ആര്‍ക്കിടെക്റ്റിന്റെ ആത്മഹത്യ: റിപ്പബ്ലിക് ടിവി എഡിറ്റർ‌ അർണബ് ഗോസ്വാമി അറസ്റ്റിൽ

ഗൃഹവാസ്തുകലയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ഇന്റീരിയര്‍ ഡിസൈനര്‍ രാധാകൃഷ്ണന്‍ പറയുന്നു

കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?
കേരളത്തിലെ ഇപ്പോഴത്തെ വാസ്തുകലയുടെ പോസിറ്റീവ് വശം എന്നത്; കന്റംപ്രറി ശൈലിയുടെ നല്ലകാലമാണിത്. ഈ ശൈലിക്ക് ഇന്ന് ഏറെ പ്രചാരമുണ്ട്. നെഗറ്റീവായി പറഞ്ഞാല്‍ ഭാരപ്പെട്ട ഡിസൈനുകളും അമിതമായ വാസ്തു, ജ്യോതിഷ വിശ്വാസങ്ങളും അതുമൂലമുള്ള ഇടപെടലുകളും അകത്തളങ്ങളെ പലപ്പോഴും വികലമാക്കുന്നു. ഓരോരുത്തരുടെ താല്പര്യമാണ്. അതില്‍ നമുക്കൊന്നും പറയാനാകില്ല. സിംപ്ലിസിറ്റി, മിനിമലിസം ഇവയൊന്നും പലര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ല. ഞങ്ങളുടെ വീട് ഞങ്ങളുടെ പ്രതാപത്തിന്റെ ഒരു അടയാളമാകണം. അതിലൊന്നും കുറയാന്‍ പാടില്ല എന്നു ചിന്തിക്കുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്തുക സാധ്യമല്ല.

RELATED PROJECT: നല്ല ഡിസൈന്‍ കാലാതീതമാണ്


പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?
എനിക്ക് പരമ്പരാഗത കേരളീയശൈലിയും കന്റംപ്രറിശൈലിയും ഇഷ്ടമാണ്. കേരളീയശൈലിയുടെ പ്രത്യേകത നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുമെന്നതാണ്. നമ്മള്‍ മലയാളികളുടെ ഗൃഹാതുരത്വമാണ് അത്തരം നിര്‍മ്മിതികള്‍. എന്റെയൊക്കെ ചെറുപ്പത്തില്‍ അത്തരം വീടുകളായിരുന്നു കൂടുതലും. ആ കാഴ്ചകള്‍ ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. കന്റംപ്രറി ശൈലിയാണ് ഇന്ന് ഏറെ പ്രചാരമുള്ളത്. ഇത് ഇഷ്ടപ്പെടാനുള്ള കാരണം വീടിനുള്ളില്‍ നിറയെ വെളിച്ചമുണ്ടാവും. പരിപാലനം എളുപ്പമായിരിക്കും. ഡിസൈന്‍ സ്വാതന്ത്ര്യം ഉണ്ട്. വലിയ ഗ്ലാസ് ഓപ്പണിങ്ങുകള്‍ കൊടുത്താല്‍ പുറത്തെ മനോഹരമായ കാഴ്ചകളും കാറ്റും വെളിച്ചവും എല്ലാം ഉള്ളിലെത്തും. ഇത്തരം വീടുകളുടെ അകത്തളം നമ്മെ സ്വാഗതം ചെയ്യുന്നതായി അനുഭവപ്പെടും.

എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
വരും കാലം ക്ലൈമാറ്റിക്കല്‍ റെസ്‌പോണ്‍സീവ് കണ്‍സ്ട്രക്ഷന്‍ അഥവാ പരിസ്ഥിതിക്കനുയോജ്യമായ കെട്ടിട നിര്‍മ്മാണം, വീട് എന്നിവയ്ക്കാവും പ്രാധാന്യം. ചുരുക്കത്തില്‍ ഇനി വരാന്‍ പോകുന്നത് ഗ്രീന്‍ ബില്‍ഡിങ്ങുകളുടെ കാലമാണ്. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം എന്നാണ് എന്റെ അഭിപ്രായം. നിര്‍മ്മാണ അനുമതിക്കായി പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ അധികാരികള്‍ പലപ്പോഴും ഓരോന്നും എടുത്തുചോദിച്ച് ഉറപ്പു വരുത്താറുണ്ട്. നിയമങ്ങള്‍ എല്ലാം പാലിച്ചിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കാറുണ്ട്. അതുപോലെ ഭാവിയില്‍ ഗ്രീന്‍ റേറ്റിങ് പാലിച്ചിട്ടുണ്ടോ എന്നു കൂടി നോക്കുന്നതരം നിയമങ്ങള്‍ ഇവിടെ വരണം. നമ്മുടെ ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തരും കടപ്പെട്ടവരാണ്.

