
ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന 18 കോടിയുള്ള മരുന്നിൻറെ രഹസ്യത്തിനു പിന്നാലെയായിരുന്നു നമ്മൾ മലയാളികൾ. സ്പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വരോഗം ബാധിച്ച ഒന്നര വയസുകാരൻ മുഹമ്മദ് എന്ന കുഞ്ഞിനെ ചികിത്സിക്കാൻ ഒരു ഡോസ് 18 കോടി രൂപ വിലയുള്ള സോൾജെൻസ്മ എന്ന മരുന്നായിരുന്നു വേണ്ടത്.ഒരു കുഞ്ഞു കുട്ടിയുടെ ചികിത്സാ സഹായത്തിന് ആവശ്യമായ ഒരു മരുന്നിന്റെ വിലയായ 18 കോടി രൂപ എന്ന തുക ഏവരെയും ഞെട്ടിക്കുകയും ചെയ്തു. എന്നാൽ സുമനസുകളായ എല്ലാ മലയാളികളുടെയും ശ്രമത്തിൻ്റെ ഫലമായി ഈ തുക ശേഖരിക്കപ്പെട്ടു . അധികം വൈകാതെ തന്നെ കുട്ടിക്ക് മരുന്ന് ലഭ്യമാവുകയും ചെയ്യും.
എന്തുകൊണ്ടാണ് ഈ മരുന്നിന് ഇത്രയധികം രൂപ എന്ന് ചിന്തിക്കാത്തവരായി ആരും തന്നെ കാണില്ല .
വളരെ ചെലവേറിയ ഗവേഷണങ്ങൾക്കൊടുവിലാണ് ഇത്തരം മരുന്നുകൾ കണ്ടുപിടിക്കപ്പെടുന്നത്. കാരണം ഇതൊരു സാധാരണ മരുന്നല്ലാത്തതിനാൽ കൂടുതൽ ഗവേഷണങ്ങളും പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഈ മരുന്നുകളുടെ ആവശ്യക്കാരാകട്ടെ എണ്ണത്തിൽ വളരെ കുറവും. അതുകൊണ്ടുതന്നെ മുടക്കു മുതൽ തിരികെ ലഭിക്കാൻ മരുന്നു കമ്പനികൾക്ക് ഈ മരുന്നുകൾക്ക് വളരെ വലിയ വിലയിടേണ്ടി വരുന്നു. മാത്രമല്ല കണ്ടുപിടിക്കപ്പെട്ട് ഒരു നിശ്ചിത വർഷങ്ങളിലേക്ക് ഈ മരുന്ന് നിർമിക്കാൻ മറ്റു കമ്പനികളെ പേറ്റന്റ് നിയമങ്ങൾ അനുവദിക്കാത്തതിനാൽ മരുന്നു വിപണിയിൽ മൽസരങ്ങളും ഉണ്ടാകുന്നില്ല. അതുപോലെതന്നെ ഇതൊരു ജീൻ തെറാപ്പിയാണ്. അത് കണ്ടുപിടിക്കാനും ഉണ്ടാക്കിയെടുക്കാനും നിരവധി വർഷങ്ങളുടെ അധ്വാനം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇതിന്റെ മാർക്കറ്റ് തുലോം കുറവാണ്. അമേരിക്കയിൽ ആകെയുള്ളത് ഏകദേശം 20000 SMA രോഗികളാണ്. ഇതിൽ തന്നെ രണ്ടു വയസിൽ താഴെയുള്ളവർ ഏകദേശം 700 മാത്രം. ഒരു മാസം ജനിക്കുന്നത് ഏകദേശം 30 കുഞ്ഞുങ്ങൾ. റിസർച്ചിനും മരുന്നുണ്ടാക്കാനും ഉള്ള ചെലവ് തിരിച്ചു പിടിക്കാൻ വില കൂട്ടുക എന്ന വഴിയാണ് മരുന്ന് കമ്പനി കണ്ടത്, അതിൻ്റെ ഫലമായാണ് ഇത്രയധികം തുക കമ്പനി ആവശ്യക്കാരിൽനിന്നും ഈടാക്കുന്നത് .
ഈ മരുന്നിനേക്കാളേറെ കൗതുകകരമായ മറ്റൊരു കാര്യം ഈ മരുന്നുണ്ടാക്കിയ നൊവാർട്ടിസ് ഇന്റർനാഷണൽ എന്ന കമ്പനിയുടെ സിഇഒ ഒരു ഇന്ത്യൻ വംശജൻ, തമിഴ്‌നാട് സ്വദേശിയായ വസന്ത് നരസിംഹനാണ് . 1970ൽ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ തമിഴ്നാട്ടിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറി താമസിച്ചവരാണ്. 1976 ൽ അമേരിക്കയിലെ പെൻസിൽവാനിയയിൽ ഇദ്ദേഹം ജനിച്ചു . ഇന്ത്യക്കാരിയായ ശ്രിഷി ഗുപ്തയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.
ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോളജിക്കൽ സയൻസസിൽ ബിരുദവും ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് എംഡിയും ജോൺ എഫ്. കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടി. 2005 ൽ നൊവാർട്ടിസിൽ പ്രവർത്തനം ആരംഭിക്കുകയും , 2014 മുതൽ 2016 വരെ ഡെവലപ്പ്മെൻറ് ആൻഡ് നൊവാർട്ടിസ് ഫാർമസ്യൂട്ടിക്കൽസിന്റെ ഗ്ലോബൽ ഹെഡായും പ്രവർത്തിച്ചു .തുടർന്ന് 2016 മുതൽ 2018 വരെ അദ്ദേഹം കമ്പനിയുടെ ഗ്ലോബൽ ഹെഡ് ഓഫ് ഡ്രഗ് ഡെവലപ്പ്മെൻറ് ആൻഡ് ചീഫ് മെഡിക്കൽ ഓഫീസർ എന്നീ പദവികൾ വഹിച്ചു.2017 സെപ്റ്റംബർ 5 ന് ജോസഫ് ജിമെനെസിന്റെ പിൻഗാമിയായി നൊവാർട്ടിസിന്റെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യക്കാരൻ എന്ന നിലയിൽ ഇദ്ദേഹം ഇന്ത്യയുടെ അഭിമാനമാണ്. അതുകൂടാതെ മറ്റൊരു ആശ്ചര്യമായ കാര്യം ഇദ്ദേഹത്തിന്റെ ഒരുവർഷത്തെ സാലറി പതിനൊന്നര മില്യൻ യുഎസ് ഡോളർ ആണ് അതായത് ഒരു വർഷം ഇദ്ദേഹത്തിന് ഇന്ത്യൻ രൂപയിൽ ലഭിക്കുന്നത് ഏകദേശം 84 കോടി 63 ലക്ഷത്തി എഴുപത്തയ്യായിരം രൂപയാണ്. എല്ലാമാസവും ഏകദേശം ഏഴ് കോടി രൂപ . ഇത്രയേറെ ചിലവുള്ള മരുന്ന് എങ്ങനെ സാധാരണക്കാരായ രോഗാവസ്ഥയുള്ള കുരുന്നുകൾക്ക് ഉപയോഗിക്കാൻ പറ്റും എന്നുള്ള ഒരു മറുചോദ്യവും ഉയരുന്നുണ്ട്.
Be the first to comment