ ദുരിതത്തിലാക്കി. സാമ്ബത്തികമായി തകര്‍ന്ന ജനതയെ സഹായിക്കുന്നതിനുവേണ്ടി നിലവില്‍ വന്ന കടാശ്വാസ കമ്മിഷനും വേണ്ടരീതിയില്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേട്ടില്ല. അതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി അവസാനിച്ചു. ഇതോടെയാണ് ബാങ്കുകള്‍ കര്‍ഷകര്‍ ഈടായി വെച്ച വസ്തു വകകള്‍ കൈക്കലാക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഇതിന്റെ ആദ്യ ഇരയായിരുന്നു കഴിഞ്ഞ ദിവസം ബാങ്കുകാരുടെ നടപടിയില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അഭിഭാഷകനായ എന്‍.വിടോമി.
കര്‍ഷകരുടെ വസ്തു വകകള്‍ കൈക്കലാക്കുന്നതിനായി ഡയറക്‌ട് അറ്റാച്ച്‌മെന്റായി ധനകാര്യസ്ഥാപനങ്ങള്‍ ആര്‍ബിറ്റേറ്ററെ ഏല്‍പ്പിച്ചും ,ആര്‍ബിറ്റേറ്റര്‍ കര്‍ഷകന്റെ സ്വത്ത് ബാങ്കുകളുടെ കടത്തിന് പകരം പിടിച്ച്‌ നല്‍കാന്‍ കോടതികളെ എല്‍പ്പിച്ചുമാണ് നടപടികള്‍ നടത്തുന്നത്. ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ച്‌ കര്‍ഷകരുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നടപടിയും സ്വീകരിച്ചുവരുന്നു.കര്‍ഷകര്‍പോലുമറിയാതെ കുടിശ്ശികക്കാരന്റെ ഭൂമി ഓണ്‍ലൈനായി ലേലം ചെയ്തും ബാങ്കുകള്‍ തങ്ങളുടെ മുതല്‍ ഈടാക്കുന്നു.
സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിക്ക് കര്‍ഷക ജപ്തി സംബന്ധിച്ച തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. ഇതിന്റെ സംസ്ഥാന ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു അടിയന്തിര യോഗം പോലും വിളിച്ചുചേര്‍ത്തിട്ടില്ല. അഞ്ച് സെന്റിന് താഴെയുള്ളവരെ സര്‍ഫാസിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയങ്കിലും ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മറുപടിയും നല്‍കാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ കര്‍ഷകര്‍ ജപ്തി ഭീഷണിയിലായി.

Be the first to comment

Leave a Reply

Your email address will not be published.


*