YOU MAY LIKE:  വെണ്‍മ നിറഞ്ഞ വീട്


ഒരു വീടിന്റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?
കാറ്റും വെളിച്ചവും തന്നെയായിരിക്കണം ഒരു വീട്ടില്‍ നിര്‍ബന്ധമായും ഉറപ്പാക്കേണ്ടത്.


ഒരു വീടിന്റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?
എത്ര സ്ഥലപരിമിതി ഉണ്ടെങ്കിലും ശരി കണ്‍ജസ്റ്റഡായും വെളിച്ചമില്ലാതെയും ഒരു വീടും പണിയരുത്. ഇന്നത്തെ കാലത്ത് സ്ഥലപരിമിതി ഒരു പരിമിതിയേയല്ല. നിന്നു തിരിയാന്‍ സ്ഥലമില്ലാത്തവിധം ഇരുളടഞ്ഞ അകത്തളങ്ങള്‍ അതില്‍ ജീവിക്കുന്നവരുടെ മാനസികാവസ്ഥയേയും നെഗറ്റീവായി ബാധിക്കും.


ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ ഏതു തരം വീടായിരിക്കും ചെയ്യുക?
തനി പരമ്പരാഗത കേരളീയശൈലി വീട്. ഇതിന്റെ പരിപാലനം പ്രയാസമായിരിക്കും. ബഡ്ജറ്റിന് പരിമിതിയില്ലാത്ത ആളിന് ഇത്തരമൊരുവീട് സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

പരിമിത ബഡ്ജറ്റുള്ള ക്ലയന്റിനു വേണ്ടി?
മേല്‍ക്കൂരയ്ക്ക് ഓട്, ഫ്‌ളോറിങ്ങിന് റെഡ് ഓക്‌സൈഡ്, എക്‌സ്‌പോസ്ഡ് ബ്രിക്ക്, ഹുരുഡീസ്, ജാളിവര്‍ക്ക്, ഇവയെല്ലാം ചേര്‍ത്ത് കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും വീടു വയ്ക്കുന്നയാളുടെ പോക്കറ്റിനിണങ്ങുന്നതുമായ ഒരു ട്രോപ്പിക്കല്‍ ഡിസൈന്‍ വീട്.

ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ആധുനികമായ മെറ്റീരിയല്‍?
റാപ്പിഡ് വാള്‍. അടുത്ത കാലത്ത് ബ്ലാംഗ്ലൂരില്‍ ഒരു വീട് ചെയ്തപ്പോള്‍ ഈ രീതിയാണ് ഉപയോഗിച്ചത്. വളരെ ഫലവത്തായി തോന്നി.

ഏതെങ്കിലും പ്രോജക്റ്റില്‍ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം?
നിര്‍മ്മാണത്തിന് ബ്രിക്കുകള്‍ക്കു പകരം, എക്‌സ്‌പോസ്ഡ് കോണ്‍ക്രീറ്റ് ഉപയോഗിക്കണം. 4 ഇഞ്ച് കനത്തിലുള്ള കോണ്‍ക്രീറ്റ് വാളുകള്‍ അതേപടി നല്‍കിക്കൊണ്ട് ഒരു പ്രോജക്റ്റ്. ചുമരുകളില്‍ വാതിലുകളും ജനാലകളും മാത്രമേ ഉണ്ടാവൂ.

സ്വന്തം വീടിനെക്കുറിച്ച്?
വെറും രണ്ടര സെന്റില്‍ മികച്ച നാച്വറല്‍ ലൈറ്റും, കാറ്റും നിറയുന്ന കൊച്ചു വീടാണെന്റേത്. തൊട്ടടുത്തുള്ള പുഴയിലേയ്ക്കുള്ള കാഴ്ചയെ ഗ്ലാസ് ഓപ്പണിങ്ങുകള്‍ നല്‍കി വീടിനുള്ളില്‍ എത്തിച്ചു. വാതിലുകളും ജനാലകളും തുറന്നിട്ടാല്‍ വീടിനുള്ളില്‍ സദാ കാറ്റിന്റെ സുഗമസഞ്ചാരമുണ്ട്. ചെറുതെങ്കിലും പരമാവധി തുറസ്സായ നയത്തിലാണ് അകത്തളം. ഭിത്തികള്‍ ബെഡ്‌റൂമിനു മാത്രം. ഓപ്പണ്‍ ടെറസ്, ചെടികളുടെ സാന്നിധ്യം ഇവയെല്ലാമുണ്ട്. പരിപാലനവും വളരെയെളുപ്പം. ആവശ്യമില്ലാത്ത ഒരു ഏരിയ പോലുമില്ല. ഭാരപ്പെട്ട ഇന്റീരിയര്‍ വര്‍ക്കുകളും ഇല്ല.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: രാധാകൃഷ്ണന്‍, എസ്.ഡി.സി. ആര്‍ക്കിടെക്റ്റ്‌സ്, തിരുവനന്തപുരം. ഫോണ്‍ : 9387801110, 9447206623.

Be the first to comment

Leave a Reply

Your email address will not be published.


*